സ്ത്രീ ശക്തിയെ കുറിച്ച് നിരവധി വാദപ്രതിവാദങ്ങൾ ഉയരുന്ന കാലമാണിത്. പക്ഷേ സ്ത്രീയുടെ ശക്തിയെപ്പറ്റി അറിയാൻ പഴയ മിത്തുകളിലേക്കു തിരികെ പോയാൽ മതി, അത്തരമൊരു മിത്താണ് കാമാഖ്യ ദേവീക്ഷേത്രത്തിനു പറയാനുള്ളതും. അസമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻമുകളിലുള്ള ദേവീക്ഷേത്രമാണ് കാമാഖ്യ. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. അച്ഛൻ ദക്ഷൻ നടത്തുന്ന യാഗത്തിന്, പരമശിവന്റെ ഇഷ്ടമില്ലാതെ സതി പോകുമ്പോൾ അവൾക്കുറപ്പുണ്ടായിരുന്നു, ഇരുകൈയും നീട്ടി അച്ഛൻ സ്വീകരിക്കുമെന്ന്. പക്ഷേ അതു വെറുതെയായി. സതിയെ ദക്ഷൻ അപമാനിച്ചു. അതിന്റെ ദുഃഖം താങ്ങാനാകാതെയാണ് സതി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കിയത്. സതിയുടെ കത്തിക്കരിഞ്ഞ ശരീരം കയ്യിൽ എടുത്തു ലോകം മുഴുവൻ അലഞ്ഞു നടന്ന ശിവനെ അതിൽനിന്നു പിന്തിരിപ്പിക്കാൻ മഹാവിഷ്ണു സതിയുടെ ശരീരം പല കഷ്ണങ്ങളാക്കി നുറുക്കി ഓരോ ഭാഗത്തേക്കു വലിച്ചെറിഞ്ഞു.
അതിൽ സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് പിന്നീട് കാമാഖ്യ ക്ഷേത്രമായി പ്രശസ്തിയാര്‍ജിച്ചത്. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്.ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്. സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രവുമാണിത്. എന്നാൽ പെൺമൃഗങ്ങളെ ഇവിടെ ബലി നൽകാറില്ല, ആൺമൃഗങ്ങൾ മാത്രമേ കാമാഖ്യയിൽ ബലിയാക്കപ്പെടാറുള്ളൂ. പൂജയുടെ പ്രസാദമായി ചുവപ്പു നിറത്തിലുള്ള പൂക്കൾ, തുണി എന്നിവ ലഭിക്കും.
ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്.ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ ദിവ്യമായി കരുതുന്നു.
ശബിമല ഉൾപ്പെടെയുള്ള ദേവാലയങ്ങളിലെ സ്ത്രീപ്രവേശനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാലത്താണ് ഒരു ദേവതയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നത് എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ആഘോഷങ്ങളിലൊന്നായി കാമാഖ്യയും മാറേണ്ടതുണ്ട്. എണ്ണിയാലൊടുങ്ങാത്ത സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്ന ഇന്ത്യയുടെ മറ്റൊരു അരികിൽ അവൾ അതേ ശരീരത്തിന്റെ, ശക്തിയുടെ അടയാളമായി ആരാധിക്കപ്പെടുന്നു. കാമാഖ്യയിലെത്താൻ ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.
STORY HIGHLLIGHTS: Kamakhya-Temple-Guwahat-Assam