Celebrities

‘ഞാന്‍പോലും പ്രതീക്ഷിക്കാതെ കിട്ടിയതാണ് എനിക്ക് ഈ ഗിന്നസ് റെക്കോര്‍ഡ്’: ഗിന്നസ് പക്രു

ഇവിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിയാല്‍ അങ്ങോട്ട് മാറി നില്‍ക്കാന്‍ പറയും

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ട ചുരുക്കം മലയാളികളില്‍ ഒരാളാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാര്‍. മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത ഇദ്ദേഹം പ്രേക്ഷകര്‍ക്കിടയില്‍ വളരെ പ്രിയങ്കരനാണ്. ഇപ്പോള്‍ ഇതാ താന്‍ എങ്ങനെയാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നത് എന്ന കഥ പറയുകയാണ് ഗിന്നസ് പക്രു. അനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടാന്‍ വേണ്ടി പലരും ചെയ്യുന്ന കാര്യങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടിയിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുകളില്‍ കൂടെ കയര്‍ കെട്ടി അതിന്റെ മുകളില്‍ കൂടി നടക്കുന്നു. മൂന്നാല് പ്രാവശ്യം മൂന്നാലഞ്ച് പേര് ഇങ്ങനെ മരിച്ചിട്ടുണ്ട്. അതുപോലെ വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുക, സേഫ്റ്റി ഒന്നുമില്ലാതെ. അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍.. ഇത്രയും റിസ്‌ക് പിടിച്ച കാര്യങ്ങള്‍ ചെയ്തിട്ട് പോലും അവര്‍ക്ക് ചിലപ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് കിട്ടില്ല. ഞാന്‍ ചെയ്തത് ഒരു സിനിമയില്‍ അഭിനയിച്ചു. എന്ന് പറയുമ്പോള്‍ ആ സിനിമയാണ് ശരിക്കും ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ വരേണ്ടത്. കാരണം ഒരു രാജ്യത്ത് ഒരു സ്റ്റേറ്റില്‍ നിന്ന് ഇത്രയും ആള്‍ക്കാര്‍ അതായത് 360 പേരും കേരളത്തില്‍ നിന്നുള്ളവരാണ് ഹൈറ്റ് കുറഞ്ഞ ആള്‍ക്കാരാണ്.’

‘അപ്പോള്‍ അത്രയും ആള്‍ക്കാരെ വെച്ച് ഒരു സിനിമ എന്ന് പറയുമ്പോള്‍ അതൊരു റെക്കോര്‍ഡ് തന്നെയാണ്. പക്ഷേ അതിനകത്ത് ചില ഗ്രാഫിക്സ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അമ്പിളി ചേട്ടനെ ചെറുതാക്കിയൊക്കെ കാണിച്ചിട്ടുണ്ട്. അപ്പോള്‍ എന്നെ അവര് വട്ടമിട്ട് ചോദിച്ചു എന്നെയും നീളം കുറച്ചതാണോ എന്ന്. അപ്പോള്‍ പറഞ്ഞു, ഇത് ഒറിജിനല്‍ ആണ്. അപ്പോള്‍ അവര് കണ്ടുപിടിച്ച കാര്യമാണ് ഒരു വലിയ നായകന്‍ ചെയ്യേണ്ട എല്ലാ കാര്യവും ചെയ്ത, ലീഡ് റോള്‍ ചെയ്ത ചെറിയ നായകന്‍. അങ്ങനെ ഞാന്‍ പോലും അപേക്ഷിക്കാതെ ഞാന്‍പോലും പ്രതീക്ഷിക്കാതെ കിട്ടിയതാണ് എനിക്ക് ഈ റെക്കോര്‍ഡ്.’

‘എന്നെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനായിട്ട് ബിബിസി യുകെയില്‍ നിന്ന് വീട്ടില്‍ വന്നിട്ട് നമ്മുടെ കാര്യങ്ങളും സിനിമയുടെ കാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞു. അങ്ങനെ അവരാണ് ഇത് അയച്ചത്. അങ്ങനെ സത്യത്തില്‍ ഒരു ചിലവും ഇല്ലാതെ ഒരു കഷ്ടപ്പാടും ഇല്ലാതെ ഗിന്നസ് ബുക്കില്‍ കയറിയ ആള് ഞാനാണ്. ആ റെക്കോര്‍ഡ് ചിലപ്പോള്‍ എനിക്ക് ആയിരിക്കും. റെക്കോര്‍ഡ് വന്നപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എനിക്ക് റെക്കോര്‍ഡ് കിട്ടിയെന്ന്. ഓസ്‌കാര്‍ അവാര്‍ഡ് പോലെ തന്നെ ഒരു ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് ആണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ഇപ്പോള്‍ നമ്മള്‍ അമേരിക്കയിലും ലണ്ടനിലും ഒക്കെ ചെന്നിട്ട് എന്നെപ്പറ്റി പരിചയപ്പെടുത്തുമ്പോള്‍ ഗിന്നസ് റെക്കോര്‍ഡില്‍ കയറിയ ആള്‍ ആണെന്ന് പറയുമ്പോള്‍ അവരുടെ ഭാവമൊക്കെ മാറും. അപ്പോള്‍ പിന്നെ അവിടെ വലിയ വിഐപി ട്രീറ്റ്മെന്റ് ആണ് കിട്ടുന്നത്. ഇവിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിയാല്‍ അങ്ങോട്ട് മാറി നില്‍ക്കാന്‍ പറയും.’ഗിന്നസ് പക്രു പറഞ്ഞു.

story highlights: Guinness Pakru about his record