എല്ലാ മാതാപിതാക്കളും കുട്ടികൾക്ക് നല്ലൊരു സംരക്ഷണവും പരിഗണനയും കൊടുത്തു വളർത്തണം എന്നായിരിക്കും ആഗ്രഹിക്കുക. കുട്ടികളോട് ദേഷ്യപ്പെടാനോ അല്ലെങ്കിൽ വഴക്കു പറയാനോ ഒട്ടുംതന്നെ പല മാതാപിതാക്കളും താല്പര്യപ്പെടാറില്ല. എന്നാൽ കുട്ടികളുടെ ചില പ്രവർത്തികൾ കാണുമ്പോൾ കാര്യം നമ്മുടെ കൈയ്യിൽ നിന്നും പോകാറുണ്ട്. കുട്ടികൾ എന്തേലും കുറുമ്പ് കാണിച്ചാൽ നമ്മൾ എങ്ങനെയാണ് അതിനോട് പ്രതികരിക്കാറുള്ളത്, ചിലപ്പോൾ അടിക്കും അല്ലെങ്കിൽ ദേശ്യപ്പെടും അതുമല്ലെങ്കിൽ ധാർഷ്ട്യത്തോടെ പെരുമാറും ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് കുട്ടികൾ വളരെ അച്ചടക്കത്തോടെ വളരും എന്ന് വിശ്വസിക്കരുത്. പേടി കൊണ്ട് ചിലപ്പോൾ കുറച്ച് സമയത്തേക്ക് ആ പ്രവർത്തി ചെയ്തില്ല എന്ന് വരും പക്ഷേ അതവരുടെ അച്ചടക്കത്തിനുള്ള മാർഗ്ഗമായി കാണരുത്.
കുട്ടിയുടെ സാമൂഹികവും വൈകാരികവും വൈജ്ഞാനികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ അവരുമായി ദൃഢവും സ്‌നേഹപരവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകുന്ന ഒരു സമീപനമാണ് പോസിറ്റീവ് പാരൻ്റിംഗ്.
കുട്ടികൾ പലപ്പോഴും മുതിർന്നവരെ മാതൃകയാക്കുകയാണ് പതിവ്. അതിനാൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന പെരുമാറ്റങ്ങളും മൂല്യങ്ങളും മാതാപിതാക്കൾ സ്വയം പ്രകടിപ്പിക്കുക. ഇതിലൂടെ മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും മറ്റ് ധാരാളം മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സംഭാഷണം ശക്തമായ ആശയവിനിമയം ഉറപ്പിക്കാൻ സഹായിക്കുന്നു. ചെറിയ ചെറിയ വിശേഷങ്ങൾ കുട്ടികൾ പറയുമ്പോൾ അതിനെ ശ്രദ്ധിച്ച് കേട്ടിരിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയുന്നത് മാതാപിതാക്കളോടുള്ള അടുപ്പം കൂട്ടാൻ സഹായിക്കുന്നു.
കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക ‘നീ അങ്ങനെ ചെയ്തതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചേ’ ഇത്തരം കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി കുട്ടികളെ സൗമ്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. അത് ശകാരത്തിലൂടെയാവരുത്. അനാവശ്യ ശകാരങ്ങൾ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. ശിക്ഷയേക്കാൾ മാർഗനിർദ്ദേശത്തിലൂടെ കുട്ടികളെ അനുസരണയോടെ വളർത്താം. പഠനകാര്യങ്ങളിൽ കുട്ടിയെ പ്രോത്സാഹിപ്പിക്കാം . അമിത സമ്മർദ്ദം, വിഷാദം എന്നിവ കുറയ്ക്കുന്നതിലൂടെ കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാഹായിക്കും. ചെറിയ തെറ്റുകൾ കണ്ടെത്തി ശകാരിക്കുന്നതിന് പകരം ചെറിയ കാര്യങ്ങളിൽ വലിയ അഭിനന്ദനങ്ങൾ നൽകുക. അത് കുട്ടിയെ കൂടുതൽ മികച്ച കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.
പോസിറ്റീവ് പാരൻ്റിംഗ് എന്നത് കുട്ടിയുടെ സാമൂഹികവും വൈകാരികവും സ്വയം നിയന്ത്രിക്കാനുള്ള കഴിവുകളും വളർത്തിയെടുക്കലാണ്.
STORY HIGHLIGHT: Positive Parenting