പിയാനിസ്റ്റിനൊപ്പം മൈ ഹാർട്ട് വിൽ ഗോ ഓൺ എന്ന ഐക്കണിക് ടൈറ്റാനിക് ഗാനം ആലപിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മനോഹരമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. ഇതിനോടകം വീഡിയോ ഇൻസ്റ്റാഗ്രാമിൽ 335 ദശലക്ഷം വ്യൂസുമായി വൈറലായിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെ പിയാനിസ്റ്റ് എമിൽ റെയ്നർട്ട് പങ്കിട്ട വീഡിയോ ആരംഭിക്കുന്നത് മൂന്ന് വയസുകാരിയായ ആഞ്ചെലിക്ക നീറോ പിയാനിസ്റ്റിനോട് മൈ ഹാർട്ട് വിൽ ഗോ ഓൺ എന്ന ഗാനം വായിക്കാൻ ആവശ്യപ്പെടുന്നതിലൂടെയാണ്. എമിൽ പിയാനോ വായിച്ച് തുടങ്ങുമ്പോൾ സന്തോഷത്താൽ തുള്ളുന്ന ആഞ്ചെലിക്ക കൂടി നിന്ന എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. കുഞ്ഞു ഗായികയുടെ പാട്ടിൽ എല്ലാം മറന്ന് നിൽക്കുന്ന ആളുകളെയും വീഡിയോയിൽ കാണാം.
ആഞ്ചെലിക്കയുടെ പാട്ടും കൊഞ്ചലും ശ്രുതിമധുരമായ ശബ്ദവും; കൂടെ പിയാനോയുടെ ഹൃദ്യമായ ഈണവും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ‘അവിശ്വസനീയവും മനോഹരവുമായ നിമിഷമായിരുന്നു’ എന്ന അടികുറിപ്പോടെയാണ് റെയ്നർട്ട് തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത്.
STORY HIGHLIGHT: little girl sings my heart will go on titanic song with pianist