മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏതാനും മാസങ്ങൾക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.
ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്ന് അറിയിച്ച രാം ഗോപാൽ, വൈകാതെ തന്നെ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. രാം ഗോപാൽ വർമ്മയ്ക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് ആരാധ്യ ദേവിയെ ചിത്രത്തിനായി കണ്ടെത്തിയത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത താത്പര്യം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
നടൻ സത്യാ യാദു ആണ് നായകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ആരാധ്യ ദേവിയെത്തുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തം. ഗിരി കൃഷ്ണ കമൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക സാരി ദിനത്തിലാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്.
നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ഫോട്ടകളും വൈറലായിരുന്നു. ഇപ്പോൾ പുറത്തുവന്ന സാരിയുടെ ടീസറും മിനിട്ടുകൾക്കകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
STORY HIGHLIGHT: Aradhya Devi