Celebrities

‘കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു’; ഗോകുല്‍ സുരേഷ്-Gokul Suresh

ജനങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം

മലയാള സിനിമയിലെ യുവ നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നടന്‍ ഗോകുല്‍ സുരേഷിന്റെ സ്ഥാനം. ഇപ്പോളിതാ തനിക്ക് സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ആര്‍ക്ക് നേരെയും എപ്പോള്‍ വേണമെങ്കിലും ഒരു വ്യാജ ആരോപണം ഉന്നയിക്കാവുന്ന രീതിയിലേക്ക് മലയാള സിനിമ മാറിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോകുല്‍. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഗോകുല്‍ സുരേഷ് പറഞ്ഞു.

‘മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് എനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എപ്പോഴും ഒരു ജെന്റര്‍ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാന്‍ പറ്റില്ല. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയില്‍ ആക്ടറിന് ചിലപ്പോള്‍ സിനിമകള്‍ നഷ്ടമായേക്കാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാന്‍ താല്‍പര്യമില്ല. പക്ഷേ അതുമൂലം ആ സിനിമ നഷ്ടമായി.’

‘ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു ഇന്‍ഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം. അങ്ങനെയൊരു ഘട്ടത്തിലാണ് നിവിന്‍ ചേട്ടനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നുള്ള വാര്‍ത്തകള്‍ വരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്ക് ഒരു സ്ത്രീയെ മാത്രമല്ല ഒരു പുരുഷനെ കൂടെ ബാധിക്കപ്പെടുമെന്ന് കുറച്ചുകൂടെ വ്യക്തമായി മനസ്സിലായി.’ ഗോകുല്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ മുദുഗൗവ് എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും ഫ്രൈഡേ ഫിലിം ഹൗസിന്റെ നിര്‍മ്മാണമായിരുന്നു ഈ ചിത്രം.

STORY HIGHLIGHTS: Gokul Suresh about casting couch