Celebrities

പെണ്ണായതു കൊണ്ട് ആദ്യം എന്നെ രക്ഷപ്പെടുത്തി; അവർക്ക് ഫഹദ് എത്ര വലിയ നടൻ ആണെന്ന് അറിയില്ലായിരുന്നു | namitha pramod

ലൈഫ് ജാക്കറ്റൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ രണ്ട് സ്ഥലത്തേക്ക് തെറിച്ചു വീണു

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച സിനിമയിലെ രസകരമായൊരു ഓര്‍മ്മ പങ്കിട്ട് നടി നമിത പ്രമോദ്. ഷൂട്ടിനിടെ കടലില്‍ വീണതിന്റെ ഓര്‍മ്മകളാണ് നമിത പങ്കുവെക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ വിത്ത് കോമഡിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത. അവര്‍ക്ക് മലയാള സിനിമയോ ഫഹദ് ഇത്രയും വലിയ നടനാണെന്നുമൊന്നും അറിയില്ല. അതിനാല്‍ ഫഹദിനെ രക്ഷപ്പെടുത്തിയില്ല. കുറേ കഴിഞ്ഞാണ് ഫഹദിനെ രക്ഷിക്കുന്നത് എന്നാണ് നമിത പറയുന്നത്.

”റോള്‍ മോഡല്‍സിലാണ് സംഭവം. റാഫിക്ക സംവിധാനം ചെയ്ത സിനിമയാണ്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ചെയ്യുന്നയാളാണ് എന്റെ കഥാപാത്രം. ജെറ്റ്‌സ്‌കി ഓടിക്കുന്നതൊക്കെയുണ്ട്. എനിക്ക് ഇഷ്ടമാണ്, പക്ഷെ ചെറിയ പേടിയുണ്ടായിരുന്നു. അതിനാല്‍ മൂന്നാല് ദിവസം ട്രെയ്‌നിംഗ് തന്നിരുന്നു. ഗോവയിലായിരുന്നു ഷൂട്ട്. സാധാരണ ജെറ്റ്‌സ്‌കി ഓടിക്കുന്ന സമയം ട്രെയ്‌നര്‍ പിന്നില്‍ ഇരിപ്പുണ്ടാകും. പക്ഷെ സിനിമയില്‍ ഞാന്‍ തന്നെ ഓടിക്കണമായിരുന്നു” നമിത പറയുന്നു.

”ജെറ്റ്‌സ്‌കി ഓടിക്കുമ്പോള്‍ തിരമാലകളെ കട്ട് ചെയ്താണ് പോകേണ്ടത്. തിരമാലകള്‍ വരുന്നതിന് മുമ്പ് തന്നെ അടുത്ത സ്ഥലത്തേക്ക് പോകണം. ഒരു തവണ വലിയ തിരമാല വന്നു. ജെറ്റ്‌സ്‌കിയേയും മറി കടന്നു പോകുന്ന തരത്തിലുള്ള വലിയ തിരമാല. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്ത് ചെയ്യണമെന്ന് ഫഹദിനോട് ചോദിച്ചു. ഓടിക്ക് ഓടിക്ക് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ നേരെ ഓടിച്ച് കേറ്റുന്നത് തിരമാലയുടെ ഉള്ളിലേക്കായിരുന്നു.

ലൈഫ് ജാക്കറ്റൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ രണ്ട് സ്ഥലത്തേക്ക് തെറിച്ചു വീണു. മുങ്ങിപ്പൊങ്ങി. രക്ഷിക്കൂ രക്ഷിക്കൂ എന്ന് ഞങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.പക്ഷെ ഞങ്ങള്‍ അഭിനയിക്കുകയാണെന്ന് കരുതി തീരത്തുള്ള ആരും തന്നെ വന്നില്ല. വീണ്ടും നിലവിളിച്ചതോടെ എന്തോ പ്രശ്‌നം തോന്നിയതിനാല്‍ ഗൈഡുകള്‍ വന്ന് രക്ഷപ്പെടുത്തി. പെണ്ണായതു കൊണ്ട് എന്ന് ആദ്യം തന്നെ രക്ഷപ്പെടുത്തി. അവര്‍ക്ക് മലയാള സിനിമയോ ഫഹദ് ഇത്രയും വലിയ നടനാണെന്നുമൊന്നും അറിയില്ല. അതിനാല്‍ ഫഹദിനെ രക്ഷപ്പെടുത്തിയില്ല. കുറേ കഴിഞ്ഞാണ് ഫഹദിനെ രക്ഷിക്കുന്നത്.” എന്നാണ് നമിത പറയുന്നത്.

മലയാളത്തിലെ മറ്റൊരു യുവതാരമായ പൃഥ്വിരാജിനൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്. ആ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ‘ഇന്ദേട്ടനും ജയേട്ടനും രാജുവേട്ടനും ഒക്കെ ബൈക്കില്‍ ഇരിക്കുകയാണ്. ഞാന്‍ മെല്ലെ നടന്നു ചെന്ന് രാജുവേട്ടനോട്, ചേട്ടാ ഞാന്‍ ചെറുപ്പം മുതലേ ചേട്ടന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ ചേട്ടന്റെ ഭയങ്കര ഫാനാണ് എന്ന് പറഞ്ഞു. അത് കേട്ടതും രാജുവേട്ടന്റെ മുഖഭാവം മാറി. ഉടനെ ഇന്ദ്രേട്ടന്‍ ചോദിച്ചു, എത്രാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്ന്, അഞ്ച് എന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു’ എന്നാണ് നമിത പറഞ്ഞത്.

അതേസമയം അഭിനേത്രിയായ നമിത ഓഫ് സ്‌ക്രീനില്‍ മറ്റൊരു മേഖലകളിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. റസ്‌റ്റോറന്റ് രംഗത്തും ക്ലോത്തിംഗ് രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. രണ്ട് ബിസിനസും നന്നായി പോകുന്നതായാണ് താരം പറയുന്നത്.

content highlight: namitha-pramod-shares-a-funny-jet-ski-accident

Latest News