ഹൃദയരാഗം
ഭാഗം 51
അത്രയ്ക്ക് ആ പാവം നിന്നെ സ്നേഹിക്കുന്നുണ്ട്, അവനെക്കുറിച്ച് കള്ളങ്ങൾ ഉണ്ടാക്കാൻ നീ ആരെയൊക്കെയാണ് കൂട്ടുപിടിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി…
തനിക്ക് ഒരു മുഴം മുൻപേ വിവേക് എറിഞ്ഞിട്ടുണ്ട് എന്ന് ദിവ്യയ്ക്ക് മനസ്സിലായിരുന്നു… ഒന്നും സംസാരിക്കാൻ കഴിയാതെ മരവിച്ച അവസ്ഥയിൽ ആയിരുന്നു ദിവ്യ..
” അച്ഛൻ എന്ത് അറിഞ്ഞിട്ട് ആണ് ഈ പറയുന്നത്.. അയാൾ എന്തൊക്കെയോ അച്ഛനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് ആണ്… എനിക്ക് അറിയില്ല എന്താണെന്ന്…. വിശ്വസിക്കരുത് അയാളെ …
ദിവ്യയുടെ വാക്കുകൾ ആ വീട്ടിൽ പ്രതിധ്വനിച്ചു….
” പിന്നെ ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത്…? നിന്നെയോ ഒരു അല്പം പോലും എന്റെ സ്നേഹത്തിനു വില തരാത്ത നിന്നെ ഞാൻ വിശ്വസിക്കണം അല്ലെ…? കണ്ട കോളനിക്കാരുടെ വീട്ടിൽ കയറി ഇറങ്ങുന്ന നിന്നെ ഞാൻ പ്രോത്സാഹിപ്പിക്കണോ…? ഇതുവരെ വേദനിപ്പിച്ചിട്ടില്ല ഞാൻ, അതിന്റെ ശിക്ഷയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്…. ഒന്നു മാത്രം അറിഞ്ഞാൽ മതി, നീയും അവനും തമ്മിൽ പ്രേമത്തിൽ ആണോ…? ഞാൻ കേട്ട കഥകളൊക്കെ സത്യമാണോ…?
കണ്ണുനീർ തുടച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി ഉറച്ച മനസ്സോടെയാണ് അവൾ പിന്നീട് സംസാരിച്ചത്….
” അച്ഛൻ കേട്ടതൊക്കെ സത്യമാണ്…! പറഞ്ഞത് അയാൾ ആണെങ്കിൽ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ സത്യങ്ങൾ അല്ലാതെ കുറച്ചു സത്യങ്ങൾ കൂടിയുണ്ട്… ഞാനും അനുവേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണ്, പക്ഷെ അയാൾ പറഞ്ഞതുപോലെ എന്റെ സ്വത്ത് മോഹിച്ചു വന്നതല്ല, വർഷങ്ങളായി ഞാൻ പിന്നാലെ നടന്നത് ആണ്…. എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു ആളെ, അനുവേട്ടന്റെ കൂടെ ഉള്ള ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എനിക്ക് എന്ന് ഉറപ്പാണ്….
” കണ്ടോടി വളർത്തി വലുതാക്കി വെച്ചതിന്റെ ഗുണങ്ങൾ കണ്ടോ..?
സുഭദ്രയുടെ മുഖത്തേക്ക് നോക്കി അയാൾ അത് പറഞ്ഞപ്പോൾ കരയാൻ അല്ലാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല…
” എന്തൊക്കെയാ അസത്തെ നീ പറയുന്നത്…
അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ട് സുഭദ്ര ചോദിച്ചു,
” ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ കുറ്റം ആണോ…? സ്നേഹിച്ച ആൾക്ക് ഒപ്പം ജീവിക്കണം എന്ന് പറയുന്നത് വലിയ മഹാപാപം ആണോ..? എനിക്ക് മനസ്സിലാകുന്നില്ല,
ദിവ്യയ്ക്ക് സഹികെട്ടു…
” ഒരു കാര്യം മനസ്സിലാക്കുക എന്റെ ജീവിതമാണ് എനിക്ക് വിവേകിനെ ഇഷ്ടമല്ല, ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയുകയുമില്ല…. എനിക്കിഷ്ടമുള്ള ആളിനൊപ്പമല്ലേ ഞാൻ ജീവിക്കേണ്ടത്…? അല്ലാതെ നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് ഞാൻ ജീവിക്കണോ..?
