എവിടെ പോലീസേ നിങ്ങള്‍ പറഞ്ഞ ആ സമഗ്ര അന്വേഷണം? ഈ ചോദ്യം നാട്ടുകാര്‍ ചോദിക്കുന്നത് കടയ്ക്കല്‍ പോലീസിനോടാണ്. അനന്യ പ്രിയയെന്ന 22 കാരി വിടവാങ്ങി 16 ദിവസം പിന്നിട്ടിട്ടും, ദുരൂഹത ആരോപിച്ച പോലീസ് തന്നെ യാതൊരു അന്വേഷണം നടത്താതെ ഇരുട്ടില്‍ തപ്പുകയാണ്. അനന്യയുടെ മരണത്തിലെ ദുരുഹത കണ്ടെത്തി ആ കുട്ടിക്ക് നീതി ലഭിയ്ക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറായിരിക്കുകയാണ് നാട്ടുകാര്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 29-ാം തീയതിയാണ് കൊല്ലം ജില്ലയില കടയ്ക്കല്‍ സമീപം കുമ്മിളില്‍ എല്‍എസ് നിവാസില്‍ ബിനുവിന്റെയും ബിന്ദുവിന്റെ മകള്‍ അനന്യ പ്രിയയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ കടയ്ക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിലപാടാണ് അവര്‍ സ്വീകരിച്ചത്. പിന്നീട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഇടപെടല്‍ ശക്തമായതോടെയാണ് കടയ്ക്കല്‍ പോലീസ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയത്. തൂങ്ങിമരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാല്‍ മരണ ദിവസം അനന്യ പ്രിയയുടെ വീട്ടില്‍ നടന്ന സംഭവവികാസങ്ങള്‍ സംശയമുണര്‍ത്തുന്നതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്നേ ദിവസം വൈകിട്ട് വളരെ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു പോയ അനന്യ പ്രിയയുടെ മരണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അറിയേണ്ടി വന്ന നാട്ടുകാര്‍ ഞെട്ടലിലാണ്. ഒരിക്കലും അനന്യ പ്രിയ ആത്മഹത്യ ചെയ്യില്ലെന്നും മരണം നടക്കുന്നതിന് അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നു.
അനന്യ പ്രിയ ബോധമില്ലാതെ കുളിമുറിയില്‍ കിടക്കുന്നത് അറിഞ്ഞാണ് നാട്ടുകാര്‍ ഉള്‍പ്പടെ മൂന്നുപേര്‍ വീട്ടിലേക്ക് എത്തുന്നത്. കുളിമുറിയുടെ വാതിലിനു പുറത്ത് ആയി തലയും ശരീരം അകത്തുമായിട്ടാണ് കിടന്നിരുന്നത്. ഇതു കണ്ടയുടനെ അനന്യയെ വീടിന്റെ ഹാളിലേക്ക് കൊണ്ടുപോയി കിടത്തി. വസ്ത്രങ്ങള്‍ മുഴുവന്‍ നനഞ്ഞിരുന്നതിനാല്‍ തണുപ്പ് പിടിച്ച് കിടന്നിരുന്നതാണെന്നും മരണപ്പെട്ടെന്ന് മനസ്സിലായില്ല എന്നും നാട്ടുകാരന്‍ പറഞ്ഞു. വീട്ടില്‍ അമ്മയുള്ള കാര്യം നാട്ടുകാരും അറിഞ്ഞില്ല, എന്നാല്‍ രണ്ട് പുരുഷന്മാര്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ പിന്നീട് ഫോറന്‍സിക് പരിശോധകരും പോലീസും വന്നപ്പോള്‍ മുന്‍പ് പറഞ്ഞത് മാറ്റിപ്പറയുകയാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല. പിന്നീട് ആശുപത്രിയില്‍ അനന്യ പ്രിയയുടെ മൃതദേഹം കാണാന്‍ നാട്ടുകാരായ രണ്ടുപേര്‍ക്കും അവസരം ലഭിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ കയറിട്ടുമുറുക്കിയ പാടും, കവിളിലും നെഞ്ചിലും ചെറിയ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം വെച്ച് പോലീസിനോട് മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു തൂങ്ങിമരണം മാത്രമാണെന്ന നിലപാടാണ് പോലീസുകാര്‍ സ്വീകരിച്ചു പോകുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം രണ്ടു പുരുഷന്മാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മരണം സ്ഥിരീകരിച്ചതോടെ അമ്മയെ ആശുപത്രിയിലേക്ക് എത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതനുസരിച്ച് എത്തിയ അമ്മയുമായി ഡോക്ടര്‍ ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. അവര്‍ അതിനുശേഷം ആണ് വീട്ടിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. മരണദിവസം അനന്യ പ്രിയയുടെ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ ചില പെരുമാറ്റങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. മരിച്ചെന്ന് മനസ്സിലായതിനെ തുടര്‍ന്ന് കഴുത്തില്‍ കുരുക്കിടാന്‍ ഉപയോഗിച്ചു എന്നു പറയുന്ന ഷോള്‍ അമ്മ മാറ്റിയിരുന്നു. എന്തിനാണ് ഷോള്‍ മാറ്റിയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. അമ്മയ്ക്ക് ഒറ്റയ്ക്ക് അനന്യ പ്രിയയെ മാറ്റി കടത്താന്‍ സാധിക്കില്ല. അവരുടെ വീട്ടില്‍ മറ്റ് ആരുടെയോ സാന്നിധ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്ന് നാട്ടുകാര്‍. മരണം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടാണ് അനന്യ പ്രിയയുടെ അമ്മ ബിന്ദുവും അവരുടെ സഹോദരനും ചേര്‍ന്ന് പോലീസിനോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അനന്യ പ്രിയ കുളിമുറയില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടെതെന്നും കുട്ടി മരിച്ചില്ലെന്ന കരുതിയും ഭാവിയോര്‍ത്തുമാണ് കാര്യങ്ങള്‍ അന്നു തന്നെ പോലീസിനോട് പറയാത്തതെന്ന്്. ഈക്കാര്യങ്ങള്‍ എല്ലാം പോലീസ് രേഖപ്പെടുത്തിയെങ്കിലും യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
സംഭവ ദിവസം അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് കടയ്ക്കലിലെ വീട്ടില്‍ ഉണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിക്ക് വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും അനന്യ പ്രിയ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകില്‍ മുട്ടിയിട്ടും തുറന്നില്ല. ഇതോടെ കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാര്‍ എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാല്‍ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തിരുന്നു, അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ 16 ദിവസം പിന്നിട്ടിട്ടും അന്വേഷണം മന്ദഗതിയിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നിരിക്കെ പോസ്റ്റ്‌മോര്‍ട്ടം നടന്ന പാരിപ്പള്ളി മെഡിക്കലല്‍ കോളെജില്‍ ഇക്കാര്യത്തില്‍ വിവിരങ്ങള്‍ തേടുന്നതില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
Content Highlights; The mystery of the death of Ananya, a native of kummil near Kadakkal in Kollam