സിനിമ മോഹികളായ ചെറുപ്പാക്കാരെയുള്‍പ്പടെ ഒരു കുടക്കീഴില്‍ നിറുത്തി പുതിയ സംഘടനയുമായി സംവിധായകന്‍ ആഷിക്ക് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്നു. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നതിനുള്ള സജീവ നീക്കം മലയാള സിനിമാ മേഖലയില്‍ നടക്കുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോന്‍ ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഫെഫ്ക് ഉള്‍പ്പടെയുള്ള സിനിമാ സംഘടനയ്ക്കു ബദലായിട്ടാണ് പുതയ സംഘടനയുടെ പിറവിയെന്ന് മലയാള സിനിമാ ലോകത്തു നിന്നുള്ള സംസാരം. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ച് എല്ലാവര്‍ക്കും തുല്യ നീതിയെന്ന തത്വത്തിലാണ് സംഘടന പ്രവര്‍ത്തിക്കുക.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലടക്കം നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന ഫെഫ്ക നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് കഴിഞ്ഞ മാസം 30ന് ആഷിക് അബു രാജിവെച്ചിരുന്നു. ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകന്‍ നടത്തിയതെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം. ഇതിനിടെ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കുന്നത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ചചെയ്യാനിരിക്കെയാണ് സംവിധായകന്റെ രാജിയെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അറിയിച്ചു. വര്‍ഷങ്ങളായി അംഗത്വഫീസ് കുടിശ്ശികവരുത്തിയ ആഷിഖ് അബു അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിനുശേഷം രാജി പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നതായും ഫെഫ്ക ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
തടുര്‍ന്നാണ് ഫെഫ്കയില്‍നിന്ന് കൂടുതല്‍ പ്രമുഖരെ രാജിവെപ്പിക്കാന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശ്രമംതുടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു.ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നിലപാടുകളോട് എതിര്‍പ്പുള്ള ചിലര്‍ രാജി തീരുമാനത്തിലേക്ക് നീങ്ങുന്നതായും, മുതിര്‍ന്ന സംവിധായകരെയടക്കം ബന്ധപ്പെട്ടുകൊണ്ട് പുതിയ സംഘടനയാണ് ലക്ഷ്യമെവന്ന് കഴിഞ്ഞ ദിവസം മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകന്‍ വിനയനെ മുന്‍നിര്‍ത്തിയാണ് ആഷിഖിന്റെ യുദ്ധം. ഫെഫ്കയില്‍നിന്ന് കൂടുതല്‍പ്പേരെ അടര്‍ത്തിയെടുത്തശേഷം വിനയന്റെ നേതൃത്വത്തില്‍ പുതിയൊരു സംഘടനയാണ് ആഷിഖ് അബുവിന്റെ ലക്ഷ്യമെന്നാണ് വിവരം. വിനയന്‍ ഇക്കാര്യങ്ങള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ സര്‍ക്കാരിന്റെ സിനിമാനയരൂപവത്കരണ സമിതിയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുകൊണ്ട് അ ഒരു പോര്‍മുഖം തുറന്നുവെച്ചിരുന്നു. പിന്നീട് ബി. ഉണ്ണികൃഷ്ണന്‍ രാജിവെയ്ക്കുന്നതായി അറിയിച്ചു. ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്നും ഒഴിവായതല്ലെന്നും ഓടി രക്ഷപെട്ടതാണെന്നും വിനയന്‍ പറഞ്ഞത് അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യം മനസിലാക്കിക്കൊണ്ടാണ് വിനയനെ കൂടെ നിറുത്തി പുതിയ സംഘടനയെന്ന് തീരുമാനവുമായി ആഷിഖ് അബുവും സംഘവും മുന്നോട്ട് പോകുന്നത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ മലയാള സിനിമ മേഖലയില്‍ വലിയ പൊട്ടത്തെറികളാണ് ഉണ്ടായിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ നിന്നും 20 പേര്‍ പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്ക്കയ്ക്ക് കത്തു നല്‍കിയിരുന്നതായി ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അനുകൂല നടപടിയെടുക്കുമെന്നാണ് ഫെഫ്ക അറിയിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
Content Highlights; Ashiq Abu with new organization ‘Progressive Filmmakers’