മലയാള സിനിമയുടെ അമ്മുമുഖം കവിയൂര്‍ പൊന്നമ്മ ഓര്‍മ്മയായി. നിരവധി അനവധി വേഷങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇപ്പോള്‍ ഇതാ കവിയൂര്‍ പൊന്നമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടി ഷീല.
‘ഒന്നും പറയാന്‍ വാക്കുകളില്ല. ഭയങ്കര സങ്കടത്തിലാണ്. ഞങ്ങളൊക്കെ ഭയങ്കര കൂട്ടായിരുന്നു. എന്റെ അമ്മയായിട്ടാണ് എന്നോടൊപ്പം ആദ്യം അഭിനയിക്കുന്നത്. നാടന്‍പ്രേമം എന്ന പടത്തില്‍. അന്നാണ് ആദ്യമായി അവരെ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആരോടും മുഷിച്ച് ഒന്നും പറയില്ല. ഷീലു എന്ന് പറഞ്ഞ് എന്നെ എപ്പോഴും വിളിക്കും. കഴിഞ്ഞ മാസം കൂടി സംസാരിച്ചതേയുള്ളൂ.’
‘വളരെ ചെറിയ പ്രായത്തില്‍ അമ്മ വേഷത്തില്‍ അഭിനയിച്ചവരാണ് അവര്‍.’ ഒരുപാട് പടത്തില്‍ അമ്മയായി അഭിനയിച്ചു. എന്തൊരു കുലീനത്വമാണ് ആ മുഖത്ത്. എന്റെ സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് എനിക്ക്. മനസ്സില്‍ അത്രത്തോളം വിഷമമുണ്ട്. ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അവസാനമായി കാണുന്നത്. അന്നും നടക്കാനൊക്കെ പ്രയാസമായിരുന്നു. ഞങ്ങള്‍ പൊന്നിയെന്നാണ് വിളിച്ചിരുന്നത്.’, ഷീല പറഞ്ഞു.
അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ 79 വയസിൽ കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അർബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.
STORY HIGHLIGHTS: Actress Sheela remembering Kaviyoor Ponnamma