” മലയാളികൾ ആണ് ഹരിഹർഫോർട്ട് ഫേയ്മസ് ആക്കിയത്. അവിടെ ഉള്ള മന്ദിർ അതിമനോഹരമാണ്, ഇന്ത്യയിലെ മിക്ക സ്റ്റേട്ടുകളിൽ നിന്നും ഇവിടേയ്ക്ക് ആളുകൾ വരാറുണ്ട്. ” . എൺപത് ഡിഗ്രി ചരിവുള്ള പാറയിൽ തീർത്ത ചെറിയ പടികളിലൂടെ ഫോർട്ടിന്റെ മുകളിൽ എത്തുക തീർത്തും സാഹസികവും, പേടിപ്പെടുത്തുന്നതും അപകടകരവുമാണ്.. നാസിക്കിലെ ത്രയംബകേശ്വർ എന്ന സ്ഥലത്താണ് ഹരിഹർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്. ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ത്രയംബകേശ്വർ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയും ഇവിടെയാണ് നടക്കുന്നത്.
ആ സമയത്ത് ലക്ഷങ്ങളോളം ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴികിയെത്തുന്നത്. ഹരിഹർ ഫോർട്ടിന് ഹർഷഗഡ് എന്ന ഒരു പേരും കൂടിയുണ്ട്. ഏകദേശം 3,676 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, അതിമനോഹരവും സാഹസികവുമായ മലകയറ്റത്തിന്റെ അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നു.
പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ ഇന്നത്തെ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന യാദവ രാജവംശത്തിൻ്റെ കാലത്താണ് ഹരിഹർ ഫോർട്ട് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യാപാരപാതകളെ സംരക്ഷിക്കാൻ ഭരണാധികാരികൾ കോട്ടകൾ പണിയുന്നത് സാധാരണമായിരുന്നു. അങ്ങനെയുള്ള കോട്ടകളുടെ ഒരു ശൃംഖലയുടെ ഭാഗമായിരുന്നു ഈ കോട്ടയും. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ കഴിയാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് ഇതിന് നൽകിയിരിക്കുന്നത്. കൊങ്കണിനും ഡെക്കാൻ പീഠഭൂമിക്കും ഇടയിലുള്ള ശത്രുക്കളുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ഇതുപോലെയുള്ള കോട്ടകൾ തന്ത്രപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
പതിനേഴാം നൂറ്റാണ്ടിൽ, ഈ പ്രദേശത്തെ മറ്റു പല കോട്ടകളെയും പോലെ ഈ കോട്ടയും മറാത്ത സാമ്രാജ്യത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു. മുഗളർക്കെതിരായ മറാത്ത പ്രതിരോധത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു ഇത്. മറാഠ-മുഗൾ സംഘർഷം രൂക്ഷമായപ്പോൾ, 1636-ൽ ഷാജഹാൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള മുഗൾ സൈന്യം ഹരിഹർ ഫോർട്ട് പിടിച്ചെടുത്തു. പിന്നീട് ഛത്രപതി ശിവാജി മഹാരാജിൻ്റെ നേതൃത്വത്തിൽ മറാത്തകൾ ഈ കോട്ട തിരിച്ചുപിടിച്ചു, അദ്ദേഹം ഇത് പുനഃസ്ഥാപിക്കുകയും മഹാരാഷ്ട്രയിലുടനീളമുള്ള തൻ്റെ വിശാലമായ കോട്ടകളുടെ ഭാഗമായി ഉപയോഗിക്കുകയും ചെയ്തു. മറാഠാ സാമ്രാജ്യത്തിൻ്റെ പതനത്തിനുശേഷം, 1818-ലെ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തെത്തുടർന്ന് ബ്രിട്ടീഷുകാർ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. അതിന് ശേഷം കോട്ടയുടെ തന്ത്രപരമായ പ്രാധാന്യം നഷ്ടപ്പെടുക ആയിരുന്നു.
ഏതാണ്ട് 80 ഡിഗ്രി ചെരിഞ്ഞ്
ലംബമായി പാറയിൽ കൊത്തിയെടുത്ത പടികളാണ് കോട്ടയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. മുകളിലേക്ക് നയിക്കുന്ന ഈ പടികൾ കോട്ടയിലേക്കുള്ള കയറ്റത്തിൻ്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. കോട്ടയ്ക്ക് അടിവാരത്തിലായി ഹർഷേവാടി, നിർഗുഡ്പാട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്. ത്രയംബകേശ്വറിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയാണ് ഹർഷേവാടി.ഒരു കുളവും ചെറിയ ഒരു മന്ദിറും അവിടെയുണ്ട്.ഈ മല കീഴടക്കണമെങ്കിൽ , പാറക്കെട്ടുകൾക്ക് മുകളിലായി ഒരു കൊടി കെട്ടിയിട്ടുണ്ട്, അവിടേയ്ക്ക് കൂടി കയറിയെങ്കിലേ ഈ ട്രെക്കിങ് കംപ്ലീറ്റ് ആവുകയുള്ളൂ. അങ്ങോട്ട് കയറാൻ സ്റ്റെപ്പ് ഒന്നുമില്ല, സ്ലിപ്പറിയാണ്. , ഹരിഹർ കോട്ട ഒരു പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രവും, സാഹസികതയ്ക്കും ചുറ്റുമുള്ള സഹ്യാദ്രി പർവതനിരകളുടെ വിശാലമായ കാഴ്ചകൾക്കും പേരുകേട്ടതാണ്. അതിൻ്റെ സമ്പന്നമായ ചരിത്രവും അതുല്യമായ ഘടനയും ട്രെക്കർമാരെയും ചരിത്ര പ്രേമികളെയും ഒരുപോലെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
Story Highlights ; harihar kotta