ദിവ്യ ചോദിച്ചു…
” നിന്റെ ഇഷ്ടം ചോദിച്ചിട്ടല്ല 22 വയസ്സ് വരെ നിന്റെ ഒരു കാര്യങ്ങളും ഞാൻ ചെയ്തിട്ടുള്ളത്, എന്റെ മക്കൾക്ക് വേണ്ടി ഞാൻ എന്നും നല്ല കാര്യങ്ങൾ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ… അതിൽ എനിക്കൊരു തെറ്റും പറ്റിയിട്ടില്ല, നിന്റെ ഇഷ്ടം ചോദിച്ചിട്ടാണോ ഇത്രയും കാലം നിന്നെ ഞാൻ വളർത്തിയത്…? നിന്റെ ഇഷ്ടം ചോദിച്ചിട്ടാണോ നല്ല സ്കൂളിലും കോളേജിലും ഒക്കെ നിന്നെ വിട്ടത്… നിന്റെ ഇഷ്ടം ചോദിച്ചിട്ടാണോ നല്ല ഭക്ഷണവും വസ്ത്രവും നിനക്ക് നൽകിയത്..? അത് എന്റെ കടമയായിരുന്നു, അതുപോലെതന്നെ വിവാഹം കടമയാണ്… നീ തിരഞ്ഞെടുക്കുന്നതിലും ഒരുപടി മുകളിലെ ഞാൻ തിരഞ്ഞെടുക്കു, വിവേകിനെ നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട…. ഇഷ്ടപ്പെടുന്ന മറ്റാരെ വേണമെങ്കിലും വിവാഹം കഴിക്കാം, കോളനിയിലെ ആ ചെറുക്കനെ ഒഴിച്ച്,
വിശ്വൻ അവസാനതീരുമാനം പറഞ്ഞു..
” അച്ഛാ എനിക്ക് മറ്റാരെയും ഇഷ്ടമല്ല, ഈ ജീവിതത്തിൽ എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് അനൂവെട്ടൻ മാത്രമായിരിക്കും…
“നിന്റെ വാശിയാണോ..?
അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…
“വാശിയല്ല… തീരുമാനം, അല്ലെങ്കിൽ അപേക്ഷ,
” എങ്കിൽ ഒരു മാസത്തിനുള്ളിൽ നിന്റെ കല്യാണം വിവേകും ആയിട്ട് തന്നെ ഞാൻ നടത്തിയിരിക്കും,
ഒന്നും മിണ്ടാതെ വിശ്വൻ അകത്തേക്ക് പോയപ്പോൾ ദീപക് ഒഴികെ ബാക്കി എല്ലാവരും അവളെ ഒരു തെറ്റുകാരി പോലെ നോക്കിയാണ് നടന്നു നീങ്ങിയത്….. കണ്ണുനീർ കവിളിനെ മൂടിയപ്പോഴേക്കും അവൾ മുറിയിലേക്ക് ഓടിയിരുന്നു… ഒന്നും മിണ്ടാതെ കഥകടച്ചു കുറ്റിയിട്ടു, വേഗം ഫോണെടുത്ത് മെസ്സേജ് അയച്ചു….
വിളിക്കാനുള്ള മെസ്സേജ് കണ്ടപ്പോൾ തന്നെ അനന്തുവിന്റെ കോൾ എത്തിയിരുന്നു… കണ്ണുനീർ ശകലങ്ങളോടെയാണ് ആ ഫോൺ കോൾ അവനെ വരവേറ്റത്,
“..എന്താ ദിവ്യ…? എന്തുപറ്റി..?
അവളുടെ എങ്ങലടി കേട്ടപ്പോൾ തന്നെ അവന്റെ ഉള്ളിലൊരു വേദന നാമ്പിട്ടിരുന്നു…
” അച്ഛൻ എല്ലാം അറിഞ്ഞു.. എന്നോട് ചോദിച്ചു, ആരോ പറഞ്ഞു… അനുവേട്ടൻ എന്നെക്കൊണ്ട് ബൈക്കിൽ അവിടെ വന്നുവെന്നു.പിന്നെ വിവെകും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്… നന്നായിട്ട് അച്ഛനെ എരികയറ്റിട്ടുണ്ട്, അച്ഛൻ ഭയങ്കര വഴക്ക് ആയിരുന്നു… ഒരുമാസത്തിനുള്ളിൽ എന്റെ കല്യാണം വിവേക് ചേട്ടനും ആയിട്ട് നടക്കും എന്നൊക്കെ പറഞ്ഞു, ഇതിനു മുൻപ് ഇത്രയും ദേഷ്യത്തോടെ അച്ഛനെ കണ്ടിട്ടില്ല…. അച്ഛൻ പറഞ്ഞതുപോലെ തന്നെ ചെയ്യും, എനിക്ക് പേടിയാവുന്നു…
” നീ വിഷമിക്കാതെ…. ചിലപ്പോൾ ഒരു വാശിയുടെ പുറത്തു പറഞ്ഞതായിരിക്കും, ഒരു മാസം കൊണ്ട് വിവാഹം നടത്തുമെന്ന് ഒക്കെ,
” അല്ല അച്ഛൻ അങ്ങനെ പറഞ്ഞോ അത് ചെയ്തിരിക്കും…. ഉറപ്പ് ആണ്… പൊതുവേ എല്ലാവരോടും വളരെ സ്നേഹത്തോടെ സംസാരിക്കുന്നത്, ഇതുവരെ ഇത്രയും ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല… ഇതിപ്പോ എനിക്ക് പേടിയാവുന്നു… എന്തൊക്കെ കളി വിവേക് കളിക്കുന്നുണ്ട്, മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നാൽ ഒരു നിമിഷം പോലും പിന്നെ ജീവിച്ചിരിക്കില്ല…
എങ്ങലടിയോട് അവൾ പറഞ്ഞു…
” ദിവ്യ…………
എന്തൊക്കെയാണ് നീ പറയുന്നത്…? ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നിന്റെ കഴുത്തിൽ മറ്റാരും താലികെട്ടില്ല…. അതിനു മാത്രം ഒന്നും സംഭവിച്ചില്ല, നിന്റെ അച്ഛനല്ലേ… ഒന്ന് വഴക്ക് പറഞ്ഞു ഏതൊരു അച്ഛനും ഒരു പുരുഷനൊപ്പം മകളെ കണ്ടു എന്ന് അറിഞ്ഞാൽ ചെയ്യാവുന്ന കാര്യങ്ങളൊക്കെ അച്ഛനും ചെയ്തുള്ളൂ, അതിന്റെ പേരിൽ നീ ഇങ്ങനെ പറയാമോ….?
