ഹൃദയരാഗം
ഭാഗം 57
ചോദിക്കുകയാണെങ്കിൽ കാലത്തെ അമ്പലത്തിൽ പോയി എന്ന് പറഞ്ഞാൽ മതി, സമാധാനം കിട്ടാൻ വേണ്ടി അവിടെ പോയിരുന്നു എന്ന്…
” അപ്പോൾ മറ്റേനാളെ വെളുപ്പിന് അഞ്ചു മണി, മറക്കണ്ട…
അവന്റെ വാക്കുകളിൽ അവൾക്ക് സമാധാനം തോന്നിയിരുന്നു. തന്റെ ജീവിതത്തിലെ ഒരു നിർണായകമായ ദിവസമാണെന്ന് അറിയാതെ അവൾ സമാധാനപൂർവ്വം നിദ്രയെ പുൽകി തുടങ്ങി..
അന്ന് രാവിലെ അല്പം നേരത്തെ തന്നെ അവൾ ഉണർന്നിരുന്നു ശേഷം അമ്മയുടെ അരികിലേക്ക് ചെന്നു, കുറേ ദിവസങ്ങളായി അമ്മയോട് സംസാരിക്കുന്നു പോലുമില്ല, മുഖം വീർപ്പിച്ചാണ് തന്നെ കാണുന്നത്, അരികിലേക്ക് ചെല്ലുമ്പോൾ എല്ലാം മുഖം വീർപ്പിച്ചാണ് നിൽക്കുന്നത്, അരികിൽ ചെന്ന് അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി, ഒന്നും പറയാതെ ഇരിക്കുകയാണ്.
” എനിക്ക് അമ്പലത്തിൽ പോണം….
” ഇപ്പോഴേന്താ പെട്ടെന്നൊരു അമ്പലത്തിൽ പോക്ക്, അവനവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ടോ..? അല്പം ദേഷ്യത്തോടെ തന്നെയാണ് സുഭദ്ര ചോദിച്ചത്,
” മനസ്സിന് സമാധാനം ഇല്ലെങ്കിൽ പിന്നെ ഈശ്വരന്മാർ അല്ലാതെ മറ്റാരും കൂട്ടുണ്ടാവില്ലല്ലോ…
” തൽക്കാലം നീ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല
” എന്തൊരു കഷ്ടമായിത്, എന്നെ ഇവിടെ പൂട്ടിയിട്ടിരിക്കുകയാണോ..? എങ്ങോട്ട് ഇറങ്ങല്ലെന്ന് പറയാൻ വേണ്ടി,
” നിന്നെ ഇവിടുന്ന് സ്വാതന്ത്ര്യം ആയിട്ട് ഇറക്കി വിട്ടോണ്ടിരുന്നതല്ലേ അപ്പോഴല്ലേ മറ്റുള്ളവർക്ക് മാനക്കേട് ഉണ്ടാക്കുന്ന ഒരു കാര്യങ്ങളും ആയിട്ട് നീ തിരിച്ചുവന്നത്… ഇനിയിപ്പോ പൂട്ടിയിട്ടപോലെ നിന്നാൽ മതി, എന്താ സംഭവിക്കുന്നത് എന്ന് നോക്കട്ടെ….
” അമ്മേ എനിക്ക് അമ്പലത്തിൽ പോകണം, എങ്ങും പോകണ്ടാന്ന് പറഞ്ഞില്ലേ,
അവർ അത്രയും പറഞ്ഞു അപ്പുറത്തേക്ക് പോയപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു….
