Celebrities

‘എന്റെ വിവാഹത്തിന് സിനിമയില്‍ നിന്ന് ആരെയും ക്ഷണിച്ചില്ല’: നമ്മള്‍ ഒന്നുമല്ലെന്ന് അങ്ങ് സ്വയം വിചാരിച്ചാല്‍ പോരെയെന്ന് പ്രേംകുമാര്‍- Prem Kumar

എനിക്ക് ആര്‍ഭാടകരമായ ജീവിതമേ ഇല്ല

നിലവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല വഹിക്കുന്ന നടനാണ് പ്രേം കുമാര്‍. മുമ്പ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേം കുമാര്‍. ഒരുപാട് മലയാള സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചിട്ടും ഉള്ള നടനാണ് അദ്ദേഹം. പൊതു വിഷയങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട് സമൂഹത്തില്‍. ഇപ്പോള്‍ ഇതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍.

‘ഞാന്‍ അങ്ങനെ ഒരു വലിയ സമ്പന്നന്‍ ഒന്നുമല്ല. ദരിദ്രനും അല്ല. എങ്കിലും എനിക്ക് അത്യാവശ്യം സിനിമ ഉണ്ടായിരുന്ന സമയത്ത് കിട്ടിയ കാശൊക്കെ ഞാന്‍ സുരക്ഷിതമായി തന്നെ സൂക്ഷിച്ചുവച്ചു. ഞാന്‍ ധൂര്‍ത്ത് അടിക്കുകയോ ആര്‍ഭാടപരമായി ജീവിതം നയിക്കുകയോ ചെയ്യാത്തതുകൊണ്ട് സിനിമ ഉള്ളപ്പോഴും സിനിമയില്ലാത്തപ്പോഴും എന്നെ സംബന്ധിച്ച് ഒരേപോലെ കഴിയാന്‍ പറ്റുന്നുണ്ട്. എനിക്ക് ഒരു ആര്‍ഭാടകരമായ ജീവിതമേ ഇല്ല.

നമ്മള്‍ ഒന്നുമല്ല എന്ന് അങ്ങ് സ്വയം വിചാരിച്ചാല്‍ പോരെ. നമ്മള്‍ എന്തിനാണ് താരപരിവേഷത്തില്‍ നടക്കുന്നത്. എന്റെ വിവാഹം രണ്ടായിരത്തിലാണ് കഴിഞ്ഞത്. വിവാഹത്തിന് എന്റെ ഏറ്റവും അടുത്ത കുറച്ചു കൂട്ടുകാരും ബന്ധുക്കാരും നാട്ടുകാരും ആയിട്ടുള്ള ലളിതമായ ഒരു ചടങ്ങ് ആയിരുന്നു. സിനിമയില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല എന്റെ വിവാഹത്തിന്. ഞാനത് ഒഴിവാക്കുക ഒന്നുമല്ല. പക്ഷേ ഒരാളെ വിളിക്കുമ്പോള്‍ അവിടുത്തെ ലൈറ്റ് ബോയി മുതല്‍ നടനെ വരെ വിളിക്കേണ്ടിവരും. അപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞാന്‍ ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളില്‍ പോലും അത് ഒരു വാര്‍ത്തയായിരുന്നില്ല.

ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരുന്ന്.. ഞങ്ങള്‍ക്കൊരു മകള്‍ ആണുള്ളത്. അവളുടെ ഒരു ഒരു ജന്മദിനം പോലും ഞാന്‍ ആഘോഷിച്ചിട്ടില്ല. ഈ ഭൂമിയില്‍ എത്രയോ ദരിദ്രരായിട്ടുള്ള ആളുകളുണ്ട്. അവരെക്കുറിച്ചുള്ള ഒരു ചിന്ത നമ്മുടെ ഉള്ളിലുണ്ട്. അത് അവരെ ബോധ്യപ്പെടുത്താന്‍ ഒന്നുമല്ല, എനിക്ക് സ്വയം ബോധ്യപ്പെടാനാണ്. അല്ലെങ്കില്‍ എന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയിട്ടാണ്.’, പ്രേംകുമാര്‍ പറഞ്ഞു.

STORY HIGHLIGHTS: Prem Kumar about his life