മഞ്ഞിന്റെ പുതപ്പണിയിക്കുന്ന മനോഹരമായ ഒരു ഹിമാലയൻ താഴ്‍വരയാണ് സിക്കിം. വിവിധങ്ങളായ കാഴ്ചകളാൽ സഞ്ചാരികളെ എന്നും ആകർഷിച്ചു കൊണ്ടിരിക്കുന്ന സുന്ദര ഭൂമി. കേരളത്തിന്റെ അയൽ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും ചൈനയുമായുമെല്ലാം അതിർത്തി പങ്കിടുന്ന, നിരവധി കൊടുമുടികളും വനങ്ങളും നദികളും ബുദ്ധാശ്രമങ്ങളും നിറഞ്ഞ സിക്കിം ഒരിക്കലും മറക്കാനാകാത്ത നയനസുന്ദര കാഴ്ചകൾ സമ്മാനിക്കുന്നൊരിടമാണ്. ചൂട് നീരുറവകൾ നിറഞ്ഞതും മഞ്ഞുകട്ടകൾ ഒഴുകി നടക്കുന്നതുമായ നൂറോളം നദികളുണ്ട് സിക്കിമിൽ. മഞ്ഞുമേലങ്കി അണിഞ്ഞ പർവത ശിഖിരങ്ങൾ കണ്ണാടിയിലെന്ന പോലെ കാഴ്ചയൊരുക്കുന്ന ഗുരു ഡോങ്ങ്മാർ തടാകം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, ഒരിക്കലും മറക്കുകയില്ലാത്ത സിക്കിമിലെ കാഴ്ചകളിൽ ഒന്നാണ് ഗുരു ഡോങ്ങ്മാർ തടാകം. ബുദ്ധ സന്യാസിയായിരുന്ന പദ്മസംഭവയുടെ നാമത്തിൽ നിന്നാണ് തടാകത്തിനു ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഡോങ്ങ്മാർ എന്നാൽ ‘ചുവന്ന മുഖം’ എന്നാണർത്ഥം.
ഗുരു, ദേഷ്യത്താൽ ചുവന്ന മുഖം കൊണ്ട് ഒരു പിശാചിനെ അവിടെ നിന്നും ഓടിച്ചു വിട്ടന്നുമുതലാണ് ഈ തടാകത്തിനു ഡോങ്ങ്മാർ എന്ന പേര് കൈവന്നത്. ബുദ്ധമത വിശ്വാസികളും സിഖ് മതസ്ഥരും ഒരുപോലെ പവിത്രമായി കാണുന്ന തടാകമാണ് ഡോങ്ങ്മാർ. കടുത്ത ശൈത്യത്തിൽ പോലും ജലമുറഞ്ഞു മഞ്ഞുകട്ടകളാകാത്ത ഒരു ഭാഗമുണ്ട് ഈ തടാകത്തിൽ. ഗുരുവിന്റെ കാലത്തു അതിശൈത്യത്തിൽ ഈ തടാകജലമുറഞ്ഞു കിടക്കുമായിരുന്നു. അന്ന് ഈ പ്രദേശത്തു ജലലഭ്യത വളരെ കുറവായിരുന്നു. ജലമില്ലെന്ന ജനങ്ങളുടെ പരാതി ശ്രവിച്ച ഗുരു, തടാകത്തിലെ ഒരു ഭാഗത്തു സ്പർശിച്ചു. അന്ന് തൊട്ടിന്നോളം ആ ഭാഗത്തെ ജലം ഉറഞ്ഞു കട്ടയായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന ടീസ്റ്റയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണിത്. തണുത്തുറഞ്ഞു കിടക്കുന്ന ഈ തടാകവും ഇതിനു ചുറ്റുമുള്ള മഞ്ഞണിഞ്ഞ മലനിരകളും സമ്മാനിക്കുന്ന അനുഭൂതി അത് അനിർവചനീയമാണ്. കാഞ്ചൻജംഗ,സിനിയോച്ചലു മലനിരകൾ തടാകജലത്തിലും തടാകത്തിനു ചുറ്റിലും ഇതുവരെ അനുഭവിക്കാത്ത കാഴ്ചകളൊരുക്കിയാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. മഞ്ഞുകട്ടകൾ പതിയുറഞ്ഞു ഒഴുകി നടക്കുന്നു. ജലാശയത്തിൽ നിറയെ വെള്ള മലനിരകളുടെ പ്രതിബിംബങ്ങൾ. ഈ തടാകവും തടാകത്തിൽ പ്രതിഫലിക്കുന്ന മലനിരകളുമെല്ലാം സ്വർഗ്ഗസമാനമായ കാഴ്ചകളൊരുക്കുന്നു.
ഓക്സിജന്റെ അളവ് കുറവായതിനാൽ ഈ മലമുകളിൽ അധികനേരം നിൽക്കുന്നത് ചിലപ്പോൾ ശാരീരികമായ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ഗുരു ഡോങ്ങ്മാർ കാണാനെത്തുന്നവർക്കു ഈ ഭാഗത്തോടനുബന്ധിച്ചു തന്നെ വേറെയും ആകർഷക കേന്ദ്രങ്ങളുണ്ട്. പുണ്യസ്ഥലമായി കണക്കാക്കുന്ന സർവ ധര്‍മശാല ഈ തടാകക്കരയോടനുബന്ധിച്ചു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനത്തിനായി നിരവധിപേർ എല്ലാകാലത്തും ഇവിടെയെത്താറുണ്ട്. ടീസ്റ്റ നദിയുടെ മറ്റൊരു പ്രധാന സ്രോതസായ ചോലാമു തടാകക്കരയിലേക്കും ഇവിടെ നിന്നും ഏകദേശം ഒൻപതു കിലോമീറ്റർ ദൂരമേയുള്ളൂ. ഗാങ്ടോക്കിലെ ലാചെനിൽ നിന്നും 174 കിലോമീറ്റർ അകലെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ തടാകമായ ഗുരു ഡോങ്ങ്മാർ സ്ഥിതി ചെയ്യുന്നത്. രാത്രി ലാചെനിൽ താമസിച്ചു പുലർച്ചെ യാത്ര തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഇൻഡോ-ടിബറ്റൻ ബോർഡറിന് ഇവിടെ നിന്നും പതിനൊന്നു കിലോമീറ്റർ മാത്രമാണ് ദൂരം. അതുകൊണ്ടു തന്നെ ഗാങ്ടോക്കിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ വടക്കൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് പ്രവേശനമുള്ളൂ. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടെ സന്ദർശിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയം. നവംബര്‍-ജനുവരി മാസങ്ങളിൽ തണുപ്പ് അല്പം കൂടുതലായിരിക്കും. തണുപ്പിനെ ഇഷ്ടപെടുന്ന സാഹസികർക്കു ട്രെക്കിങ്ങിനു തിരഞ്ഞെടുക്കാൻ ഏറ്റവും പറ്റിയ സമയമാണിത്.
STORY HIGHLLIGHTS : gurudongmar-lake-sikkim