കൊച്ചി: നടി കവിയൂർ പൊന്നമ്മയെ അവസാനമായി കാണാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് നവ്യ നായർ. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു നടി. ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുന്നതായും നവ്യാനായർ പറഞ്ഞു. തന്നെ അത്രയധികം സ്നേഹിച്ച ആളാണെന്നും നവ്യ പ്രതികരിച്ചു.
‘ആദ്യം തന്നെ ക്ഷമാപണമാണ് പറയാനുള്ളത്. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല. കണ്ടിരുന്നെങ്കില്‍ എന്നെ തിരിച്ചറിയുമായിരുന്നു. എന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ്. തിരക്ക് കാരണം ചില കാര്യങ്ങള്‍ മാറ്റിവെച്ചതാണ്. എന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്. എപ്പോഴും ചിരിക്കുന്ന മുഖമാണ്. എന്റെ അഭിനയത്തെക്കുറിച്ച് നല്ല മതിപ്പാണ്. പൊന്നൂസേ എന്നാണ് ഞാന്‍ വിളിക്കാറ്. അഡ്മിറ്റ് ആയ സമയത്ത് നാട്ടിലില്ല. എനിക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു അവരുടെ അടുത്ത്’, നവ്യാ നായര്‍ പ്രതികരിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.
20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.
content highlight: navya-nair-reacts-to-the-death-of-actress-kaviyoor-ponnamma