മലയാള സിനിമയുടെ അമ്മുമുഖം കവിയൂര്‍ പൊന്നമ്മ ഇന്ന് ഓര്‍മ്മയായി. നിരവധി അനവധി വേഷങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇപ്പോള്‍ ഇതാ കവിയൂര്‍ പൊന്നമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണ് നടി ഉര്‍വശി. കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പമുള്ള ജീവിതാനുഭവങ്ങളും ഉര്‍വശി പങ്കുവെച്ചു.
‘ഞങ്ങളുടെ കുടുംബം ആയിട്ട് വലിയ അടുപ്പവും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വന്നു പോയിക്കൊണ്ടിരിക്കുകയും അല്ലെങ്കില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് പൊന്നു ആന്റി[കവിയൂര്‍ പൊന്നമ്മ]. അപ്പോള്‍ ഓര്‍മ്മ എന്ന് പറയാനല്ല, മറക്കാനുള്ള ഒരു സമയം ആയിട്ടില്ല. ഇനി ഒട്ട് ആവുകയും ഇല്ല. കാരണം കുടുംബമായിട്ട് അടുപ്പമുണ്ട്, വീട്ടില്‍ വരും കുടുംബ കാര്യങ്ങള്‍ അന്വേഷിക്കും, എന്റെ ആങ്ങള അമൃത ഹോസ്പിറ്റലില്‍ വളരെ സീരിയസ് ആയിട്ട് കിടന്ന സമയത്ത് എന്റെ അമ്മയെയും ആശ്വസിപ്പിക്കാന്‍ മിക്ക ദിവസങ്ങളിലും ആന്റി വരുമായിരുന്നു.’
‘അമ്മിണി എന്ന് വിളിച്ച് അതേ വാത്സല്യത്തോടെ പെരുമാറുന്നവരായിരുന്നു അവരൊക്കെ. ലളിത ചേച്ചിയും അമ്മയുടെ ഏകദേശം സമപ്രായക്കാരായിരുന്നു. അപ്പോള്‍ അവര്‍ക്കൊക്കെ എന്റെ അമ്മയുടെ സ്ഥാനം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഒറ്റയ്ക്ക് ജീവിച്ചിരുന്ന സ്ത്രീയാണ്. എത്രയോ കാലം, അതിന്റെ ഒരു മുഷിച്ചിലോ ഇറിറ്റേഷനോ ഒന്നും ഒരിക്കലും കാണിക്കാതെ പെരുമാറുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു. ചെന്നൈയിലെ വീട്ടില്‍ കുറെ പട്ടിയും പൂച്ചയും ഒക്കെ ഉണ്ട് എന്നല്ലാതെ വേറെ ആരും കൂട്ടിനില്ല. കുറച്ചു ജോലിക്കാരായിട്ടുള്ള സ്റ്റാഫിനെയൊക്കെ കാണാം. പക്ഷെ ഒരിക്കല്‍ പോലും അങ്ങനെയൊരു മുഷിപ്പ് അല്ലെങ്കില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി എന്ന് പറഞ്ഞ് നമ്മളുടെ മുന്‍പില്‍ വിഷമിച്ച് കാണിക്കില്ലായിരുന്നു ആന്റി. അത് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് തൊണ്ട ഇടറുന്നു. അങ്ങനെ വളരെ അപൂര്‍വ്വം ബന്ധങ്ങളെ ജീവിതത്തില്‍ ഉണ്ടാകൂ.’
‘അവരൊക്കെയാണ് നമ്മളുടെ റോള്‍ മോഡല്‍ ആയിട്ട് നില്‍ക്കുന്നത്. പലകാര്യങ്ങളും നമ്മള്‍ ചിന്തിക്കുമ്പോള്‍ ഈശ്വര ഒരായുസ്സ് മുഴുവന്‍ ഒറ്റയ്ക്ക് ജീവിച്ചവരല്ലേ അപ്പോള്‍ നമ്മള്‍ എത്രയോ ഭാഗ്യവതിയാണ് എന്ന് ഞാന്‍ തന്നെ ചിന്തിച്ചു പോയിട്ടുണ്ട്. ആന്റിയുടെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുകയാണ്. ഇപ്പോള്‍ അത് മാത്രമല്ലേ നമ്മളെക്കൊണ്ട് പറ്റൂ. ഇനിയും കാണാന്‍ നമുക്ക് അവസരം ഉണ്ട്. കാരണം അമ്മയായിട്ട് എത്രയോ സിനിമകളില്‍ അഭിനയിച്ച് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഏത് നിമിഷവും നമുക്ക് കാണാം. ആ ഒരു സന്തോഷം മാത്രം.’ ഉര്‍വശി പറഞ്ഞു.
story highlights: Urvashi about Kaviyoor Ponnamma