താൻ കരിയർ തുടങ്ങിയ സമയത്ത് സിനിമയിൽ ഇത്രയും ലഹരി ഉപയോഗം ഉണ്ടായിരുന്നില്ലെന്ന് നടിയും നിർമ്മാതാവുമായ സന്ദ്ര തോമസ്. വളരെ കുറച്ച് പേർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോൾ അങ്ങനെയല്ല. എല്ലാ സെറ്റിലും ഇത് തന്നെയാണ് അവസ്ഥയെന്നും നടി പറയുന്നു. കരിയറിൽ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നപ്പോൾ അറിഞ്ഞ ലഹരി ഉപയോഗത്തിന്റെ വ്യാപ്തിയെ കുറിച്ചും അന്ന് നടനും സഹപ്രവർത്തകനുമായ ചെമ്പൻ വിനോദ് നൽകിയ ഉപദേശത്തെ കുറിച്ചും സാന്ദ്ര തോമസ് മനസ്സ് തുറന്നു.
ഞാൻ രണ്ടാമത് സിനിമ ചെയ്യാൻ തുടങ്ങിയ സമയത്ത് ചെമ്പൻ എന്നെ വിളിച്ച് നീ ഒന്നുകൂടെ ആലോചിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. നീ ഉള്ളപ്പോൾ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോൾ. എല്ലാം മാറി. എല്ലാവരും കെമിക്കൽ ഉപയോഗിക്കുന്ന ആളുകളാണ്. അവിടെ നിനക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് ആലോചിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു.
പുരുഷൻമാരും സ്ത്രീകളും അടക്കം എല്ലാവരും ഇത് ഉപയോഗിക്കുന്നവരാണ്. എങ്ങനെ ഇവരെ മാനേജ് ചെയ്യാൻ പറ്റുമെന്ന് ഒന്നുകൂടെ ആലോചിക്കണമെന്നും പറഞ്ഞു. അതൊന്നും കുഴപ്പമില്ല, നമ്മളിതെത്ര കണ്ടതാണെന്ന് പറഞ്ഞ് വന്നപ്പോഴാണ് ഇത് എളുപ്പമല്ലെന്ന് മനസിലായത്. ഞാനിത്രയും മാനസിക സമ്മർദ്ദത്തിലൂടെ അത് വരെ കടന്ന് പോയിട്ടില്ല. ഈ കഴിഞ്ഞ വർഷങ്ങളിലാണ് ഇത്രയും സമ്മർദ്ദം വന്നത്.
പണ്ടൊക്കെ വിചാരിച്ചത് പ്രൊഡക്ഷൻ എളുപ്പമാണെന്നാണ്. ഇന്ന് പലരും ബോധ മനസോടെയല്ല നിൽക്കുന്നത്. പറഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞാണ് അവർ കേൾക്കുന്നത്. കേട്ടതിന്റെ ഉത്തരമല്ല പറയുന്നത്. ഇന്ന് കമ്മിറ്റ് ചെയ്തതിനെക്കുറിച്ച് നാളെ ചോദിച്ചാൽ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയും. ഇതിനൊക്കെ എന്താണ് പറയുക. ചിലർ പറയുന്നത് എന്റെ വാക്ക് എനിക്കല്ലേ മാറ്റാൻ പറ്റൂ എന്നാണ്. അങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടുക പുരുഷ നിർമാതാക്കൾക്ക് പോലും എളുപ്പമല്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
നേരത്തെ ടിനി ടോം, ബാബുരാജ് എന്നീ താരങ്ങൾ സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നെന്നും ടിനി ടോം തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. മലയാള സിനിമാ രംഗത്ത് ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പൊലീസിന്റെയും അമ്മ അസോസിയേഷന്റെയും കൈവശമുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും കൂടുതലവും ചർച്ചയായത് റിപ്പോർട്ടിലെ ലൈംഗികാതിക്രമങ്ങളാണ്.
content highlight: sandra-thomas-reveals-chemban-vinods-advise