ഹൃദയരാഗം
ഭാഗം 53
ഞാൻ പോകുന്നതിനു മുൻപ് തന്നെ ദിവ്യയുമായുള്ള കല്യാണം നമുക്ക് നടത്താം… അമ്മയോട് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം,
അവന്റെ വാക്കുകൾ കേട്ട് കണ്ണുനീരോടെ വിശ്വൻ അവനു മുൻപിൽ കൈകൂപ്പി…. അവൻ അയാളെ ചേർത്ത് പിടിച്ചു… അയാളെ ആശ്വസിപ്പിച്ചു, തന്റെ തന്ത്രം വിജയിച്ചു എന്ന ഒരു സന്തോഷവും അവന്റെ മുഖത്ത് മിന്നിമറഞ്ഞു..
” അമ്മാവന്റെ അവസ്ഥ മനസ്സിലാക്കി ന്റെ കുട്ടി ചെയ്ത ഈ ഉപകാരം മരച്ചാലും ഞാൻ മറക്കില്ല….. എങ്ങനെയായാലും ഈ കല്യാണം നടക്കണം, മറ്റാരുടെയും കയ്യിലേക്ക് അവളെ കൊടുക്കാനുള്ള ഒരു വിശ്വാസം എനിക്കില്ല… മറ്റാരെങ്കിലും പറഞ്ഞു ഈ കഥകളൊക്കെ കല്യാണം കഴിക്കുന്നവൻ അറിഞ്ഞാൽ പിന്നെ അവൾക്ക് സമാധാനമുണ്ടാകുമോ..? ഇതിപ്പോൾ നീ ആകുമ്പോൾ നന്നായി അറിയാം… നീ പറഞ്ഞതുപോലെ പക്വത കുറവിൽ അവൾക്ക് സംഭവിച്ച ഒരു തെറ്റ് ക്ഷമിക്കാവുന്നതേയുള്ളൂ….
” അമ്മാവൻ എന്തൊക്കെയാണ് പറയുന്നത്…. അവളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്, ആഗ്രഹിച്ചിട്ടുണ്ട്, അതുകൊണ്ട് ആണ്… അല്ലാതെ ഇതൊരിക്കലും അമ്മാവൻ കരുതുന്നത് പോലെ ഒരു വലിയ ത്യാഗം ഒന്നുമല്ല,
( എന്നോട് അവൾ കാണിച്ച അഹങ്കാരത്തിന് ഒക്കെ ഒരു താലി കഴുത്തിൽ കെട്ടിയിട്ട് വേണം അവളെ അനുഭവിപ്പിക്കാൻ….)
അവൻ മനസിലാണ് ചിന്തിച്ചത്….
” ഞാൻ വീട്ടിൽ ചെന്ന് അവളോട് കാര്യങ്ങളൊക്കെ പറയട്ടെ…
വിശ്വനു ഉത്സാഹം ആയി…
” വേണ്ട അമ്മാവ… ഇപ്പോൾ വേണ്ട…. വൈകുന്നേരം സമാധാനപൂർവ്വം എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞാൽ മതി… ഇപ്പോൾ ഇത് പറഞ്ഞാൽ ചിലപ്പോൾ അവൾ എന്തെങ്കിലും കാണിക്കും… അവനെയൊക്കെ അറിയിക്കാനും മതി….
തന്ത്രപൂർവ്വം അവൻ പറഞ്ഞു… അത് വിശ്വസിച്ച് സമാധാനപൂർവ്വം അയാൾ കടയിലേക്ക് നടന്നു…
വിശ്വൻ അരികിൽ നിന്ന് പോയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്… നോക്കിയപ്പോൾ ഇഷയാണ് പെട്ടെന്ന് അവൻ ഫോൺ സൈലന്റ് ആക്കി, എത്രയും പെട്ടെന്ന് ഈ നമ്പർ മാറ്റണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു… ഓഫീസിൽ നിന്നും എത്രയും പെട്ടെന്ന് മാറണമെന്നും അവൻ തീരുമാനിച്ചതായിരുന്നു, അതിനുവേണ്ടി റേസിഗ്നേഷൻ തയ്യാറാക്കി വെച്ചിരിക്കുകയാണ്….
