ജയം രവി വിവാഹമോചനത്തെക്കുറിച്ച പറഞ്ഞ കാര്യങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും അടുത്തിടെ നടത്തിയ പരസ്യമായ അറിയിപ്പ് വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു എന്നും ഭാര്യ ആര്‍തി. ഭര്‍ത്താവുമായി ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനായി നിരവധി അവസരങ്ങള്‍ തേടിയിരുന്നെന്നും എന്നാല്‍ ആ അവസരം ലഭിച്ചില്ലെന്നും ആര്‍തി പറയുന്നു. തങ്ങള്‍ക്കിടെയില്‍ എന്താണ് സംഭവിച്ചത് എന്ന് കാലം തെളിയിക്കുമെന്നും ആരതി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.
ആരതിയുടെ പോസ്റ്റ്:
‘എന്റെ അറിവോ സമ്മതമോ കൂടാതെ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, ഇത്തരമൊരു സുപ്രധാന കാര്യം അത് അര്‍ഹിക്കുന്ന ദയയോടും ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
‘എന്റെ ഭര്‍ത്താവുമായി ഇതിനെക്കുറിച്ച് ഒന്ന് തുറന്ന് സംസാരിക്കാനായി ഞാന്‍ നിരവധി അവസരങ്ങള്‍ തേടിയിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഞങ്ങള്‍ക്ക് കുടുംബവുമായുള്ള പ്രതിബദ്ധതയെയും മാനിക്കുന്ന വിധത്തില്‍ ഒരു തുറന്ന സംവാദം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. ഖേദകരമെന്നു പറയട്ടെ, ആ അവസരം എനിക്ക് ലഭിച്ചില്ല, ഈ അറിയിപ്പ് എന്നെയും മക്കളെയും പൂര്‍ണ്ണമായും ഞെട്ടിച്ചു കളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.’
‘ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചെങ്കിലും ഞാന്‍ ഇതുവരെ പൊതു അഭിപ്രായങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേല്‍ അന്യായമായി കുറ്റം ചുമത്തുകയും എന്റെ സ്വഭാവത്തെ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് കണ്ടുനില്ക്കാന് ബുദ്ധിമുട്ടാണ്. ഒരു അമ്മയെന്ന നിലയില്‍ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല, കൂടാതെ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അര്‍ഹിക്കുന്ന ആത്മാഭിമാനത്തോടും കൂടി മുന്നോട്ട് പോകാനും എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങള്‍ക്കിടെയില്‍ എന്താണ് സംഭവിച്ചത് എന്ന് കാലം തെളിയിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.’
‘അവസാനമായി ഇക്കാലമത്രയും ഞങ്ങള്‍ക്ക് നല്കിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവും ഞങ്ങള്‍ക്ക് ശക്തിയുടെ നെടുംതൂണാണ്, ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ അധ്യായത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥനകളെയും ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.’ആര്‍തി കുറിച്ചു
STORY HIGHLIGHTS: Jayam Ravi’s wife Arathi about the divorce news