ചില ബാധ്യതകൾ ഉള്ളതുകൊണ്ടാണ് മോഹൻലാൽ സിനിമകൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി. ഒരിടയ്ക്ക് മേജർ രവിയുടെ ആർമി സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന കണ്ണൻ പട്ടാമ്പി മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവർക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം കണ്ണൻ പറഞ്ഞത്.
മോഹൻലാലിന് മേജർ രവി വന്ന് ചോദിച്ചല്ലോ… എങ്ങനെ നോ പറയും എന്നൊക്കെയുള്ള ചിന്തയുള്ളതുപോലെ. ആളുകളെ വിഷമിപ്പിക്കാൻ അദ്ദേഹത്തിന് മടിയുണ്ട്. സ്വന്തം കഥാപാത്രം മാത്രം നോക്കി സിനിമ സെലക്ട് ചെയ്യുന്നില്ല. പിന്നെ മമ്മൂക്ക നോ പറഞ്ഞാലും ഇല്ലെങ്കിലും ആളുകൾ അടുത്തേക്ക് ചെല്ലാൻ മടിക്കും.
അങ്ങനൊരു സ്വഭാവമാണല്ലോ. കഥ കേൾക്കുന്നത് മമ്മൂക്ക തന്നെയാണ്. വേറെ ആരുടെയും അഭിപ്രായം ചോദിക്കാറില്ലെന്നും അങ്ങനെയാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും കണ്ണൻ പട്ടാമ്പി പറഞ്ഞു.
അടുത്തിടെയായി മമ്മൂട്ടിയുടെ ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റാണ്. എന്നാൽ ഏറെ കാലത്തിനുശേഷം ഹിറ്റായ മോഹൻലാലിന്റെ ഒരു സിനിമ നേരാണ്. മാത്രമല്ല മോൺസ്റ്റർ പോലുള്ള സിനിമകളിൽ അഭിനയിച്ചതിന് വലിയ വിമർശനവും മോഹൻലാൽ ഒരിടയ്ക്ക് നേരിട്ടിരുന്നു. ബറോസാണ് മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും നായകനും.
മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിലെ തന്റെ ഇമോഷണൽ രംഗം കണ്ട് മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞെന്നും തന്നെ അഭിനന്ദിച്ചുവെന്നും കണ്ണൻ പട്ടാമ്പി പറഞ്ഞു. മിഷൻ 90 ഡെയ്സിൽ എന്റെ സഹോദരന്റെ കഥാപാത്രത്തിന് സൈനേഡ് കൊടുത്തശേഷം ബോംബ് വെച്ച് മരിക്കുന്ന എന്റെ ഒരു രംഗമുണ്ട്. അതിൽ ഞാൻ കരയുന്ന സീനുണ്ട്.
ഞാൻ പ്രൊഡക്ഷൻ കൺട്രോളറാണല്ലോ… അതുകൊണ്ട് മമ്മൂക്ക ഞാനുമായി എപ്പോഴും ഉടക്കാണ്. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിലിരുന്ന് ഇയാള് ഉണ്ടാക്കിയത് ഒന്ന് കാണട്ടേയെന്ന് പറഞ്ഞ് മമ്മൂക്ക ഈ സീൻ ചോദിച്ച് വാങ്ങി കണ്ടു. സീൻ കണ്ട് കഴിഞ്ഞപ്പോൾ മമ്മൂക്കയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. പടത്തിന്റെ ക്രെഡിറ്റൊക്കെ കൊണ്ടുപോയല്ലോയെന്ന കമന്റും പറഞ്ഞു. നമ്മളെ കുറിച്ചുള്ള കോമഡികളൊക്കെ പറയുമ്പോൾ മമ്മൂക്കയ്ക്ക് താൽപര്യമാണ് അത് ആസ്വദിക്കാനും പറയാനുമെല്ലാം.
മമ്മൂക്കയെ ഒന്നും സെറ്റിൽ മാനേജ് ചെയ്യാൻ പ്രശ്നമില്ല. നാവിന്റെ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹം ദയാശീലനാണ്. ഭക്ഷണം കൊണ്ടുവന്നാൽ അദ്ദേഹത്തോടൊപ്പമിരുന്ന് കഴിക്കണം. അങ്ങനെയുള്ള ആളുകൾ വളരെ കുറവാണ്. മമ്മൂക്കയ്ക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. വെറുതെ മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും… ചൊറിയൻ വർത്തമാനം പറയും.
വിവാദമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കണ്ണൻ പട്ടാമ്പി ഒരു സമയത്ത് ഡോക്ടറെ ഉപദ്രവിച്ചതിന്റെ പേരിൽ സ്വന്തം നാടായ പാലാക്കാട് ജില്ലയിൽ കയറുന്നതിൽ നിന്നും വിലക്ക് നേരിട്ടിരുന്നു. ഗുണ്ടകൾക്ക് വേണ്ടി പാർട്ടി നടത്തിയതിന്റെ പേരിലും ഒരിടയ്ക്ക് വിവാദങ്ങളിൽ നിറഞ്ഞിരുന്നു കണ്ണൻ പട്ടാമ്പി. വിവാദങ്ങൾ ലോട്ടറി അടിക്കുന്നതുപോലെ വന്ന് പോവുന്നതാണ്.
കരുതിക്കൂട്ടി വിവാദങ്ങൾ ഉണ്ടാക്കുന്നതല്ല. എന്റെ കൂടെപ്പിറപ്പാണ് വിവാദം. നമ്മൾ അറിയാതെ വന്ന് ചേരുന്നതാണ്. നല്ലത് ചെയ്താലും ചീത്ത ചെയ്താലും വിവാദമുണ്ടാകും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും വിവാദം പാർസലായി വന്നുകൊണ്ടിരിക്കും. അങ്ങനൊരു ജാതക ഫലമാണ് തന്റേതെന്നാണ് മുമ്പൊരു അഭിമുഖത്തിൽ തന്റെ പേരിലുള്ള വിവാദങ്ങളെ കുറിച്ച് സംസാരിച്ച് കണ്ണൻ പറഞ്ഞത്.
ഗുണ്ടകൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്ന് നടൻ അതേ അഭിമുഖത്തിൽ പറഞ്ഞതും ചർച്ചയായിരുന്നു.
content highlight: kannan-pattambi-open-up-about-mohanlal-and-mammootty