” ഇനി ഇഷയെ ഒഴിവാക്കണം…! ഇപ്പോൾ മുൻപിൽ ജീവിതം രക്ഷപ്പെടാനുള്ള ഏക മാർഗം ദിവ്യ ആണ്….കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ തനിക്ക് ബിസിനസ് തുടങ്ങാൻ കുറച്ചു പണം സ്വന്തമാക്കാൻ സാധിക്കും… അതിന് ഈ നാട്ടിൽ നിന്നും ദിവ്യയെയും കൊണ്ട് മാറണം…. എന്നിട്ട് വേണം അവളെ തന്റെ തനി സ്വഭാവം കാണിച്ചു കൊടുക്കാൻ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു….
ദിവസങ്ങൾക്കുശേഷം കിരണിന് ഒപ്പം എല്ലാം മറന്ന് മദ്യപിച്ചു കഴിഞ്ഞിരുന്നു അനന്ദു…. ഒന്നും മിണ്ടാതെ തുടരെത്തുടരെ മദ്യം വായിലേക്ക് കമിഴ്ത്തിയവനെ നോക്കി കിരൺ ചോദിച്ചു….
” നീയതോക്കെ നിർത്തിവെച്ചത് ആയിരുന്നില്ലേ…?പിന്നെ എന്തിന് തുടങ്ങിയത്…?
” ഞാൻ എപ്പോഴാണ് ഇത് നിർത്തിവെച്ചിരുന്നത് എന്ന് നീ ഓർക്കുന്നുണ്ടോ…? മനസ്സിന് സമാധാനം ലഭിച്ചപ്പോൾ, സ്നേഹിക്കാൻ ഒരാളുണ്ട് എന്നുള്ള തോന്നൽ വന്നപ്പോൾ, അത് നഷ്ടമായി… ഇപ്പൊൾ വീണ്ടും എനിക്ക് ഇതെന്റെ കൂടെ വേണം എന്ന് തോന്നിത്തുടങ്ങി….
” അതിനു മാത്രം എന്ത് പ്രശ്നം ഉണ്ടായത്… അവൾ നൂറുവട്ടം നിനക്കൊപ്പം ഇറങ്ങിവരാൻ മനസ്സോടെ നിൽക്കുകയാണ്, നീയാണ് എതിർത്തത്…. പിന്നെ നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്…? നീ ഒരു കാര്യം ചെയ്യ് അവളെ വിളിച്ചിറക്കി കൊണ്ടു വാ, നമുക്ക് കൂട്ടുകാർക്ക് എല്ലാവർക്കും കൂടെ നിന്ന് നിന്റെ കല്യാണം നടത്താം… ഇഷ്ടം പോലെ രജിസ്റ്റർ ഓഫീസ് ഉണ്ട്, പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും വിവാഹിതരായി ജീവിക്കാൻ എന്ത് പ്രശ്നമാണുള്ളത്….
” ഞാൻ വിളിക്കില്ല…! ഇറങ്ങി വന്നാലും ഞാൻ കൊണ്ടുവരില്ല…
” എന്താണ് നീ പറയുന്നത്…?
