ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യ മഹാരാജ്യത്ത് ആണെന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്രപേര്‍ വിശ്വസിക്കും? പക്ഷേ സത്യമതാണ്. രാജ്യത്തെ മുന്‍നിര ബിസിനസ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഗുജറാത്തിലെ കച്ചില്‍ മധാപര്‍ എന്ന ഗ്രാമമാണ് സമ്പന്നതയുടെ പേരില്‍ ഇന്ന് ലോകം അറിയുന്നത്. ഒരു ഗ്രാമം എന്നാണ് പറയുന്നതെങ്കിലും ഇവിടുത്തെ ആളുകളുടെ സ്ഥിരനിക്ഷേപം മാത്രം ഏതാണ്ട് 7000 കോടി രൂപ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ വളരെ കൗതുകമാര്‍ന്ന മറ്റൊരു കാര്യം കൂടി ഈ ഗ്രാമത്തിന് അവകാശപ്പെടാം.ഈ ഗ്രാമത്തില്‍ ആകെ 17 ബാങ്കുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്! പ്രമുഖ പൊതു സ്വകാര്യമേഖലാ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്‌സി, പിഎന്‍ബി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ എല്ലാം ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇനി എങ്ങനെയാണ് ഈ ഗ്രാമം ഇത്രയും വലിയ സമ്പന്നമായതെന്ന് അറിയണ്ടേ? ഈ ഗ്രാമത്തിന്റെ സമ്പത്തിന് കാരണം ഇവിടെ നിന്ന് വിദേശത്തു പോയി ബിസിനസ് ചെയ്യുന്നവരാണ്. ഇത്തരം കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമത്തിലെ ബാങ്കുകളിലും, പോസ്റ്റോഫീസുകളിലുമായി കോടിക്കണക്കിന് രൂപയാണ് നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.
മാധാപറില്‍ ഏകദേശം 20,000 വീടുകളാണുള്ളത്. ഈ ഗ്രാമത്തിലെ ഏകദേശം 1,200 കുടുംബങ്ങളും വിദേശത്താണ്. കൂടുതലായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. മധ്യ ആഫ്രിക്കയിലെ നിര്‍മാണ മേഖലയില്‍ ഗുജറാത്തികള്‍ക്ക് വലിയ ആധിപത്യമാണുളളതെന്ന് തന്നെ പറയാം. ഈ ഗ്രാമത്തിലുള്ളവരിലും നല്ലൊരു പങ്കും ആഫ്രിക്കന്‍ രാജ്യങ്ങളിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പലരും യു.കെ, ആസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലണ്ട് എന്നിവിടങ്ങളിലൊക്കെയാണ് താമസമാക്കിയിരിക്കുന്നത്.
STORY HIGHLIGHTS: Asias Richest Village, Madhapar