മെയിന്‍ റഫറിയുടെ വിസില്‍ മുഴക്കത്തില്‍ പന്തരുളുമ്പോള്‍ മുതല്‍ തുടങ്ങുന്ന നെഞ്ചിടിപ്പാണ്. പിന്നെ 90 മിനിറ്റില്‍ നടക്കുന്ന പൊരിഞ്ഞ പോരാട്ടം. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ റൗണ്ടിലെ അവസാന മത്സരം കോഴിക്കോട് കോര്‍പ്പറേഷന്റെ EMS സ്റ്റേഡിയത്തിലാണ് ഇന്നലെ നടന്നത്. ഗ്യാലറികള്‍ നിറഞ്ഞു കവിഞ്ഞ ആരാധകരുടെ മുമ്പില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കാലിക്കട്ട് FCയും തലസ്ഥാന നഗരത്തിന്റെ സ്വന്തം ക്ലബ്ബായ തിരുവനന്തപുരം കൊമ്പന്‍സും നേര്‍ക്കു നേര്‍ പൊരുതി. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു.
പക്ഷെ, മൈതാനത്തെ ത്രസിപ്പിക്കുന്ന പാസുകളും, ഹെഡ്ഡറുകളും, ഷൂട്ടുകളും കൊണ്ട് കളം നിറഞ്ഞ കൊമ്പന്‍സിന്റെ കളിക്കാര്‍ക്കു മുമ്പില്‍ കോഴിക്കോട് FC പ്ലെയേഴ്‌സ് നന്നേ വിയര്‍ത്തു. എങ്കിലും പ്രതിരോധവും, ആക്രമണവും ഒരുപോലെ നടത്തി പിടിച്ചു നില്‍ക്കാന്‍ കോഴിക്കോട് FCക്ക് സാധിച്ചതു കൊണ്ടാണ് സമനിലയില്‍ കളി അവസാനിപ്പിക്കാനായത്.
ആയിരക്കണക്കിന് വരുന്ന ആരാധകരുടെ ആരവങ്ങളുടെ ബലത്തില്‍ കാലിക്കറ്റ് എഫ്.സി കളിയുടെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു തുടങ്ങിയെങ്കിലും, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയുടെ പ്രത്യാക്രമണങ്ങള്‍ എതിര്‍ ഗോള്‍മുഖത്ത് അശാന്തി പടര്‍ത്തി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് മത്സരത്തിലെ ആദ്യ ഗോള്‍ നേടാം എന്ന് വിചാരിച്ച കാലിക്കറ്റ് എഫ്‌സിയുടെ സ്വപ്നങ്ങളെ തകര്‍ത്തത്, കൊമ്പസിന്റെ മലയാളി താരം മുഹമ്മദ് അഷറാണ്. കളി തുടങ്ങി ഇരുപത്തിയൊന്നാം മിനിറ്റില്‍ അഷറിന്റെ വക ആദ്യ ഗോള്‍ കൊമ്പന്‍സ് നേടി.
മത്സരത്തിലേക്ക് വേഗത്തില്‍ തിരിച്ചു വരേണ്ടത് അത്രയേറെ പ്രാധാന്യമാണെന്ന് മനസ്സിലാക്കിയ കാലിക്കറ്റ് എഫ്.സി റിച്ചാര്‍ഡ് ഓസേയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍നേടി മറുപടിയും നല്‍കി. കൊമ്പന്‍സിന്റെ ഗോളിന്റെ പിന്നാലെ 10 മിനിറ്റിനുള്ളിലാണ് കോഴിക്കോടിന്റെ മറുപടി ഗോള്‍ പിറന്നത്. മത്സരത്തിലേക്ക് തിരിച്ചുവന്ന കോഴിക്കോട് പിന്നീടുള്ള സമയങ്ങളില്‍ കൊമ്പന്‍സിനെ പ്രതിരോധിക്കുകയാണ് ചെയ്തത്.
രണ്ടാം പകുതിയിലും തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി തങ്ങളുടെ ആക്രമണ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ, ഊര്‍ജ്ജമൊട്ടും ചോരാതെ കാലിക്കറ്റ് എഫ്‌സി തങ്ങളുടെ കഴിവന്റെ പരമാവധി വിജയഗോള്‍ നേടാനായി ശ്രമിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിജയത്തിനു വേണ്ടിയുള്ള ചടുല നീക്കങ്ങള്‍ ഇരു ടീമുകളുടേയും ഫേര്‍വേഡുകളില്‍ നിന്നുണ്ടായെങ്കിലും ഫളം കണ്ടില്ല. റഫറിയുടെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സമനില മത്സരമായി കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പന്‍ എഫ്.സിയും തമ്മിലുള്ള മത്സരം മാറി.
CONTENT HIGHLIGHTS; Super League Kerala: First Draw of First Round; Thiruvananthapuram Kompans FC (1), Calicut FC (1)