” അവളുടെ അച്ഛനെയും അമ്മയെയും കുടുംബത്തെയും നാണംകെടുത്തി എന്നോടൊപ്പം ഒരു ജീവിതം, അതായിരുന്നില്ല അവളുടെ സ്വപ്നം…. ഇപ്പൊൾ എന്റെ കൂടെ ജീവിക്കാൻ വേണ്ടി മാത്രം എല്ലാരെയും ഉപേക്ഷിക്കാം എന്ന് അവൾ പറയുന്നത്…. അവളെ ഒരുകാലത്ത് സ്നേഹം നൽകി പറ്റിച്ചവന്നാണ് ഞാൻ… എനിക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിക്കാൻ അവൾ തയ്യാറായി, പക്ഷേ ആ സ്നേഹം ഞാൻ മനസ്സിലാക്കണം… ഞാൻ അവളുടെ അച്ഛന്റെ കാലുപിടിച്ച് അപേക്ഷിച്ചാലും അവളെ എനിക്ക് തരില്ല പക്ഷേ ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടു പോയാൽ അത് ശരിയാവില്ല… അത് ഞാനവളുടെ മനസ്സാക്ഷിയോട് ചെയ്യുന്നത് വലിയ തെറ്റായിരിക്കും… 22 വർഷം ഒരു അല്ലലും അറിയിക്കാതെ വളർത്തിയ അച്ഛനും അമ്മയും ആണ്… അവരെ വേദനിപ്പിച്ച് ഞാൻ അവൾക്കൊപ്പം ഒരു ജീവിതം തുടങ്ങിയാൽ അത് ശാശ്വതമാവില്ല…. ജീവിതത്തിൽ ഒരിക്കൽ പോലും സ്നേഹം കിട്ടാത്ത ഒരുത്തന് സ്നേഹം പകർന്നു തന്നവളാണ്… അവളെയും അവളുടെ കുടുംബത്തെയും വേദനിപ്പിച്ച് എനിക്കൊരു കുടുംബ ജീവിതം വേണ്ട… ഉള്ളിൽ അവളും ഒരുപാട് വേദനിക്കും ഉണ്ടാവും……
വേദനയോടെ അവൻ പറഞ്ഞു…
” നീ ഇനി കുടിക്കില്ലെന്ന് അവൾക്ക് വാക്കുകൊടുത്തതല്ലേ…. പിന്നെയും….
കിരൺ പറഞ്ഞു…
” ഇന്ന് ഞാൻ കുടിച്ചില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യുമെടാ…. ചിലപ്പോൾ ഞാൻ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കും… അതിലും നല്ലത് കുടിച്ച് ഞാൻ എല്ലാം മറന്നു ഒന്ന് ഉറങ്ങുന്നത് അല്ലെ…? എനിക്ക് എന്നെ തന്നെ പേടി വന്നു തുടങ്ങിയടാ…. ഇപ്പോൾ അവളെ വിളിച്ചു കൊണ്ട് എവിടെയെങ്കിലും പോകാൻ എനിക്ക് തോന്നുന്നത്… പക്ഷേ ഞാൻ ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ആവേശത്തിൽ അങ്ങനെയൊക്കെ ചെയ്താൽ അവളുടെ ഭാവി പോകും… ഞാനീ ചെയ്തതിന്റെ വിഷമത്തിൽ അവളുടെ അച്ഛനുമമ്മയും എന്തെങ്കിലും കടുംകൈ ചെയ്താൽ എനിക്ക് അവൾക്കും ഈ ജീവിതകാലം സമാധാനം കിട്ടില്ല…
അത്രയും പറഞ്ഞ് കലിങ്കിലേക്ക് തന്നെയാണ് അവൻ ചാഞ്ഞു കിടന്നിരുന്നത്…. ഇടം കൈ കണ്ണിനു മുകളിലേക്ക് വച്ച് കണ്ണുകളടച്ചപ്പോൾ അവന്റെ മിഴികോണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ കണ്ടമാത്രയിൽ അവൻ അവളെ സ്നേഹിച്ചിരുന്നു എന്ന് കിരണിന് പോലും മനസ്സിലായി…. ഹരിതയ്ക്ക് വേണ്ടിപോലും അവൻ ഇങ്ങനെ കരഞ്ഞിട്ടില്ല… ആ പ്രണയം നഷ്ടമായ നിമിഷം പോലും സ്വയം മറന്നവൻ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല….. ജീവിതം അവസാനിപ്പിക്കും എന്ന് അവൻ പറഞ്ഞെങ്കിൽ ജീവനോളം അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഉറപ്പായിരുന്നു….
അവന്റെ അവസ്ഥയിൽ ഒരു നിമിഷം കിരണിനെ വേദന തോന്നിയിരുന്നു….
