Celebrities

‘എന്റെ മകനെ നോക്കണം’; മരണക്കിടക്കയില്‍ ഭര്‍ത്താവിന് നല്‍കിയ വാക്ക് ഷാരുഖ് ഖാന്‍ പാലിക്കണമെന്ന് നടി

ബോളിവുഡ് താരം ഷാരൂഖ് ഖാനോട് തന്റെ മകനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അന്തരിച്ച ഗായകന്‍ ആദേഷ് ശ്രീവാസ്തവയുടെ ഭാര്യയും നടിയുമായ വിജയ്ത പണ്ഡിറ്റ്. സംഗീതജ്ഞനായ തന്റെ മകന്‍ അവിതേഷ് ശ്രീവാസ്തവയ്ക്ക് സിനിമയില്‍ അവസരം നല്‍കണമെന്നാണ് വിജയ്ത ആവശ്യപ്പെട്ടത്. തന്റെ ഭര്‍ത്താവ് മരിക്കുന്ന സമയത്ത് തന്റെ മകനെ നോക്കിക്കൊള്ളാമെന്ന്് ഷാരൂഖ് ഖാന്‍ വാക്ക് നല്‍കിയിരുന്നെന്നും അത് പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ മകന്‍ അവിതേഷ് വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏക്കോണ്‍, ഫ്രഞ്ച് മൊണ്ടാന എന്നിവര്‍ക്കൊപ്പമെല്ലാം അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ മകന് സിനിമാ മേഖലയില്‍ നിന്ന് പിന്തുണയോ മാര്‍ഗനിര്‍ദേശമോ ലഭിക്കുന്നില്ല. ആദേഷ് ഇന്നില്ലെന്ന് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് അറിയാം. അദ്ദേഹം മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹം ഷാരൂഖിന്റെ കൈയില്‍ പിടിച്ച് എന്റെ മകനെ നോക്കണം എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു. എനിക്കിപ്പോള്‍ ഷാരൂഖിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അദ്ദേഹം എന്റെ മകന് നല്‍കിയ നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്.

ഷാരൂഖ് എന്റെ ഭര്‍ത്താവിന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നുവെന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് താങ്കളെ ഇപ്പോള്‍ ആവശ്യമുള്ള സമയമാണ്. എന്റെ മകനെ നിങ്ങള്‍ സഹായിക്കണം. എന്റെ മകനാണ് എന്റെയും കുടുംബത്തിന്റെയും ഭാവി. ഞാന്‍ ഇപ്പോള്‍ ഒന്നും സമ്പാദിക്കുന്നില്ല. ഷാരൂഖ് ഖാന്‍ ഇന്ന് ഒരു വലിയ താരമാണ്, എന്നാല്‍ എന്റെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ, കുച്ച് കുച്ച് ഹോത്താ ഹേ, രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി അവര്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. ഷാരൂഖിന്റെ വിജയത്തില്‍ എന്റെ സഹോദരങ്ങള്‍ പ്രധാന പങ്കുവഹിച്ചു, ഇതെല്ലാം പരിഗണിച്ച് എന്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം’, വിജയ്ത പണ്ഡിറ്റ് പറഞ്ഞു.

story highlights: Vijayta Pandit about Shah Rukh Khan