Celebrities

‘ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുകിയത് അങ്ങനെയാണ്’: ലാലിന് അത് വലിയ സന്തോഷമായെന്ന് സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് ചിത്രങ്ങള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലുമൊത്ത് അദ്ദേഹം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊക്കെ തന്നെയും ഹിറ്റുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരു സമയം കഴിഞ്ഞതുമുതല്‍ മോഹന്‍ലാലും അദ്ദേഹവും ഒരുമിച്ച് ചിത്രം ചെയ്ത് കണ്ടില്ല. താന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതെ വന്നപ്പോള്‍ അത് പ്രയാസമായെന്ന് സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിരുന്നു. അതിന്റെ പേരില്‍ സത്യന്‍ അന്തിക്കാട് മോഹന്‍ലാലുമായി കുറച്ചുനാള്‍ പിണക്കത്തിലായിരുന്നു. ഇപ്പോളിതാ ആ പിണക്കം എങ്ങനെയാണ് മാറിയതെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.

‘ആ സമയത്ത് ആ പിണക്കം മാറിയത് തന്നെ ഒരു രസമാണ്. ആ സമയത്താണ് ഇരുവര്‍ എന്ന സിനിമ റിലീസ് ആയത്. ഇരുവര്‍ കാണാന്‍ ഞാന്‍ തൃശ്ശൂര്‍ പോയിരുന്നു. ഇരുവരിലെ ലാലിന്റെ പെര്‍ഫോമന്‍സ് കണ്ട് ഭ്രമിച്ചു പോയി ഞാന്‍. ആ സമയത്ത് ഞാനും ലാലും തമ്മില്‍ മിണ്ടാതിരിക്കുന്ന കാലമാണ്. ഫോണ്‍ വിളിക്കാതിരിക്കുന്ന കാലമാണ്. സിനിമ കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ പറഞ്ഞു എനിക്ക് മോഹന്‍ലാലിനെ വിളിക്കണമെന്ന്, അപ്പോള്‍ മോഹന്‍ലാല്‍ ഗോവയില്‍ ഏതോ പടത്തിന്റെ ഷൂട്ടിംഗിലാണ്. ഞാന്‍ തൃശ്ശൂര്‍ ഒരു എസ്ടിഡി ബൂത്തില്‍ കയറി ഗോവയില്‍ ശ്രീനിവാസന്റെ മുറിയിലേക്ക് ആണ് ആദ്യം വിളിച്ചു. ഞാന്‍ ചോദിച്ചു മോഹന്‍ലാല്‍ എവിടെയുണ്ടെന്ന്.

‘മോഹന്‍ലാല്‍ അടുത്ത മുറിയില്‍ ഉണ്ടെന്നു ശ്രീനിവാസന്‍ പറഞ്ഞു. ഉറങ്ങിയാലും വിളിച്ചുകൊണ്ടു വരാമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനി അങ്ങനെ റൂമില്‍ പോയി ലാലിനെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ ഞങ്ങള്‍ സംസാരിച്ചു. ആ സിനിമ കണ്ടതോടുകൂടി വലിയൊരു സ്‌നേഹം ലാലിനെ അറിയിച്ചു. അതോടുകൂടി മഞ്ഞുരുകി. ലാലിനും അത് വലിയ സന്തോഷമായി എന്ന് പിന്നീട് പറഞ്ഞു. ഞാന്‍ കുറെ നാളായിട്ട് വിളിക്കാതിരിക്കുകയായിരുന്നു, ആ സിനിമ കണ്ടാല്‍ നമുക്ക് വിളിക്കാതിരിക്കാന്‍ പറ്റില്ല. അത്രയും നമ്മളെ മോഹിപ്പിച്ച സിനിമയായിരുന്നു ലാലിന്റെ.’

‘ഇനി ഭാവിയില്‍ മോഹന്‍ലാലും ഒത്തു പടങ്ങള്‍ ചെയ്യും. ഇപ്പോഴും അതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. പലപ്പോഴും നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് സമയം പൊരുത്തപ്പെടാത്തതുകൊണ്ടാണ് പറ്റാഞ്ഞത്. മോഹന്‍ലാലിനെ വെച്ച് നമുക്ക് ഏത് പ്രായത്തില്‍ വേണമെങ്കിലും അഭിനയിപ്പിക്കാം. മോഹന്‍ലാലിന്റെ മാര്‍ക്കറ്റോ പ്രായമോ ഒന്നും പ്രശ്‌നമല്ല. മാര്‍ക്കറ്റ് ചിലപ്പോള്‍ വീക്ക് ആയേക്കാം ചിലപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയേക്കാം. അതൊക്കെ വിട്ടേക്കാം, ലാലിനെ അഭിനയിപ്പിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്. ഒരു കംഫര്‍ട്ട് ഉണ്ട്. അത് വല്ലാത്ത ഒരു അനുഭവമാണ്.’, സത്യന്‍ അന്തിക്കാട് പറഞ്ഞു.

story highlights: Sathyan Anthikad about Mohanlal