Celebrities

‘മേക്കപ്പ് കസേരയിൽപ്പോലും അടങ്ങിയിരിക്കാനാവില്ല’; രോഗാവസ്ഥ തുറന്ന് പറഞ്ഞ് ആലിയ ഭട്ട് | aliya bhatt

എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്

നാഡി വികാസവുമായി ബന്ധപ്പെട്ട് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലുണ്ടാകുന്ന ഒരു തരം മാനസിക അവസ്ഥയാണ് എ ഡി എച്ച് ഡി. ചെറുപ്പത്തിൽ തന്നെ ഈ അവസ്ഥ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രായമാകുമ്പോഴും ഈ രോ​ഗാവസ്ഥ തുടരും. ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയാൽ ഒരുപരിധിവരെ ഈ ഡിസോഡറിൽ നിന്ന് മുക്തമാകാം എന്നാണ് പറയുന്നത്. മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തുന്നത് അടുത്തിടെയായിരുന്നു. അപ്പോഴാണ് ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതലായി ആളുകൾ അറിയാൻ തുടങ്ങിയത്. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ട് താനും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറയുകയാണ്.

അല്യൂർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഇതേക്കുറിച്ച് പങ്കുവെച്ചത്. എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു. ഒരു മേക്അപ് കസേരയിൽ നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തത്. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് തനിക്കുള്ളതെന്നും ആലിയ പറയുന്നു.

തന്റെ വിവാഹദിനത്തിൽ മേക്കപ്മാൻ ഇതേക്കുറിച്ച് പറയുകയുണ്ടായെന്നും ആലിയ പറയുന്നുണ്ട്. ഇന്ന് രണ്ടുമണിക്കൂർ സമയമെങ്കിലും തനിക്ക് നൽകണമെന്നാണ് മേക്അപ് ആർട്ടിസ്റ്റായ പുനീത് അന്ന് പറഞ്ഞത്. എന്നാൽ തന്നേക്കൊണ്ട് അതിനു കഴിയില്ലെന്നും പ്രത്യേകിച്ച് വിവാഹദിനമായതിനാൽ രണ്ടുമണിക്കൂർ നൽകാനാവില്ല തനിക്ക് ചിൽ ചെയ്യണമെന്നുമാണ് മറുപടി പറഞ്ഞതെന്ന് ആലിയ പറയുന്നു.

നേരത്തേയും മാനസികാരോ​ഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ആലിയ. ഉത്കണ്ഠാ രോ​ഗത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് മുമ്പ് ആലിയ തുറന്നുപറഞ്ഞത്. ഉത്കണ്ഠയെ ട്രി​ഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകും. തനിക്ക് നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നൽകുമെന്നും മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ​ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക എന്നുമാണ് അന്ന് ആലിയ പറഞ്ഞത്. കൂടാതെ വിശ്വാസമുള്ള ഒരാളോട് സംസാരിക്കൂ എന്നും അത് സഹായകമാകുമെന്നും ആലിയ പറഞ്ഞിരുന്നു.

എഡിഎച്ച്ഡി എങ്ങനെ മാറ്റിയെടുക്കാം

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ‘ഇന്‍അറ്റന്‍ഷന്‍’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.

തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.

അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാന്‍ സാധിക്കും.

എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു. തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ നടത്തണം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ചികിത്സ.

content highlight: lia-bhatt-reveals