ആശങ്ക പരത്തുന്ന രീതിയിലുള്ള പല വീഡിയോകളും ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ വലിയ ഒരു പ്രശ്‌നമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീഡിയോ ആണ് ഇത്. ഈ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം കൊണ്ടുവന്ന അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതാണ് വാര്‍ത്ത. ഇതേതുടര്‍ന്നുണ്ടായ കുട്ടിയുടെ മാതാവിന്റെയും പ്രിന്‍സിപ്പലിന്റെയും ഒരു സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്ത ആയിരിക്കുന്നത്.
‘ഞങ്ങളുടെ ക്ഷേത്രങ്ങള്‍ പൊളിച്ച് സ്‌കൂളില്‍ നോണ്‍വെജ് കൊണ്ടുവരുന്ന ഇത്തരം സദാചാരങ്ങള്‍ ഉള്ള കുട്ടികളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’എന്നാണ് പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മയോട് പറയുന്നത്. കൂടാതെ കുട്ടി തുടര്‍ച്ചയായി നോണ്‍വെജ് ഭക്ഷണം സ്‌കൂളില്‍ കൊണ്ടുവരുന്നു എന്നും പ്രിന്‍സിപ്പല്‍ കുറ്റപ്പെടുത്തി. എന്നാല്‍ കുട്ടിയുടെ അമ്മ ഇതിനെയെല്ലാം എതിര്‍ത്തുകൊണ്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളെ ഹിന്ദു മുസ്ലിം പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണെന്നാണ് മാതാവ് പറയുന്നത്. രാവിലെ മുതല്‍ തന്റെ കുട്ടിയെ ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
വീഡിയോ പുറത്തായതോടുകൂടി വലിയ വിമര്‍ശനമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നേരെ ഉയരുന്നത്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളിന്റെ അഫിലിയേഷന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അംറോഹയുടെ മുസ്ലിം കമ്മിറ്റി ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് അയച്ചു. അംറോഹി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും ഈ വീഡിയോ ശ്രദ്ധിച്ചു. പ്രതികരിക്കുകയും ചെയ്തു. ജില്ലാ സ്‌കൂള്‍ സൂപ്രണ്ട് അടിയന്തര നടപടികള്‍ സ്വീകരിച്ചു എന്നും പ്രശ്‌നം കൂടുതല്‍ അന്വേഷിക്കാന്‍ ഒരു സംഘത്തെ രൂപീകരിച്ചു എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
STORY HIGHLIGHTS: UP Principal Expels Student Over Non-Veg Lunch