ഹൃദയരാഗം
ഭാഗം 59
ഒരു മറുപടിയും ഉണ്ടായിരുന്നില്ല…
രണ്ടുപേരും ഒരുമിച്ച് അകത്തേക്ക് കയറി, അകത്തേക്ക് കയറും തോറും ഒരു സംഘടനം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും മുറിയിൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു… അടുക്കളയിലേക്ക് ചെന്നതും രണ്ടുപേരും ആ കാഴ്ച കണ്ട് ഭയന്ന് പോയിരുന്നു…
അകത്തെ മുറിയിൽ രക്തത്തിൽ കുളിച്ച് ഒരു രൂപം, അയാളുടെ ഒരു കൈ അറ്റു പോയിരിക്കുന്നു..! ഒപ്പം ശരീരത്തിൽ മുഴുവൻ വെട്ടുകൊണ്ട് പാടുകൾ, കട്ട ചോരയുടെ ഗന്ധവും അവിടെയെല്ലാം പടർന്നിരിക്കുന്നു…. കിരണും ദിവ്യയും പരസ്പരം നോക്കി പോയി, ചുവര് ചാരി ഒരു കറുത്ത ഷർട്ട് അണിഞ്ഞു മുടി അലങ്കോലമായി കയ്യിൽ ഒരു വെട്ടുകത്തിയും പിടിച്ച മുഖം കുനിച്ചിരിക്കുന്ന രൂപം അനന്തുവിന്റെ തന്നെയാണെന്ന് മനസ്സിലാക്കി എടുക്കാൻ കുറെ സമയം വേണ്ടിവന്നു രണ്ടുപേർക്കും…..
” നന്ദു……എന്താടാ എന്താ പറ്റിയത് കിരൺ ഓടി അവൻ അരികിലേക്ക് വന്നു…..
അരികിൽ വന്നപ്പോഴാണ് ആ രൂപത്തിന്റെ മുഖം കിരൺ കണ്ടത് അത് അവന്റെ രണ്ടാം അച്ഛനായിരുന്നു ലോറിക്കാരൻ രാഘവൻ….
സ്ഥലകാലബോധം നഷ്ടപ്പെട്ടവനെ പോലെ അവൻ മൂന്നു ഭാഗത്തേക്കും നോക്കി,
” അമ്മു….. എന്റെ കുട്ടി, അവളെവിടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവൻ ആദ്യം ചോദിച്ചത് അതാണ്….
പെട്ടെന്ന് ഒന്നും മനസ്സിലാവാതെ കിരൺ അവനെ നോക്കി, ആരെയും നോക്കാതെ ഒരു ഭ്രാന്തനെ പോലെ അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി, അകത്തെ മുറിയിൽ ബോധരഹിതയായി കിടക്കുന്ന കുഞ്ഞു പെങ്ങളിലേക്ക് മാത്രമായിരുന്നു അപ്പോൾ അവന്റെ ശ്രദ്ധ…. അവിടെയിരുന്ന് ഗ്ലാസ്സിൽ നിന്ന് ഒരല്പം വെള്ളം തട്ടി കുടഞ്ഞ് അവളുടെ മുഖത്തേക്ക് ഒഴിച്ചു നേരിയ അനക്കം അവളിൽ വച്ച് തുടങ്ങിയ നിമിഷമാണ് അവൻ വർത്തമാനകാലത്തിലേക്ക് തിരികെ വന്നത് എന്ന് തോന്നി….
” അനുവേട്ടാ….!
ചിലമ്പിച്ച ദിവ്യയുടെ ഒച്ചയാണ് അവനെ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവന്നത്,
പെട്ടെന്നാണ് എന്താണ് അവിടെ സംഭവിച്ചത് എന്ന് ബോധം അവനും ഉണ്ടായത്…. ഒരു നിമിഷം അവൻ കിരണിനെയും ദിവ്യയെയും മാറിമാറി നോക്കി…
” നിങ്ങള് പൊയ്ക്കോ…. ഇവിടുന്ന് പൊയ്ക്കോ, ദിവ്യെ മോളെ നീ എന്നോട് ക്ഷമിക്ക്, നിന്നെ സ്വന്തമാക്കാൻ എനിക്ക് സാധിച്ചില്ല, നമുക്ക് ഒരുമിച്ച് ഒരു ജീവിതം വിധിച്ചിട്ടുണ്ടാവില്ല… ഇല്ലെങ്കിൽ ഈ അവസാന നിമിഷം ഇങ്ങനെ സംഭവിക്കില്ലല്ലോ, കിരണേ, നീ ഇവളെ എത്രയും പെട്ടെന്ന് വീട്ടിൽ കൊണ്ടാക്കണം… ഇല്ലെങ്കിൽ പിന്നെ ശരിയാവില്ല, പോലീസ് ഒക്കെ വരും,
അവൻ ഒരു ഭ്രാന്തനെ പോലെ പുലമ്പി…
” അനുവേട്ടൻ എന്തൊക്കെ ഈ പറയുന്നത്?
അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവനെ നന്നായി ഉലച്ചു അവൾ ചോദിച്ചു…
” ഒന്നും പറഞ്ഞു നിൽക്കാൻ സമയമില്ല, നീ ഇവിടുന്ന് പോ…
അവൻ ആക്രോശിച്ചു….
” ഞാൻ എങ്ങും പോകില്ല, ഇങ്ങനെ ഒരു അവസ്ഥയിൽ ഒറ്റയ്ക്ക് ആക്കിയിട്ട് ഞാനിവിടുന്ന് എങ്ങോട്ടും പോകില്ല…. എന്താ സംഭവിച്ചത് എന്നോട് പറ,
അവൾ ചോദിച്ചു…
” അമ്മേ ഗുരുവായൂർക്ക് കൊണ്ട് വിട്ടതിനു ശേഷം മൊബൈൽ മറന്നതുകൊണ്ട് ഞാൻ തിരികെ ഇങ്ങോട്ട് വന്നത്, ഞാൻ ഇവിടെ വന്നപ്പോൾ അമ്മുക്കുട്ടിയുടെ കരച്ചിൽ കേട്ടാ മുറിയിലേക്ക് ചെല്ലുന്നത്… അപ്പോഴേക്കും അവളുടെ ശരീരത്തിലേക്ക് എന്തോ അയാൾ കുത്തി വച്ചിട്ടുണ്ടായിരുന്നു, ആ നിമിഷം തന്നെ അവൾ ഉറങ്ങിപ്പോയി, എന്ത് ചെയ്യുമെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ഒളിച്ചു നിന്നത്… ആ സമയത്ത് സ്വന്തം മോളെ അയാൾ നശിപ്പിക്കാൻ നോക്കായിരുന്നു, അവളുടെ വസ്ത്രങ്ങൾ മാറ്റി ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അയാളെ പിടിച്ചത്… ഒന്നും രണ്ടും പറഞ്ഞത് പ്രശ്നമായി, സ്വന്തം മോളോട് ഇങ്ങനെ ഒരു നീച പ്രവർത്തി ചെയ്യാൻ എങ്ങനെ തോന്നിയെന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് പറയാ നിന്റെ അമ്മ എത്രപേർക്ക് കിടക്ക വിരിച്ചിട്ടുണ്ട് അതുകൊണ്ട് ഇത് എന്റെ തന്നെയാണെന്നുള്ളതെന്ന് എന്ത് ഉറപ്പാണ് എന്ന്….. അതുംകൂടി കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല, ഞങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി… പിന്നീടത് കയ്യാകളിയിലേക്ക് എത്തി, അവസാനം അയാൾ എന്റെ തലയ്ക്ക് അടിച്ചു, നെറ്റിയിൽ നിന്ന് ചോര വന്ന് ബോധം കെടുമെന്ന് തോന്നിയ നിമിഷം അടുക്കളയിൽ ചെന്ന് വെട്ടുകത്തിയെടുത്ത് ഞാൻ അയാളെ വെട്ടിയത്, ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്റെ കുട്ടിയെ അയാൾ നശിപ്പിച്ചേനെ…. പലവട്ടം അവൾ എനിക്ക് സൂചന തന്നിട്ടുണ്ട്, വസ്ത്രം മാറുന്നിടത്തും അല്ലാതെയും ഒക്കെ തെളിഞ്ഞു നിൽക്കുന്നുണ്ടെന്ന്, അപ്പോഴൊക്കെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു എന്നോട് കാണിക്കുന്നത് പോലെയല്ലല്ലോ, അവളോട് ഒരിക്കലും അയാൾ മോശമായ രീതിയിൽ ഇടപെടുക ചെയ്യില്ലന്ന്, മോളെന്നൊന്നുമില്ല അയാൾക്ക് എന്ന് എനിക്ക് മനസ്സിലായി, ഒരു സ്ത്രീ ശരീരം മാത്രമാണ് അയാൾക്ക് ആവശ്യം…. കാമം തീർക്കാനും പിന്നീട് പണം ഉണ്ടാക്കാനും, ഇങ്ങനെയുള്ളവന്മാർ ഒന്നും ജീവിച്ചിരിക്കാൻ അർഹത ഇല്ലാത്തവരാണ്… അതുകൊണ്ടു തന്നെയാണ് ഞാൻ അയാളെ കൊന്നത്, ..