സ്വന്തം വീട്ടിൽ പെട്ടെന്ന് തന്നെ ഒറ്റയ്ക്ക് ആക്കപ്പെട്ടുപോയവൾ, എന്താണ് അതിനുമാത്രം താൻ ചെയ്ത കുറ്റം, ഒരുവനെ ഇഷ്ടപ്പെട്ടതോ.? കുടുംബത്തിന് മോശമാകുന്ന ഒരു കാര്യങ്ങൾക്കും ഇന്നുവരെ താൻ നിന്നിട്ടില്ല, ഇപ്പോഴും അവനൊപ്പം ഇറങ്ങി പോകണം എന്ന് പോലും താൻ ചിന്തിക്കുന്നില്ല… എല്ലാവരുടെയും ഇഷ്ടത്തോടെയുള്ള ഒരു വിവാഹം മാത്രമാണ് ഉള്ളിലുള്ളത്, പക്ഷേ തന്റെ ജീവിതം അപകടത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കിയിട്ട് പോലും അച്ഛൻ കുടുംബത്തിനും നാട്ടുകാർക്കും വേണ്ടി തന്റെ ജീവിതം ത്യാഗം ചെയ്യാൻ പോകുന്നു, വിവേകിനെ വിശ്വാസം ഉണ്ടായിട്ടില്ല കുടുംബത്തിന്റെ പേര് രക്ഷിക്കാൻ ആണ് ഇപ്പോൾ ഈ വിവാഹത്തിന് വേണ്ടി അച്ഛൻ മുൻകൈയെടുക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു, വിവേക് അത്ര നല്ലവൻ അല്ലെന്ന് ഇത്രയും പറഞ്ഞതിൽ നിന്ന് അച്ഛനെ നേരിയ സംശയം പോലും ഇല്ലന്ന് കാര്യത്തിൽ അവൾക്ക് അത്ഭുതം തോന്നിയിരുന്നു, എത്രയോ പെൺകുട്ടികളുടെ ജീവിതമാണ് ഇങ്ങനെ വീട്ടുകാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വേദനയിൽ ആകുന്നതെന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു പോയിരുന്നു, തന്നെപ്പോലെ എത്രയോ പെൺകുട്ടികൾ ഓരോ വീടിന്റെയും അകത്തളങ്ങളിൽ ഇത്തരത്തിൽ കണ്ണുനീരിനെ ലാവയാക്കിയിട്ടുണ്ടാകും.. ഓരോ വട്ടവും ഒരു പത്രത്തലകെട്ടിലോ വാർത്താമാധ്യമങ്ങളിലെ അന്തി ചർച്ചയിലോ മാത്രമായി അവളുടെ ദുരവസ്ഥ ചർച്ച ചെയ്യപ്പെടും, അതിനുമപ്പുറം വീണ്ടും അവൾ ഒരു പഴങ്കഥയായി മാറും… ചർച്ച ചൂടുപിടിക്കുന്ന സമയങ്ങളിൽ മാത്രം അവളുടെ ദുരവസ്ഥയെ പറ്റി കൂടുതൽ ആളുകൾ സംസാരിക്കും, ഇങ്ങനെയൊരു അവസ്ഥ അവൾക്ക് വന്നല്ലോന്ന്, ഒന്ന് ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അവൾ ആത്മഹത്യ ചെയ്യില്ലായിരുന്നുന്ന് എല്ലാവരും പറയും, അതിനുമുൻപ് ഒറ്റയ്ക്കായി പോകുന്നവളെ ഒന്ന് ചേർത്ത് പിടിക്കാനോ ഒരു വാക്കു പറഞ്ഞാൽ ആശ്വസിപ്പിക്കാനും ആരും ഉണ്ടാവില്ല… അപ്പോൾ എല്ലാവർക്കും പ്രാധാന്യം കുടുംബത്തിന്റെ പേരും അന്തസ്സും ഒക്കെ തന്നെയായിരിക്കും, ഇങ്ങനെയാണ് ഓരോ പെൺകുട്ടികളും ഒരുമുഴം കയറിലോ ഒരു വിഷകുപ്പിയിലും ഒടുങ്ങി പോകുന്നത്, ജീവിതം അവസാനിക്കുന്നതിന് തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ അവർ എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാവും, തങ്ങൾക്ക് യാതൊരു വിലയും നൽകാത്ത എല്ലാ മനുഷ്യരെയും ആ നിമിഷം അവർ മനസ്സിൽ ഓർത്തിട്ടുണ്ടാകും, ജന്മം നൽകിയവർ പോലും അകറ്റിനിർത്തുന്ന നിമിഷം ഈ ജീവിതത്തോട് തന്നെ വിരക്തി തോന്നിയിട്ടുണ്ടാവും, അതിലും മികച്ചത് മരണമാണെന്ന് തോന്നിക്കാണും… ഒരു ദുഃഖങ്ങളും ഇല്ലാത്ത ലോകത്തേക്ക് പോകാം എന്ന് അങ്ങനെയാവും അവർ തീരുമാനിക്കുന്നത്, ഇത്തരം സാഹചര്യത്തിൽ നിൽക്കുന്ന ഒരു പെൺകുട്ടിയെയും ആത്മഹത്യ ചെയ്തതിന്റെ പേരിൽ കുറ്റം പറയാൻ പറ്റില്ലെന്ന് ആ നിമിഷം അവൾക്ക് തോന്നി, ഈ നിമിഷം താനും ആഗ്രഹിക്കുന്നത് അതല്ലേ..?
