റിലീസിന് പിന്നാലെ ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് പുറത്തിറങ്ങി. ട്രെയിൻ യാത്രികൻ മൊബൈലിൽ ചിത്രം കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് ഹൃദയ ഭേദകമായ കാഴ്ചയാണെന്ന അടികുറിപ്പോടെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. യാത്രക്കാരൻ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് പങ്കുവെച്ചതെന്നും ജിതിൻ പറഞ്ഞു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെത്തിയിരുന്നു. വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനെതിരെ പോലീസിൽ പരാതി നൽകുമെന്നാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കിയത് .
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിങ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, 8 വർഷത്തെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നം നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നവും അധ്വാനവുമാണ് വ്യാജപതിപ്പ് പുറത്തിറങ്ങുന്നതിലൂടെ തകർന്നടിയുന്നത്. തിയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയെ ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുതെന്നും ലിസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങിയിട്ടുണ്ട് . പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതി നല്‍കുമെന്ന് സെക്രട്ടറി ബി.രാകേഷ് പറഞ്ഞു. റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും സൃഷ്ടിക്കുന്നുണ്ട് ഇതിനിടയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്.
കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തിരുന്നത്. ടോവിനോ തോമസിന്റെ അമ്പതാം ചിത്രമായി ഒരുങ്ങിയ എ. ആർ. എം 3 ഡി ചിത്രം കൂടിയാണ്. ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രം മാജിക് ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫനും യുജിഎം മോഷൻ പിക്ചർസ് ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്.
STORY HIGHLIGHT: Ajayante randaam moshanam