അവൻ എന്തോ ഒരു ഉന്മാദ അവസ്ഥയിൽ ആയിരുന്നു….
“എന്തൊക്കെയെ ഈ പറയുന്നത്, ഇനി അനുവേട്ടന് ട്രെയിനിങ്ങിന് ജോയിൻ ചെയ്യാൻ പറ്റുമോ…? അനുവേട്ടന്റെ ഭാവി പോയില്ലേ,
അവൾ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു…
” പോയി….എന്നെപ്പോലെയുള്ളവർക്ക് ഇതൊന്നും പറഞ്ഞിട്ടില്ല,എന്റെ ഭാവി ഏതെങ്കിലും ജയിലിൽ ഒടുങ്ങാനാണ് വിധി… അതാ ഇങ്ങനെ തന്നെ സംഭവിച്ചത്, തെറ്റുപറ്റിയത് നിനക്ക് ആണ്… എന്നെപ്പോലെ ഒരുത്തനെ നീ സ്നേഹിക്കാൻ പാടില്ലായിരുന്നു, ഇനി നിന്റെ കണ്ണുനീരിന്റെ ശാപം കൂടി ഈ ജന്മം ഞാൻ ഏറ്റുവാങ്ങേണ്ടേ…? മറന്നേക്കണം എന്നെ നീ മറന്നേക്കണം, ഇനി നിന്റെ ജീവിതത്തിൽ ഞാനില്ല…! ഞാൻ കാരണം നിനക്ക് വിഷമങ്ങൾ ഉണ്ടായിട്ടുള്ളൂ, പഠിച്ച് നല്ല കുട്ടിയായി നല്ലൊരു ജോലി വാങ്ങണം, ഞാൻ ജയിലിലേക്ക് പോയിക്കഴിയുമ്പോൾ നിന്റെ കല്യാണം ഒന്നും അച്ഛൻ നടത്തില്ല… എന്നെക്കുറിച്ച് പിന്നെ പേടി വേണ്ടല്ലോ, ഈ തെമ്മാടി ചെക്കനെ കുറിച്ച് ആലോചിക്കാതെ ഭദ്രമായിട്ട് മകളുടെ ഭാവി നിന്‍റെ അച്ഛൻ സുരക്ഷിതമാക്കിക്കോളും… എന്നെ മറന്നേക്ക് ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് ഒരുമിക്കാമെന്ന് മാത്രേ എനിക്ക് പറയാൻ കഴിയു, ആ ജന്മത്തിൽ അനന്ദു ഇങ്ങനെയൊരു തെമ്മാടിയായി ജനിക്കാതിരിക്കട്ടെ…. ചിലർക്ക് തലയിൽ വരച്ചുവിടുന്നത് ഇങ്ങനെയാണ്…. അത് മാറ്റാൻ ആർക്കും പറ്റില്ല,
അവൻ കരഞ്ഞു പോയി….
” എന്തൊക്കെയാണ് നീ പറയുന്നത്,
കിരണും കരഞ്ഞു പോയിരുന്നു…
” നിങ്ങൾ ഇവിടെ നിൽക്കണ്ട, ഇത് ഞാൻ മാത്രമേ അറിഞ്ഞിട്ടുള്ളൂ, ഞാൻ മാത്രം അറിഞ്ഞാൽ മതി… അവൾക്ക് ബോധമില്ല, അവൾ ഉണർന്നു വരുമ്പോഴേക്കും പോലീസ് വരും, നിങ്ങളെ പൊയ്ക്കോ… നിങ്ങൾ ഇതിൽ പെടേണ്ട
അവൻ പറഞ്ഞു..