വൈകുന്നേരം വിശ്വൻ വീട്ടിലെത്തിയപ്പോൾ മരണവീട് പോലെ മൂകമായിരുന്നു വീട്… സാധാരണ വെക്കാറുള്ള നിലവിളക്ക് പോലുമില്ല… സാധാരണ താൻ കയറിവരുമ്പോൾ എല്ലാം മറന്നു നാമം ജപിക്കുന്നത് ദിവ്യ ആണ്… ഇന്ന് ആ നാമജപവും ഇല്ല…. ചുമയുടെ ശബ്ദം കേട്ടപ്പോഴാണ് അയാൾ വന്നിട്ടുണ്ടെന്ന് സുഭദ്രയ്ക്ക് മനസ്സിലായത്… ആരെയും വിളിക്കാതെ ചാരുകസേരയിലേക്ക് ചാഞ്ഞു… അപ്പോഴേക്ക് സുഭദ്ര ഇറങ്ങി വന്നു..
” ചേട്ടൻ വന്നിട്ട് എന്നെ വിളിച്ചില്ലല്ലോ….?
ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അവർ പറഞ്ഞു…
” കാപ്പി ഇടട്ടെ….
അവർ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…
” ഒന്നും വേണ്ട… കുറച്ചു വെള്ളം എടുക്കു,
എന്നിട്ട് എല്ലാവരെയും വിളിക്ക്……
അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്, അയാൾ കണ്ണുകളടച്ച് കസേരയിൽ കിടന്നു…. പെട്ടെന്ന് സുഭദ്ര അകത്തേക്ക് പോയിരുന്നു…
വിവരമറിഞ്ഞ് ദീപ്തി വന്നിട്ടുണ്ടായിരുന്നു… അയാൾ വന്ന കാര്യം സുഭദ്ര ദീപ്തിയോട് മാത്രമാണ് പറഞ്ഞത് ദിവ്യ യുമായി സംസാരിച്ചിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു… രാവിലെ മുതൽ മുറിയിൽ തന്നെ കമിഴ്ന്നു കിടക്കുന്ന ദിവ്യയുടെ അരികിലേക്ക് വന്നു അവളെ വിളിച്ചു….
” അച്ഛൻ വന്നിട്ടുണ്ട്… എന്തോ കാര്യം പറയാനുണ്ടെന്ന്…
” എനിക്ക് ഒന്നും കേൾക്കണ്ട ചേച്ചി….
” നീ ഒന്ന് എഴുനേറ്റെ… രാവിലെ മുതൽ പച്ചവെള്ളം കുടിച്ചിട്ടില്ല, ഇവിടെ കിടന്ന് പട്ടിണികിടന്നാലും അച്ഛൻ സമ്മതിക്കാൻ പോകുന്നില്ല… ഇതൊക്കെ നിന്നോട് നേരത്തെ പറഞ്ഞതല്ലേ…
ദീപ്തി പറഞ്ഞു…
” അച്ഛനെ വാശി പിടിപ്പിക്കാതെ എഴുന്നേറ്റ് വന്നെ….
അവൾക്കൊപ്പം പുറത്തേക്ക് ദിവ്യ എഴുന്നേറ്റ് വന്നിരുന്നു…. സുഭദ്ര കൂടിയെത്തിയതോടെ എല്ലാവരെയും ഒന്നു നോക്കിയതിനു ശേഷം തന്റെ കയ്യിലിരുന്ന ഒരു കവർ സുഭദ്രയുടെ കയ്യിലേക്ക് വിശ്വൻ ഏൽപ്പിച്ചു….
” ഇരുപത്തിനാലാം തീയതി രാവിലെ പതിനൊന്നരയ്ക്കും 12 നും ഇടയ്ക്ക് ഒരു നല്ല മുഹൂർത്തം ഉണ്ട്… കല്യാണത്തിന് കൃത്യമായി പറഞ്ഞ് ഇനി 9 ദിവസം കൂടി ഉണ്ട്… അധികം ബന്ധുക്കളെ ഒന്നും വിളിക്കുന്നില്ല, നമ്മുടെ അടുത്ത ബന്ധുക്കൾ മാത്രം മതി…. നമ്മുടെ ഇവിടുത്തെ ക്ഷേത്രത്തിൽ വച്ച് ചെറിയൊരു ചടങ്ങ്….
ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി,
ദീപ്തി മാത്രമാണ് അതിനു മറുചോദ്യം ചോദിച്ചത്…
” അച്ഛൻ എന്താ പറയുന്നത്…?
മനസ്സിലായില്ല…
” ഇനി വിശദമാക്കണോ…? ദിവ്യയുടെയും വിവേകിന്റെയും വിവാഹത്തെക്കുറിച്ച് ആണ് ഞാൻ പറയുന്നത്….
മരവിച്ചു പോയിരുന്നു ദിവ്യ…
അവൾ പ്രതീക്ഷയോടെ സുഭദ്രയുടെ മുഖത്തേക്ക് നോക്കി എങ്കിലും അവരവളിൽ നിന്നും നോട്ടം പിൻവലിക്കുകയായിരുന്നു ചെയ്തത്…
” അച്ഛൻ എന്താ ഈ പറയുന്നത് വിവേകും ആയിട്ടുള്ള അവളുടെ രുടെ വിവാഹമോ..? അനന്ദു ആയിട്ടുള്ള ഇവളുടെ വിവാഹം നടത്തിക്കൊടുക്കാൻ ഞാൻ പറയില്ല… പക്ഷേ വിവേകും ആയിട്ടുള്ള ഇവളടെ വിവാഹം അത് ശരിയാവില്ല…
” അത് നീയാണോ തീരുമാനിക്കുന്നത്… നിന്നെ നാല് വർഷം മുൻപേ ഈ വീട്ടിൽ നിന്നും കല്യാണം കഴിപ്പിച്ച് വിട്ടതാണ്… ഇനി വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കാൻ നീ വരണ്ട, നീ തീരുമാനിക്കേണ്ടത് നിന്റെ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ മാത്രമാണ്… ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്…. എന്റെ മകളുടെ കാര്യം നോക്കാൻ എനിക്കറിയാം, ആരും എന്നെ പഠിപ്പിക്കണ്ട….
ഒരു നിമിഷം ചെകിടത്തടി ഏറ്റത് പോലെ ആയി പോയിരുന്നു ദീപ്തിക്ക്….
” അച്ഛൻ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ പക്ഷേ ദിവ്യയുടെ ജീവിതം കൂടി അച്ഛൻ ഒന്ന് ചിന്തിച്ചു നോക്കൂ… വിവേക് നല്ലവനല്ല അച്ഛാ… എനിക്ക് വ്യക്തമായ തെളിവുകൾ കിട്ടിയത് ആണ്… ഞാൻ വേണമെങ്കിൽ അച്ഛനെ അത് കാണിച്ചു തരാം…
” അവൻ നല്ലവൻ അല്ലെങ്കിലും അവൾ സഹിക്കണം, ഒക്കെ ഒപ്പിച്ചു വെച്ചത് അവളല്ലേ ഇനി മറ്റൊരു നാട്ടിൽ നിന്ന് ഏതെങ്കിലും ഒരു വിവാഹാലോചന വന്നാൽ ഈ നാട്ടുകാരെ മൊത്തം ഇവളുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞുകൊടുക്കില്ലേ…? നാട്ടിലെനിക്കൊരു വിലയുണ്ട് അത് കളയാൻ ഞാൻ സമ്മതിക്കില്ല… ആരെങ്കിലും ഈ വിവാഹത്തെ എതിർത്താൽ പതിനാലാം തീയതി നിങ്ങളൊക്കെ കാണുന്നത് ഈ ഉമ്മറത്ത് തൂങ്ങിയാടുന്ന എന്റെ ശരീരമായിരിക്കും.. വെറും വാക്ക് പറയാറില്ല വിശ്വനാഥൻ നായർ,
അത്രയും പറഞ്ഞ് അയാൾ അകത്തേക്ക് കയറി പോയപ്പോൾ മൂന്നുപേരും എന്തുചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു…
തുടരും.