പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയ്ക്ക് നേരിട്ടെത്തി അന്ത്യോപചാരം അര്‍പ്പിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ലിസി ആശുപത്രിയിലാണ് സുരേഷ് ഗോപി എത്തിയത്. ‘മലയാളത്തിന്റെ അമ്മക്ക്, എന്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍’ എന്ന് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ക്രിസ്ത്യന്‍ ബ്രദേഴ്‌സസ്, മനസിലൊരു മണിമുത്ത് തുടങ്ങി നിരവധി സിനിമകളില്‍ സുരേഷ് ഗോപിയും കവിയൂര്‍ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ 79 വയസില്‍ കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു.
സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും.