മലയാള സിനിമയിലെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇന്ന് വൈകുന്നേരമാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്‍മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ കവിയൂര്‍ പൊന്നമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മോഹന്‍ലാല്‍.
‘അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍.’
‘മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും..’ മോഹന്‍ലാല്‍ കുറിച്ചു.
അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ 79 വയസില്‍ കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും.
story highlights: Mohanlal remembering Kaviyoor Ponnamma