തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാതെ യാത്ര ചെയ്യണോ? എങ്കിൽ ഷിംലയുടെ മനോഹാരിതയിലേക്ക് യാത്ര തിരിക്കാം. സഞ്ചാരികളില്‍ അധികം അറിയപ്പെടാത്ത നിരവധി ഇടങ്ങൾ ഇന്നാട്ടിലുണ്ട്. മഞ്ഞു പൊതിഞ്ഞ മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അങ്ങനെയൊരിടമാണ് സോളൻ. ഇന്ത്യയുടെ മഷ്റൂം സിറ്റി എന്നാണ് സോളൻ അറിയപ്പെടുന്നത്. ഷിംലയിൽ നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഇൗ മനോഹരയിടം.ഹിമാലയത്തിനു താഴെ സ്ഥിതിചെയ്യുന്നതിനാൽ പച്ചപ്പും മഞ്ഞുപുതച്ച പർവതങ്ങളും ചേർന്ന് സോളനെ സുന്ദരിയാക്കുന്നു. സോളനിൽ പുരാതന ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഉണ്ട്, അത് പ്രതിവർഷം നൂറുകണക്കിന് സഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്നു.
മഷ്റൂം അഥവാ കൂൺ സിറ്റി എന്നാണ് സോളൻ അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മഷ്റൂം പാടങ്ങൾ സ്ഥിതി ചെയ്യുന്നത് സോളനിലാണ്. സോളനിലെത്തുന്ന സഞ്ചാരികൾക്ക് മഷ്റൂം ഫാമുകൾ സന്ദർശിക്കാനും അവിടുത്തെ പ്രവർത്തനങ്ങളും രീതികളും മനസ്സിലാക്കാനുമുള്ള അവസരമുണ്ട്. ചുവന്നുതുടുത്ത തക്കാളിയാണ് ചുവന്ന സുവർണ നഗരം എന്ന പേര് സോളന് നേടിക്കൊടുത്തത്. തക്കാളി ധാരാളമായി കൃഷിചെയ്യുന്ന ഇടമാണ് സോളൻ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമാണശാല സോളൻ ബ്രൂവറി സ്ഥിതി ചെയ്യുന്നത് സോളനിലാണ്.
സഞ്ചാരികളെ കാത്ത് 300 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയും ഈ നഗരത്തിലുണ്ട്. സോളൻ പട്ടണത്തിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച കാൽക്ക-ഷിംല നാരോ ഗേജ് ഹെറിറ്റേജ് റെയിൽവേ ലൈൻ ലോക പൈതൃക സ്ഥാനമായി അംഗീകരിക്കപ്പട്ടിട്ടുണ്ട്.ഫെബ്രുവരി മുതൽ മെയ് വരെയും ഓഗസ്റ്റ് മുതൽ ജനുവരി വരെയും സോളൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലം ഒഴികെ വർഷം മുഴുവനും മനോഹരമായ യാത്രയ്ക്കായി ഈ സ്ഥലം തുറന്നിരിക്കുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ശൈത്യകാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യാം.