Entertainment

മലയാള സിനിമയുടെ ‘അമ്മ’; ആറു പതിറ്റാണ്ട് കൊണ്ട് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു തീര്‍ത്ത് ആയിരത്തിലധികം ചിത്രങ്ങളില്‍

1962ല്‍ മെറിലാന്‍ഡിന്റെ ശ്രീരാമ പട്ടാഭിഷേകത്തിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം

മലയാള സിനിമയുടെ അമ്മ ആരെന്നു ചോദിച്ചാല്‍ ആദ്യം മനസില്‍ വരുന്ന പേര് കവിയൂർ പൊന്നമ്മയുടെ തന്നെയായിരിക്കും. ആറു പതിറ്റാണ്ടോളം നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ നാടകത്തില്‍ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിര്‍ബന്ധത്താല്‍ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആര്‍ട്‌സ്‌ക്‌ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പതിനാലാം വയസ്സില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.

1962ല്‍ മെറിലാന്‍ഡിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ വരവരിയിച്ചു. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത നിര്‍മാല്യം (1973) കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.

തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രമായിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായിമാറത്. 1980 കളില്‍ മലയള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി പൊന്നമ്മമാറി. 1989ല്‍, ‘ദേവദാസ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ പൊന്നമ്മ ഇക്കാലയളവില്‍ അനായാസം വെള്ളിത്തരയില്‍ അവതരിപ്പിച്ചു. നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഗായികയായും മികവ് പുലര്‍ത്തി. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്‍ ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. സിനിമ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്. പി.എന്‍.മേനോന്‍, വിന്‍സെന്റ്, എം.ടി.വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, കരകാണാക്കടല്‍, തീര്‍ഥയാത്ര, നിര്‍മാല്യം, നെല്ല്, അവളുടെ രാവുകള്‍, കൊടിയേറ്റം, ഓപ്പോള്‍, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.