Celebrities

മലയാളത്തിന്റെ വല്ല്യേട്ടന്‍; മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാള്‍

നാല് പതിറ്റാണ്ടിലേറെയായി സിനിമ പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.

കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങി. തുടര്‍ന്ന് മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന്‍ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 20-ാം വയസിലാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന് ആദ്യാക്ഷരം കുറിക്കുന്നത്. അടങ്ങാത്ത ആവേശത്തോടൊപ്പം ഒരു യുവാവിന്റെ എല്ലാ ചടുലതകളോടും കൂടി വെള്ളിത്തിരയിലേക്ക് ഓടിക്കയറിയ മമ്മൂട്ടി ഇന്ന് അരനൂറ്റാണ്ട് പിന്നിട്ട് നില്‍ക്കുമ്പോളും അതേ ആര്‍ജവത്തോടെ എല്ലാ സിനിമാ പ്രേമികളുടെയും മനസില്‍ മിന്നും താരമായി നിറഞ്ഞുനില്‍ക്കുന്നു.

1971 ഓഗസ്റ്റ് 6, മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി ആദ്യമായി ബിഗ്‌സ്‌ക്രീനില്‍ നിറഞ്ഞ ദിവസം. മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതികളായ സത്യന്‍ മാഷിന്റെയും പ്രേം നസീറിന്റെയും ഷീലാമ്മയുടെയും ബഹദൂറിന്റെയുമൊപ്പം വെള്ളിത്തിരയില്‍ ഹരിശ്രീ കുറിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന് കരിയറില്‍ ലഭിച്ച ആദ്യത്തെ സൗഭാഗ്യം. സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് അഭിനയത്തില്‍ ആദ്യാക്ഷരം കുറിച്ചു. പിന്നീടിങ്ങോട്ട് അത് എങ്ങുംതന്നെ പിഴച്ചില്ല, അഭിനയം ജീവനും ജീവിതവുമാക്കി അദ്ദേഹം ഇന്ന് മലയാളികളുടെ സ്വന്തമായി മാറി. വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെക്കുന്നത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ. ശരിക്കും പറഞ്ഞാല്‍ കാലെടുത്ത് വെച്ച് നടന്നല്ല, പകരം ഓടിക്കയറുകയായിരുന്നു. അതെ, ബഹുദൂറിനൊപ്പം ഓടി വരുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഷോട്ട്.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ സെറ്റില്‍ ചാന്‍സ് ചോദിച്ചുവന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ മമ്മൂട്ടിയെ സിനിമയുടെ സംവിധായകന്‍ കെ എസ് സേതുമാധവന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കൃത്യമായി ഓര്‍ത്തെടുത്തിരുന്നു. സിനിമയില്‍ അവസരം ചോദിച്ചെത്തിയ മമ്മൂട്ടിയോട് സേതുമാധവന്‍ പറഞ്ഞത് ആദ്യം ശരീരം മെച്ചപ്പെടുത്തു എന്നായിരുന്നു. അന്ന് അദ്ദേഹം ആ രണ്ട് ഷോട്ടുകള്‍ നലകിയപ്പോള്‍ ചിന്തിച്ചിട്ട് പേലുമുണ്ടാകില്ല, താന്‍ ആദ്യാക്ഷരം കുറിപ്പിക്കുന്നത് മലയാളത്തെ താങ്ങി നിര്‍ത്താന്‍ പോകുന്ന കൈകള്‍ക്കാണെന്ന്. ഏതാനും സെക്കന്റുകള്‍ മാത്രം മിന്നിമാഞ്ഞുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പേരില്‍ ഒരു സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുകയാണെങ്കില്‍ അതൊരു ചരിത്രം തന്നെയാണ്. കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും ചരിത്രം.

മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടിയെ ആറ് തവണ തേടിയെത്തി. അഭിനയത്തില്‍ 53 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന ഇതിഹാസം.