Celebrities

‘നിങ്ങള്‍ അതിനെ വേറെ ഒരു രീതിയിലും വളച്ചൊടിക്കരുത്, അത് ഇവിടം കൊണ്ട് കഴിഞ്ഞു’: ശീലു എബ്രഹാം-Sheelu Abraham

അത് ഞങ്ങളുടെ സങ്കടം മാത്രമാണ്

മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ശീലു എബ്രഹാം. കഴിഞ്ഞദിവസം ശീലു എബ്രഹാം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ടൊവിനോ തോമസിന്റെയും ആസിഫലിയുടെയും പെപ്പെയുടെയും പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു ശീലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങളുടെ ചിത്രങ്ങള്‍ തഴഞ്ഞു എന്നും നിങ്ങളുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ പ്രേക്ഷകരിലേക്ക് നിങ്ങള്‍ കൊടുക്കുന്നു എന്നും പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശീലു എബ്രഹാം.

‘എന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പവര്‍ ഗ്രൂപ്പ് എന്ന വാക്കിനെ കുറിച്ച് എന്തിനാണ് നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ ആ പോസ്റ്റ് ഇട്ടത് എന്തിനാണെന്ന് അതില്‍ വളരെ വ്യക്തമായിട്ട് എഴുതിയിട്ടുണ്ട്. നിങ്ങള്‍ അപ്പോള്‍ അതിനെ വളച്ചൊടിച്ച് ഒരു പവര്‍ ഗ്രൂപ്പ് എന്നുള്ള ക്വസ്റ്റ്യന്റെ ആവശ്യം അവിടെയില്ല. ഞാന്‍ കൃത്യമായിട്ട് വളരെ ചുരുങ്ങിയ വാക്കുകളില്‍ എന്റെ സങ്കടം അവിടെ പറഞ്ഞിട്ടുണ്ട്. അത് എന്തിനായിരുന്നു എന്നുള്ളതും കൃത്യമായി പറഞ്ഞിട്ടുണ്ട്.’

ഒരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ല. എല്ലാവരുടേയും സിനിമകള്‍ നല്ലതാവണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ പോസ്റ്റ് കണ്ടിട്ട് എന്നെ ആരും വിളിച്ചിട്ടില്ല. വിഷമമില്ല. ഓണം സിനിമകള്‍ എന്ന് പറയുമ്പോള്‍ എപ്പോഴും ഒരു കോമ്പറ്റീഷന്‍ ഉണ്ടല്ലോ. അപ്പോള്‍ ഒരു കോമ്പറ്റീഷന്‍ ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായിട്ടും എല്ലാവരും ആര്‍ട്ടിസ്റ്റുകള്‍ ആണ്. അപ്പോള്‍ എല്ലാവര്‍ക്കും ഒരു വിഷമം വരുമല്ലോ. അപ്പോള്‍ എല്ലാവരും പ്രതീക്ഷിക്കും. എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്ത ആര്‍ട്ടിസ്റ്റുകളും പ്രതീക്ഷിച്ചു, അവരുടെ പേര് പറഞ്ഞില്ല. എങ്കിലും എല്ലാ സിനിമകളും നന്നായി വരട്ടെ എന്ന് അവര്‍ ഒന്ന് മെന്‍ഷന്‍ ചെയ്യുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. അപ്പോള്‍ അതുണ്ടായില്ല.’

‘ഒരുപക്ഷേ അത് മനപ്പൂര്‍വ്വം ആയിരിക്കില്ല. അങ്ങനെ അവര്‍ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. അവര്‍ക്ക് വിഷമം വന്നതിലും എന്റെ ബുദ്ധിമുട്ട് ഞാന്‍ അറിയിക്കുന്നു. അത് ഞങ്ങളുടെ ഒരു സങ്കടം മാത്രമാണ്. അതിനെ നിങ്ങള്‍ വേറെ ഒരു രീതിയിലും വളച്ചൊടിക്കരുത്. അത് ഇവിടം കൊണ്ട് കഴിഞ്ഞു. എല്ലാവരുടെയും സിനിമകള്‍ നന്നാവട്ടെ.’, ശീലു എബ്രഹാം പറഞ്ഞു.

ശീലു എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …’പവര്‍ ഗ്രൂപ്പുകള്‍’ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വിഡിയോയില്‍, നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ‘ബാഡ് ബോയ്‌സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പും’ നിങ്ങള്‍ നിര്‍ദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാര്‍ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവര്‍ക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.

story highlights: Sheelu Abraham about her facebook post