പുറം കാഴ്ച്ചയിൽ വശീകരിക്കുമെങ്കിലും ഇരുട്ടിന്റെ കാളിമ പടരുമ്പോൾ ഭയവും കൂടെ വരും. നൂറ്റാണ്ടുകൾക്കു മുൻപ് എരിഞ്ഞടങ്ങിയ മനുഷ്യമാംസത്തിലെ പുകയും മടുപ്പിക്കുന്ന ഗന്ധവും ശ്വസിക്കുന്ന വായുവിൽ കലർന്നതുപോലെ തോന്നും. നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷരാകും. ഭയം പടർത്തുന്ന ഈ കാര്യങ്ങളത്രയും ദുമാസ് ബീച്ചിനെ കുറിച്ചുള്ള പരിസരവാസികളുടെ വിശ്വാസമാണ്. ദുമാസ് ബീച്ച് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ സൂററ്റിലാണ്. പ്രേതബാധയുണ്ടെന്നു ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കുറവുമില്ല. പകലന്തിയോളം ഈ ബീച്ച് സജീവമാണ്. എന്നാൽ സന്ധ്യ മയങ്ങുന്നതോടെ ആളുകൾ എത്രയും പെട്ടന്ന് വീടണയും. മനോഹരമായ കടൽ കാഴ്ചകളും മറ്റെങ്ങും കാണാത്ത കറുത്ത മണൽത്തരികളും കാലിലൂടെ തൊട്ടുതലോടി പോകുന്ന തിരകളും രുചികരമായ ഭക്ഷണം വിളമ്പുന്ന കടൽക്കരയിലെ തട്ടുകടകളുമൊക്കെ ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ആ തീരത്തേക്ക് വർഷാവർഷം ആകർഷിക്കുന്നത്.
പകലിൽ കണ്ട കടലിന്റെ സൗന്ദര്യം രാത്രിയിലും ആസ്വദിക്കാമെന്നു വിചാരിച്ചു കടൽ തീരത്തിരുന്നാൽ സൂര്യാസ്തമയത്തോടെ സ്ഥിഗതികൾ പാടേമാറും. ഇരുട്ട് പരക്കുന്നതോടെ അപരിചിതമായ ശബ്ദങ്ങളും ചില പൊട്ടിച്ചിരികളുമൊക്കെ അന്തരീക്ഷത്തിൽ മുഴങ്ങും. വളർത്തുമൃഗങ്ങളും അലഞ്ഞുതിരിയുന്ന ശ്വാനന്മാരും എന്തിനെയോ ഭയപ്പെടുന്നതുപോലെ ശൂന്യതയെ നോക്കി ശബ്ദമുണ്ടാക്കുന്നതും കാണുന്നവരിൽ ഭയം വളർത്തും. കാര്യങ്ങൾ എന്തുതന്നെയായാലും ഈ തീരവും തിരകളും എന്തെല്ലാമോ നിഗൂഢതകളും വിപരീതരീതിയിലുള്ള ഊർജവും പ്രസരിപ്പിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. കടൽ തീരത്തുനിന്നും ആളുകൾ അപ്രത്യക്ഷരായ അവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നാണ് പരിസരവാസികൾ അഭിപ്രായപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്കു മുൻപ് ഈ ബീച്ചും പരിസരവും ശ്മശാന ഭൂമിയായിരുന്നുവെന്നും ശവദാഹങ്ങൾ നടത്തിയാണ് മണൽ കറുപ്പുനിറമായതെന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. അതുമാത്രമല്ല അക്കാലങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കളാണ് രാത്രിക്കാലങ്ങളിൽ കടൽക്കരയിലൂടെ ഗതികിട്ടാതെ അലയുന്നതെന്നും വിശ്വസിക്കുന്ന നിരവധിപ്പേർ ഇവിടെ വസിക്കുന്നുണ്ട്. ആത്മാക്കളുടെ കരച്ചിലും ചിരിയുമെല്ലാമാണ് രാത്രികളിൽ അവിടെ മുഴുവൻ പ്രതിധ്വനികളായി മുഴങ്ങുന്നതെന്നും ദുമാസ് ബീച്ചിനടുത്തു താമസിക്കുന്നവർ പറയുന്നു. ഭയത്തിന്റെ മേലങ്കിയണിഞ്ഞ ദുമാസ് ബീച്ച് അറബിക്കടലിന്റെ സ്വന്തമാണ്. സൂററ്റിൽ നിന്നും 21 കിലോമീറ്റർ ദൂരമുണ്ട് ആത്മാക്കളുറങ്ങുന്ന ഈ ബീച്ചിലേക്ക്.
STORY HIGHLLIGHTS: People will disappear while standing still; Haunted beach