മലയാള സിനിമയില്‍ ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്കിയ ഒരു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ചില പ്രസ്താവനകള്‍ സമൂഹത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ഇതാ പാര്‍വതി തിരുവോത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. അലന്‍സിയര്‍ എന്ന നടന്റെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് പല നടിമാരും പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘പാര്‍വതി തിരുവോത്ത് ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞു, വേട്ടക്കാരനൊപ്പം ഇരുന്നുകൊണ്ടുള്ള ഒരു കോണ്‍ക്ലേവിന് തയ്യാറല്ല എന്ന്. പക്ഷെ ഇവിടെ സ്ത്രീകളെ പച്ചയ്ക്ക് അപമാനിച്ച ഒരാളാണ് അലന്‍സിയര്‍. അലന്സിറിന്റെ കൂടെ അവര്‍ അഭിനയിക്കുന്നു. അവസാനം ഇറങ്ങിയ ഉള്ളൊഴുക്ക് എന്ന സിനിമയില്‍ പോലും. ഒരു അവാര്‍ഡ് ശില്‍പ്പം കണ്ടാല്‍ പോലും അയാള്‍ക്ക് വികാരം വരുന്നു എന്ന് പറയുന്ന ഒരു മനുഷ്യന്. അയാളുടെ കൂടെ അഭിനയിച്ചിട്ടുള്ള ഒരുപാട് നടികള്‍ നമ്മളോട് സ്വകാര്യമായി പറയാറുണ്ട്, ഭയങ്കര ബുദ്ധിമുട്ടാണ് ഈ മനുഷ്യന്റെ കൂടെ അഭിനയിക്കാന്‍ എന്ന്. ഇതൊന്നും ഇവര്‍ ആരും അറിയുന്നില്ല. അപ്പോള്‍ ഇവര്‍ എവിടെയാണ് കണ്ണുകെട്ടി നില്‍ക്കുന്നത്. ആര് സംസാരിക്കുമ്പോള്‍ ആണ് ഇവര്‍ കണ്ണും ചെവിയും അടച്ചുപിടിക്കുന്നത്. അപ്പോള്‍ ഇത് ആരെയൊക്കെയോ ടാര്‍ഗറ്റ് ചെയ്യാനുള്ളതാണ്.’, ഭാഗ്യലക്ഷ്മി പറഞ്ഞു.
കാടടച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഡബ്ല്യുസിസിയുടെ പ്രസ്താവനകള്‍ എന്ന് നേരത്തെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ‘ആരെയെങ്കിലും അവര്‍ സ്പെസിഫൈ ചെയ്ത് പറയണ്ടേ? പവര്‍ ഗ്രൂപ്പ് ആരാണ്.. എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കും. മൊഴി കൊടുത്തവരാണ് പറയേണ്ടത് അത് ആരാണെന്ന്. കാരണം അത് രഹസ്യ മൊഴിയാണ്. എനിക്കെന്റെ മൊഴി വന്നാലും ഒരു പ്രശ്നവുമില്ല. കാരണം ഞാന്‍ ഹേമാ കമ്മിറ്റിയുടെ മുന്‍പാകെ ചെന്ന് പറഞ്ഞത്, എനിക്കെതിരെ വന്നതെല്ലാം ഞാന്‍ തന്നെ നേരിട്ടിട്ടുള്ള ആളാണ് എന്നാണ്. എനിക്ക് എന്നെ പ്രൊട്ടക്ട് ചെയ്യാന്‍ വേറെ ഒരാളുടെയും ആവശ്യമില്ല എന്ന് പറഞ്ഞാണ് ഞാന്‍ അവിടുന്ന് ഇറങ്ങുന്നത്. ചിലരൊക്കെ പേരൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.. ഇത് പുറത്തുവരണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ ഡബ്ല്യുസിസിയില്‍ ആരെങ്കിലും ഒരാള്‍ ധൈര്യത്തോടെ മുന്നോട്ട് വരട്ടെ. ഒരാള്‍ പറയുകയാണ്, ഞാന്‍ ഇന്നാള്ക്കെതിരെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അവിടം മുതല്‍ കേസ് തുടങ്ങാം.’, ഭാഗ്യലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ.
STORY HIGHLIGHTS: Bhagyalakshmi about Parvathy Thiruvothu