നിരവധി സിനിമകളുടെ ഫ്രെയിം ആയി മാറിയ ഒരു വീടുണ്ട് കേരളത്തിൽ. കൊച്ചുതൊമ്മൻ്റെ മകൻ റോയിയ്ക്ക് ഭാവന വളർത്താൻ സഹായിക്കുന്ന യന്ത്രം മിടുമിടുക്കിയായ ഭാവന എന്ന വിൽപ്പനക്കാരി വിറ്റ വീട്. തൻ്റെ ആമിനയെ അന്വേഷിച്ച്, തടിക്കച്ചവടക്കാരൻ്റെയും, ഈന്തപ്പഴ വിൽപ്പനക്കാരൻ്റെയും വേഷത്തിൽ അബ്ദു തൻ്റെ ചങ്ങാതിയോടൊപ്പം വന്നത് ഈ വീട്ടിലേയ്ക്കാണ്. , വീണ്ടും ചില വീട്ടുകാര്യങ്ങൾ കിളിച്ചുണ്ടൻ മാമ്പഴം എന്നീ സിനിമകളിൽ കാണുന്ന വീട്
പാലക്കാട് ജില്ലയിലെ കല്ലുവഴിയെന്ന ഗ്രാമത്തിലാണ് ഈ വീട്. വള്ളൂർ മനക്കാരുടെ ബാങ്ക് കെട്ടിടമായിരുന്നതിനാൽ ‘ബാങ്ക് വീട്’ എന്നാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ വീട് ഒരു കളപ്പുരയായി ഉപയോഗിയ്ക്കപ്പെട്ടു. ഇപ്പോൾ ഇവിടം അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലമാണ്. ഈ പുരയിടത്തിന് ഒരു പറമ്പ് അപ്പുറമായിരുന്നു വള്ളൂർ മന സ്ഥിതി ചെയ്തിരുന്നത്. ആ സ്ഥലമിപ്പോൾ പാമ്പും, മയിലും, കീരിയുമെല്ലാം വിഹരിയ്ക്കുന്ന ഒരു വെറും ഒരു പറമ്പാണ്. മനയ്ക്കലെ ഒരന്തേവാസി ഒരു നാഗത്തിൻ്റെ മാണിക്യം കൈക്കലാക്കാൻ ശ്രമിയ്ക്കുകയും, മാണിക്യം കാണാതായ ദുഃഖത്തിൽ നാഗം മനക്കാരെ ശപിക്കുകയും, മനയുടെ വാതിൽപ്പടിയിൽ തല തല്ലി മരിയ്ക്കുകയും ചെയ്തതിന് ശേഷമാണ് മനയുടെ നാശം ആരംഭിച്ചതെന്നാണ് കഥയെന്ന് ഒരു സമീപവാസികൾ പറയുന്നത്.
നടൻ രാമുവിൻ്റെ ഭാര്യയുടെ തറവാടാണ് ഈ കെട്ടിടത്തിന് തൊട്ടയൽപ്പക്കം. അവിടെ ആൾതാമസമില്ല. അതും പഴയൊരു കൂറ്റൻ വീട്. ജയകൃഷ്ണൻ്റെ മണ്ണാറത്തൊടിയും, നീലകണ്ഠൻ്റെ മംഗലശ്ശേരിയും, ശ്രീഹരിയുടെ ചിറയ്ക്കലും, മേലപ്പറമ്പിൽ ആൺവീടും, പെരുവണ്ണാപുരത്തെ കുറുപ്പൻമാരുടെ കാവുമ്പാട് വീടും, രാഘവൻ നായരുടെ മേലേടത്ത് വീടും, കൂടാതെ, ഗാന്ധിജി സ്വപ്നം കണ്ട മദ്യവിമുക്ത ‘കിണാശ്ശേരി’യുമെല്ലാം തന്നെ ഈ വള്ളുവനാടൻ പരിസരങ്ങളിലാണുള്ളത്.
ഒറ്റപ്പാലം, വാണിയംകുളം, ഷൊറണൂർ, ചേലക്കര, മായന്നൂര്, ചെനക്കത്തൂര് വഴിയൊക്കെ ഒന്ന് അലഞ്ഞ് നടന്ന് നോക്കിയാൽ ഒരുപാട് സിനിമകളുടെ ലൊക്കേഷനുകൾ ഇവിടെ കാണാൻ സാധിക്കും.
Story Highlights ; palakkad house