Celebrities

അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവം; പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്

ഇതിന്റെ പിന്നില്‍ വേറെ എന്തെങ്കിലും ഒക്കെ ഉണ്ടാകും

റിലീസിന് പിന്നാലെ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ ചിത്രം കാണുന്ന ദൃശ്യങ്ങള്‍ സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് ഹൃദയ ഭേദകമായ കാഴ്ചയാണെന്ന അടികുറിപ്പോടെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. യാത്രക്കാരന്‍ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് പങ്കുവെച്ചതെന്നും ജിതിന്‍ പറഞ്ഞു. ഇപ്പോളിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടൊവിനോ.

‘അത് ഒരു കുലുക്കമോ ഇളക്കമോ ഇല്ലാത്ത പ്രിന്റാണ്. അതെങ്ങനെയാണ് ഒരു പാര്‍ട്ടിക്കുലര്‍ തിയേറ്ററിന്റെ സമ്മതമില്ലാതെ അങ്ങനെ ഒരു പ്രിന്റ് പുറത്തുവരുന്നത്. നിങ്ങള്‍ക്ക് പറ്റുമോ ഒരു ട്രൈപോഡ് പോലുമില്ലാതെ ഒരു ഫുള്‍ സിനിമ ഒരു മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്യാന്‍. ഇതിന്റെ പിന്നില്‍ വേറെ എന്തെങ്കിലും ഒക്കെ ഉണ്ടാകും, എനിക്കറിയില്ല.’ ഒരു സംഘം വിചാരിക്കാതെ ഇങ്ങനെയൊന്നും നടക്കില്ല അല്ലേ എന്നുള്ള ചോദ്യത്തിന്.. എനിക്കറിയില്ല നിങ്ങള്‍ ചോദിച്ച ചോദ്യം ഞാന്‍ നിങ്ങളോട് തന്നെ ചോദിക്കുകയാണ് എങ്ങനെ നടക്കും പറയൂ എന്നാണ് ടോവിനോ തോമസ് പറഞ്ഞത്. ‘നിങ്ങള്‍ കണ്ടിട്ടുണ്ടോ തിയേറ്ററില്‍ ആരെങ്കിലും ഇരുന്ന് ഇങ്ങനെ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നത്, ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കുലര്‍ തിയേറ്ററില്‍ നിന്നാണോ ഇങ്ങനെ പുറത്തു പോകുന്നതെന്ന് അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കാനുള്ള എല്ലാ വകുപ്പുകളും ഉണ്ട്. നിയമസംവിധാനം ഇത്ര ശക്തിയായി ഉണ്ടായിട്ടുപോലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതുപോലെ പ്രേക്ഷകര്‍ തന്നെ തീരുമാനിക്കണം.’ ടൊവിനോ തോമസ് പറഞ്ഞു.

സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെത്തിയിരുന്നു. വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കിയത്. 150 ദിവസങ്ങള്‍ക്ക് മേലെ ഷൂട്ടിങ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍, 8 വര്‍ഷത്തെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നം നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നവും അധ്വാനവുമാണ് വ്യാജപതിപ്പ് പുറത്തിറങ്ങുന്നതിലൂടെ തകര്‍ന്നടിയുന്നത്. തിയറ്റര്‍ എക്‌സ്പീരിയന്‍സ് അനുഭവിക്കേണ്ട സിനിമയെ ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുതെന്നും ലിസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

STORY HIGHLIGHTS: Ajayante Randam Moshanam, Tovino Thomas