കൊല്ലം: തന്‍റെ ആദ്യ സിനിമയിൽ തന്നെ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് നടനും എംഎൽഎയുമായ എം മുകേഷ്. അന്തരിച്ച പ്രശ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു മുകേഷ്. എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമമെന്നും മുകേഷ് കുറിച്ചു.
അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ 79 വയസിൽ കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അർബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപ്പടെ ആറ് സഹോദരങ്ങളുണ്ട്.
content highlight: actor-m-mukesh-remembering-kaviyoor-ponnamma