അടർന്നുവന്ന മിഴിനീർ കൈകളാൽ തുടച്ച് അവൾ അകത്തേക്ക് പോയി…
ആരുമില്ലെന്ന് ഉറപ്പുവരുത്തി തലയണക്കടിയിൽ നിന്ന് ഫോൺ എടുത്തു നോക്കി, നിരവധി മെസ്സേജുകൾ വന്നു കിടക്കുന്നുണ്ടായിരുന്നു, എല്ലാം അവന്റെത് തന്നെയായിരുന്നു, നാളത്തെ കാര്യം മറക്കരുത് എന്ന് ഓരോ മെസ്സേജിനും അവൻ ഓർമ്മിപ്പിക്കുന്നുണ്ട്, അവനെ ഇതിലേക്ക് വലിച്ചിട്ടത് താൻ ആണ്… പ്രണയം മനസ്സിൽ പോലും ഉണ്ടാകാതിരുന്ന ഒരുവനെ പിറകെ നടന്ന് ശല്യപ്പെടുത്തി സ്നേഹിപ്പിക്കുകയായിരുന്നു താൻ, പലവട്ടം അവൻ ഒഴിഞ്ഞു മാറിയതാണ് മോഹം കൊടുത്തവനെ ചതിക്കാൻ അവൾക്ക് മനസ്സ് വന്നില്ല.. അതുകൊണ്ടുതന്നെ നിശ്ചയിച്ചു ഉറപ്പിച്ചതുപോലെ എന്ത് പ്രതിസന്ധികൾ ഉണ്ടായാലും നാളെ രാവിലെ അവൻ പറഞ്ഞതുപോലെ രജിസ്റ്റർ ഓഫീസിൽ എത്തണമെന്ന് അവൾ ഉറപ്പിച്ചിരുന്നു, അതുതന്നെയാണ് നല്ലത്..! തന്റെ ജീവിതത്തിന് യാതൊരു വിലയും നൽകാത്തവർക്ക് മുൻപിൽ കുറച്ചെങ്കിലും ഒന്ന് ജയിച്ചു കാണിച്ചു കൊടുക്കണം, പറഞ്ഞതു പോലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള ത്യാഗം ആവരുത് ജീവിതം, നമുക്കുവേണ്ടി തന്നെ ജീവിച്ചു തീർക്കണം, നമ്മുടെ സന്തോഷങ്ങൾക്ക് തന്നെ മൂല്യം നൽകണം, ഇല്ലെങ്കിൽ ജീവിതത്തിൽ തോറ്റു പോകുന്നത് നമ്മൾ മാത്രമായിരിക്കും… ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമാണ് നമ്മുടെ വേർപാട് പോലും, നമ്മുടെ പ്രിയപ്പെട്ടവരെ ചെറിയ കാലയളവിൽ കൂടുതൽ ആരെയും അലട്ടുന്നില്ല… എല്ലാ കാര്യത്തിലും നഷ്ടം നമുക്ക് മാത്രമാണ്, നമ്മുടെ ജീവിതവും നമുക്ക് വേണ്ടി മാത്രമായി നമ്മൾ വാർത്തെടുക്കണം… ആദ്യ പ്രാധാന്യം എന്നും നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി തന്നെയായിരിക്കണം, നമുക്ക് വേണ്ടി ചിന്തിക്കാൻ നമ്മൾ മാത്രമേയുള്ളൂ എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും നഗ്നമായ ഒരു സത്യം… സത്യത്തിൽ നമ്മൾ അല്ലാതെ മറ്റാരും നമ്മളെക്കുറിച്ച് ആകുലരാവാറില്ല . ചിന്തകൾ വല്ലാതെ കാട് കയറുന്നത് അവൾക്ക് തോന്നി,
അന്നത്തെ ദിവസം കടയിലേക്ക് വിശ്വനാഥനും പോയിരുന്നില്ല, മരണവീട് പോലെയായിരുന്നു ആ വീട്…. എല്ലാവരും അവരവരുടെ മുറികളിൽ തന്നെ കഴിച്ചുകൂട്ടി, ഭക്ഷണം കഴിക്കുന്ന സമയമാകുമ്പോൾ മാത്രം വഴിപാട് പോലെ അമ്മ വന്നു വിളിക്കും. അന്ന് രാവിലെ പതിവിലും നേരത്തെ അവളുണർന്നു, അലാറം കേട്ടപ്പോൾ തന്നെ എഴുന്നേറ്റു, വല്ലാത്തൊരു ധൈര്യം എവിടെ നിന്നോ തന്നെ വന്നു മൂടുന്നത് പോലെയാണ് അവൾക്ക് തോന്നിയത്, ഇവിടെ ജയിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് താൻ തോറ്റുപോകും എന്ന് ആരൊക്കെയോ പറഞ്ഞു തരുന്നത് പോലെ… ശബ്ദം ഉണ്ടാക്കാതെ കുളിമുറിയിൽ പോയി കുളിച്ചു, കൂട്ടത്തിൽ നല്ലൊരു ചുരിദാർ തന്നെയാണ് അണിഞ്ഞത്, ദിവസങ്ങൾക്ക് ശേഷമാണ് കണ്ണുകൾ അഞ്ചനം കാണുന്നത്.. നന്നായി തന്നെ ഒരുങ്ങി, എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല… അവനെ കാണാൻ പോകുന്നത് കൊണ്ടാണോ മനസ്സ് ഇത്രയും തുടി കോട്ടുന്നത് എന്ന് അവൾ ചിന്തിച്ചു… ഫോണെടുത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവന്റെ ഫോണെത്തി, പെട്ടെന്ന് തന്നെ എടുത്തു, ശബ്ദം അടക്കിപ്പിടിച്ചാണ് സംസാരിച്ചത്…
” എഴുന്നേറ്റോ…?