” പോലീസ് വരുമെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്…?ആരും അറിഞ്ഞിട്ടില്ലല്ലോ, നമുക്ക് എങ്ങനെയെങ്കിലും ഈ ബോഡി ഇവിടുന്ന് മാറ്റാം…
“ഇല്ലടാ, അപ്പുറത്ത് ഉള്ള ആരൊക്കെയോ എന്തൊക്കെയോ കേട്ടിട്ടുണ്ട്, അപ്പുറത്തെ സുധാകരൻ വന്നു നോക്കിയിരുന്നു, ഇയാൾ രക്തത്തിൽ കിടക്കുന്നത് കണ്ടിട്ട് അയാൾ ഓടി പോയത്,
മരവിച്ചൊരു അവസ്ഥയിലായിരുന്നു ദിവ്യ….ഉള്ളം കയ്യിൽ നിന്നും ജീവിതം ചോർന്നു പോകുന്നത് അവൾ അറിഞ്ഞു,
“ദിവ്യയെ കൊണ്ടുവിടു, അവളുടെ പേര് എങ്ങും വരാൻ പാടില്ല,
” ഞാൻ എങ്ങോട്ടും പോകില്ല അനുവേട്ടാ….
ഉറപ്പോടെ അവൾ പറഞ്ഞു,
” ഞാൻ പറയുന്നത് കേൾക്ക് ദിവ്യ….
അവൻ ദേഷ്യത്തോടെ പറഞ്ഞു..
” കേൾക്കില്ല മരണത്തിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അനുവേട്ടൻ ഒപ്പം മാത്രമാണ് ഇനി എന്ന് കരുതിയാണ് ഞാൻ വീട്ടിൽനിന്നിറങ്ങിയത്…. അങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ എനിക്ക് പറ്റില്ല….
അവൾ അവനെ ഇറുകെ പുണർന്നു….
” ഞാൻ എങ്ങോട്ടാ നിന്നെ കൊണ്ടുപോകുന്നത്, എന്റെ കൂടെ ജയിലിലേക്കോ..?
അവളെ ചേർത്ത് പിടിച്ചു കരഞ്ഞു അവൻ ചോദിച്ചു..
” അതിന് അനുവേട്ടൻ ജയിലിലേക്ക് പോയാലല്ലേ…?
” നീ എന്തൊക്കെയാ പറയുന്നത്…
അവളെ തന്നിൽ നിന്ന് അകറ്റി അവൻ ചോദിച്ചു…
” ആ ഷർട്ട് മാറ്….
കണ്ണുനീർ തുടച്ചു അവൾ പറഞ്ഞു…
” ദിവ്യ നീ എന്താ സ്ഥലകാല ബോധമില്ലാത്ത സംസാരിക്കുന്നത്….
പെട്ടെന്ന് അവിടെ ഇരുന്ന ഒരു അലൂമിനിയം കു mടത്തിൽ നിന്നും ഒരു കുടം വെള്ളം എടുത്ത് അവൾ അവന്റെ തലവഴി ഒഴിച്ചു, ഒന്നും മനസ്സിലാവാതെ കിരൺ അവളെ തന്നെ നോക്കി നിന്നു…
” വേഷം മാറിയിട്ട് വാ അനുവേട്ടാ,
” നീ എന്തൊക്കെയാ പറയുന്നത്…..
” ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ ഈ നിമിഷം നിങ്ങളുടെ മുൻപിൽ കിടന്ന് ഞാൻ മരിക്കും…
എല്ലാം നഷ്ടപ്പെട്ടു നിക്കാണ് ഞാൻ, ഇനി എന്റെ മുൻപിൽ മരണമല്ലാതെ മറ്റൊന്നുമില്ല… അവളുടെ മുഖഭാവം കണ്ടു അവനും ഭയം തോന്നിയിരുന്നു…
അവൾ പറഞ്ഞത് അനുസരിച്ച് തോർത്തെടുത്ത് മുഖവും തലയും ഒന്ന് തോർത്തി അവൻ ഷെഡിലേക്ക് പോയി, ഒരു കൈലിയും മറ്റൊരു ഷർട്ടും അണിഞ്ഞു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അവനെ നടുക്കുന്നത് ആയിരുന്നു….
തുടരും…