നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ ചലച്ചിത്ര രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ കവിയൂര്‍ പൊന്നമ്മ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.