“റെഡി ആയി…
“ഉം… നിനക്ക് പേടിയില്ലേ തന്നെ വരാൻ,
” ഉണ്ട്…. പക്ഷേ നമ്മുടെ ജീവിതത്തിന് വേണ്ടി എത്ര വലിയ റിസ്ക് എടുക്കാനും എനിക്ക് കുഴപ്പമില്ല,
” അങ്ങനെ നീ തൽക്കാലം റസ്റ്റ് എടുക്കണ്ട, നിന്റെ വീടിന്റെ അവിടുന്ന് ഒരു 10 അടി കഴിഞ്ഞാൽ ഒരു കലങ്കില്ലേ..? അവിടെ കിരൺ ഉണ്ടാവും വണ്ടിയുമായിട്ട്, നീ അവന്റെ വണ്ടിയിൽ കയറിയാൽ മതി… അവന് വണ്ടിയും കൊണ്ട് കവലയിലേക്ക് വരും, അപ്പോൾ ഞാൻ അവിടെയുണ്ടാവും… ഞാൻ അങ്ങോട്ട് വന്ന് ആരെങ്കിലും കണ്ടാൽ പിന്നെ അത് പ്രശ്നമാവും, കിരൺ ആകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞു നിൽക്കാം, സൂരജിനെ കാണാൻ വന്നതാണെന്ന് പറഞ്ഞാലും എല്ലാവരും വിശ്വസിച്ചോളും, അഥവാ പ്ലാൻ വർക്ക്ഔട്ട് ആയില്ലെങ്കിലും നമുക്ക് വീണ്ടും ഇങ്ങനെ ഒന്ന് ഇറങ്ങേണ്ടി വന്നാൽ അതിന് ഞാനിപ്പോൾ അങ്ങോട്ട് വരുന്നത് സേഫ് അല്ല, അമ്മയോട് ഞാൻ ചെറിയൊരു സൂചന കൊടുത്തു, നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി അമ്മ ഇപ്പോൾ വെളുപ്പിനെ ഗുരുവായൂർക്ക് പോവാ,
” അമ്മ എതിർത്തോ?
” എതിർത്തൊന്നുമില്ല അങ്ങനെ നിന്നെ വിളിച്ചുകൊണ്ടു വരുന്നത് ശരിയല്ലെന്ന് എന്നോട് പറഞ്ഞു,
ഞാൻ പറഞ്ഞു വിളിച്ചോണ്ട് ഒന്നും വരില്ല തൽക്കാലം ഒരു വിശ്വാസത്തിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നതേയുള്ളൂ എന്ന്, കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് മനസ്സിലായി. അതുകൊണ്ടാ അമ്മ വൃതം എടുത്ത് ഗുരുവായൂര് പോകാമെന്ന് കരുതിയത്, അമ്മയെക്കൊണ്ട് വിട്ടതിനു ശേഷം പെട്ടെന്ന് തന്നെ കവലയിൽ വരും, അപ്പോൾ നമുക്ക് നേരെ പോകാം…
” ശരി അനുവേട്ടാ, എനിക്ക് അനുവേട്ടനെ ഒന്ന് കണ്ടാൽ മതി, എത്ര ദിവസം ആയി ഈ വീർപ്പു മുട്ടൽ,
” എനിക്കും നിന്നെ കാണാതെ ഒട്ടും പറ്റുന്നില്ല….
അവന്റെ സ്വരം ആർദ്രമായി…
തുടരും..