അനന്ദു ശാസിച്ചു…
” അച്ഛൻ എന്നെ വഴക്ക് പറഞ്ഞതല്ല എന്റെ പ്രശ്നം… ഞാൻ ഇത്രയൊക്കെ അയാളെപ്പറ്റി പറഞ്ഞിട്ടും ഒന്നും മനസ്സിലാവാത്ത പോലെ എന്നോട് ഒരു മാസം കഴിഞ്ഞാൽ ഉടൻ തന്നെ കല്യാണം കഴിപ്പിക്കുമെന്നു പറഞ്ഞതാണ്…..
” നിന്റെ അച്ഛന്റെ മാനസികാവസ്ഥ കൂടി നീ ഒന്നു മനസ്സിലാക്കു… അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ പെങ്ങളുടെ മകൻ ആണിത്, അവൻ പറയുന്നത് അത്രത്തോളം വിശ്വാസ്യതയോടെ ആ മനുഷ്യൻ എടുക്കു….
” എനിക്ക് പേടിയാവുന്നു, എനിക്ക് ഒരു സമാധാനം തോന്നുന്നില്ല… ഞാൻ ഇറങ്ങി വന്നാൽ അനു ചേട്ടൻ എവിടെയെങ്കിലും കൊണ്ടുപോകുമോ..?
ഒരു നിമിഷം അവളുടെ ചോദ്യം അവനിലും ഒരു അമ്പരപ്പ് സൃഷ്ടിച്ചിരുന്നു…… ഇതുവരെ അങ്ങനെയൊന്നും സംസാരിക്കാത്തയാളാണ്, അത്രമാത്രം മനസ്സിൽ വേദന നിറഞ്ഞിട്ടുണ്ട് എന്ന് അവന് മനസ്സിലായിരുന്നു…..
” ഇല്ല…..!
അവന്റെ ആ മറുപടിയിൽ അവൾ തകർന്നു പോയിരുന്നു…
” അനുവേട്ടാ….
വിശ്വാസം വരാതെ അവൾ ഒരിക്കൽ കൂടി വിളിച്ചു, നിന്റെ അച്ഛന്റെ മനസ്സ് വിഷമിപ്പിച്ച് ഞാൻ നിന്നെ എവിടേക്കും കൊണ്ടുപോവില്ല…. അതാണോ നീ ആഗ്രഹിക്കുന്നത്…? അല്ലെന്ന് എനിക്ക് നന്നായി അറിയാം, ഞാൻ നാളെ നിന്റെ വീട്ടിൽ വരും…. നിന്റെ അച്ഛനോട് സംസാരിക്കും… അദ്ദേഹം എങ്ങനെയൊക്കെ എന്നെ നാണം കെടുത്തിയാലും അവഹേളിച്ചാലും സാരമില്ല….
” അച്ഛൻ സമ്മതിച്ചില്ലെങ്കിലോ….?
” സമ്മതിച്ചില്ലെങ്കിൽ അത് അപ്പൊൾ നോക്കാം…. പക്ഷേ ഇത്രയും ആയ സ്ഥിതിക്ക് അവിടെ വന്നു അദ്ദേഹത്തെ ഒന്ന് കാണുക എന്ന് ഉള്ളത് എന്റെ കടമയാണ്….
ആ രാത്രി രണ്ടുപേർക്കും നിർണായകമായിരുന്നു, രാത്രിയിൽ ഉറങ്ങാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല… രാവിലെ അച്ഛന്റെ ഉയർത്തി ഉള്ള സംസാരം കേട്ട് ആണ് അവൾ ഉണർന്നത്… പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിപ്പിക്കുന്നതായിരുന്നു, അച്ഛനു മുൻപിൽ നിൽക്കുന്നത് അനന്ദു ആണെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി അവൾ കണ്ണുകൾ തിരുമ്മി നോക്കി..
തുടരും..