ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന മലയാള സിനിമാ ലോകത്തിന് ഇരട്ട പ്രഹരമെന്നപോലെ താരസംഘടനയായ അമ്മയിലെ രാജി മാറുമോ? അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന അമ്മ സംഘടനയില്‍ നിന്നും താരങ്ങള്‍ പുറത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് സൂചന. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഒരുകൂട്ടം താരങ്ങള്‍ രംഗത്തു വന്നു കഴിഞ്ഞു. ഇതോടെ അമ്മയെന്ന സംഘടന പിളരുമെന്ന് ഉറപ്പായി കഴിഞ്ഞതായി സിനിമാ മേഖലയിൽ നിന്നുമുള്ള സംസാരം. 17 പുരുഷന്മാരും 3 വനിതകളുമുള്‍പ്പെടെ 20 പേരാണ് നിലവില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയെന്ന സംഘടനയ്ക്കുള്ളിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതാരങ്ങൾ ഉൾപ്പടെ വിട്ടുപോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങള്‍ തേടിയത്. 560 അംഗങ്ങള്‍ ഉള്ള അമ്മ സംഘടനയ്ക്കകത്തു നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടും താരങ്ങള്‍ അമ്മ വിടാന്‍ ഒരുങ്ങുന്നത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് അമ്മ രൂപീകരിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും സംഘടനയില്‍ ജനധിപത്യ സ്വാഭാവമില്ലെന്ന് വാദിക്കുന്നവര്‍ നിരവധിയെന്നാണ് സൂചനകള്‍.
ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താരങ്ങള്‍ സമീപിച്ച കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക്ക നേതൃത്വം അറിയിച്ചു. അമ്മയുടെ സ്വത്വം നിലനിര്‍ത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നതെന്നും പിളര്‍പ്പിലേക്ക് പോകുന്നു എന്നു പറയുന്നത് ശരിയല്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പലഘട്ടങ്ങളിലായാണ് താരങ്ങള്‍ ചര്‍ച്ച നടത്തിയത്. അംഗമായി ഫെഫ്ക്കയിലേക്ക് ചേരാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. ഫെഫ്ക്കയില്‍ ഇപ്പോള്‍ 21 യൂണിയനുകളുണ്ട്. ബൈലോയും പ്രവര്‍ത്തനരീതിയും ബോധ്യപ്പെട്ടാലേ അംഗീകാരം നല്‍കാന്‍ കഴിയൂ എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ട് തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനം സാധ്യമാണ്. അമ്മ ഇതുവരെ ട്രേഡ് യൂണിയനല്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ‘പവര്‍ ഗ്രൂപ്പ്’ എന്ന സംവിധാനം അമ്മ സംഘടനയില്‍ ശക്തമായി നിലനില്‍ക്കുന്നതായി പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത നിരവധി താരങ്ങള്‍ പറയുന്ന സംഭാഷണങ്ങള്‍ പരസ്യമായ രഹസ്യമാണ്. അമ്മ സംഘടനയ്ക്കു കീഴിലാണെന്ന് പറയപ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി എന്നും ഏകപക്ഷീയമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ഒരു വിഭാഗം വാദിക്കുമ്പോള്‍ അതെല്ലാം വെട്ടി നിരത്തി മുന്നോട്ട് പോകുന്നത് പവര്‍ ഗ്രൂപ്പാണെന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും പവര്‍ ഗ്രൂപ്പ് നിശ്ചയിക്കുന്നവര്‍ക്ക് വോട്ട് ലഭിച്ചു പോകുന്നത് കാലകാലങ്ങളായി നടന്നു പോകുന്നു. ആരൊക്കെ പവര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ചോദിച്ചാല്‍ അതിനൊക്കെ കൃത്യമായ ഉത്തരമുള്ള ഒരു വിഭാഗം സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമില്ലെന്ന് ആക്ഷേപം ഉയരുന്നു. പൊതുവേദിയിലോ, മറ്റുയിടങ്ങളിലോ സംഘടനയിലെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്താല്‍ അപ്രഖ്യാപിത ‘BAN’ വരുമെന്ന പേടിയാണ് പലരെയും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 30 ന് കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയോഗത്തിലും സംഘടനയിലെ ജനാധിപത്യ വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതിനൊന്നും കൃത്യമായ മറുപടി നല്‍കാത്തതെ ഒഴിഞ്ഞുമാറിയ പഴയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ജനറല്‍ ബോഡിയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരധീനനായി സംസാരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി കസേരയില്‍ ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. സ്വന്തം സന്തോഷത്തിനല്ല, സമൂഹ മാധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുത്. ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ ‘PAID SECRETRY’ ആണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. അധികം കാലം ഒരാള്‍ക്കും ഇനി ചില താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കാമെന്ന മോഹത്തിനുള്ള കൃത്യമായ താക്കീതായിരുന്നു ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന വിരുദ്ധ വികാരം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു. അത് എന്തിനാണെന്ന് ചോദ്യങ്ങള്‍ക്ക് ആരും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയിരുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് നടത്താന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കാരണം വ്യക്തമാക്കാതെ മത്സരിക്കാന്‍ നിന്നവര്‍ മാറുകയായിരുന്നു. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനുമുള്‍പ്പെടെ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് അന്ന് തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാലു തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-’21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയിലെ കടുത്ത വിവേചനവും പ്രശ്‌നങ്ങളും പവര്‍ ഗ്രൂപ്പ് പരാമര്‍ശവും, ജനറല്‍ സെക്രട്ടറിക്കെതിരായുള്ള ലൈംഗികാതിക്രമണ ആരോപണവും വന്നതോടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ രാജിവെച്ച് മുഖം രക്ഷിച്ചിരുന്നു.
ഇതില്‍ നിന്നെല്ലാം മനസിലാക്കാം അമ്മ എന്ന സംഘടനയ്ക്ക് ഒരു ജനാധിപത്യ മുഖമില്ലെന്ന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് താരങ്ങളുടെ നേതൃത്വത്തിലുള്ള അമ്മയെന്ന സംഘടനയാണെന്ന് വ്യക്തമായി മനസിലാക്കിയിട്ടും ആരും ഒന്നു മിണ്ടാതെയിരിക്കുകയാണ്. ഔദ്യോഗിക പക്ഷം എന്നു പറയുന്ന പവര്‍ ഗ്രൂപ്പ് സംഘമാണ് അമ്മയെ നിയന്ത്രിക്കുന്നതെന്ന് ഒരു വിഭാഗം പറയാതെ പറയുമ്പോള്‍ ആരൊക്ക ആ ഗ്രൂപ്പില്‍ ഉണ്ടെന്ന് വ്യക്തമല്ല. കൃത്യമായ സംഘട പ്രവര്‍ത്തനത്തിലൂടെയാണ് പോകുന്നതെന്ന് അമ്മ പറയുമ്പോള്‍ എന്തിനാണ് ഹേമ കമ്മറ്റിയില്‍ നിന്നും ഒരു ‘പവര്‍ ഗ്രൂപ്പ്’ എന്ന വാക്യം വന്നതെന്ന് ഈ അഭിനേതാക്കാളെ താരങ്ങളാക്കിയ ജനങ്ങള്‍ ചോദിക്കുന്നു.
Content Highlights; Problems in the Malayalam film organization ‘AMMA’