Celebrities

‘എങ്ങനെയെങ്കിലും ഇയാള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയാല്‍ നമ്മുടെ കാര്യം രക്ഷപ്പെട്ടു’: നൂറാമത്തെ ചിത്രത്തിലും അങ്ങനെ സംഭവിച്ചാല്‍ ചരിത്രമെന്ന് പ്രിയദര്‍ശന്‍

എനിക്ക് ആദ്യത്തെ സിനിമ തന്ന ആളാണ്

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും പ്രിയദര്‍ശനും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചു. കോളേജ് കാലം മുതല്‍ മികച്ച സുഹൃത്തുക്കളായിരുന്ന ഇരുവരും മലയാള സിനിമ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച നടന്‍-സംവിധായക ജോഡികളില്‍ ഒരാളായി ഉയര്‍ന്നു. ഇപ്പോളിതാ മോഹന്‍ലാലിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ നൂറാം ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകുമെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തതില്‍ ഇതുവരെ ഞാന്‍ ഒരു സിനിമയുടെ പോലും കഥ പറയാന്‍ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ധൈര്യമായി പറയാന്‍ പറ്റും എനിക്ക് ആദ്യത്തെ സിനിമ തന്ന ആളാണ് ഇവിടെ ഇരിക്കുന്നത്, സുഹൃത്ത് എന്നുളളതല്ല. എന്റെ ആദ്യത്തെ പ്രൊഡ്യൂസറും ഇവിടെ ഇരിപ്പുണ്ട്. പ്രിയദര്‍ശന്‍ എന്ന് പറയുന്ന വ്യക്തി ഇന്നിങ്ങനെ ഇരിക്കുന്നതില്‍ ഒരു വലിയ പങ്കുവഹിച്ച ആളാണ് ലാല്‍. അതെന്റെ ഒരു ഭാഗ്യമാണ്. പണ്ട് ഞാനും സത്യനും കൂടി ഒരു കാര്യം പറയുമായിരുന്നു, എങ്ങനെയെങ്കിലും ഇയാള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയാല്‍ നമ്മളുടെ കാര്യം രക്ഷപ്പെട്ടു എന്ന്. അങ്ങനെ ആയി. ലാലിനൊപ്പം സിനിമ ചെയ്തതില്‍ ഇതുവരെ ഞാന്‍ ഒരു സിനിമയുടെ പോലും കഥ പറയാന്‍ പോയിട്ടില്ല. എന്തെങ്കിലുമൊന്ന് പറയാന്‍ തുടങ്ങുമ്പോള്‍ ലാല്‍ പറയും വേണ്ട ഞാന്‍ ഡബ്ബിങ് കണ്ടു മനസ്സിലാക്കിക്കൊളാമെന്ന്.’

 ‘മൂന്നു സിനിമ കൂടി ആയിക്കഴിഞ്ഞാല്‍ എന്റെ സംവിധാനത്തില്‍ 100 ചിത്രമാകും. അപ്പോള്‍ ആ നൂറാമത്തെ ചിത്രത്തിലും ലാല്‍ തന്നെ അഭിനയിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതൊരു ചരിത്രം ആകും. മറ്റെവിടെയും അങ്ങനെ നടന്നിട്ടുണ്ടാവുകയില്ല. ആദ്യത്തെ സിനിമയിലെ നായകന്‍ തന്നെ നൂറാമത്തെ സിനിമയിലും നായകനാവുക എന്നുള്ളത്. ആദ്യത്തെ സിനിമയിലെയും നൂറാമത്തെ സിനിമയിലെയും നായകന്‍ ഒരാള്‍ ആകുന്നത് ഒരുപക്ഷേ ആര്‍ക്കും ജീവിതത്തില്‍ സംഭവിച്ചിട്ടില്ലായിരിക്കും.’, പ്രിയദര്‍ശന്‍ പറഞ്ഞു.

STORY HIGHLIGHTS: Priyadarshan about Mohanlal