മലയാള സിനിമയിൽ മാതൃത്വത്തിന്റെ മുഖമായാണ് കവിയൂർ പൊന്നമ്മ അറിയപ്പെട്ടിരുന്നത്. താരത്തിന്റെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ദുഖത്തിലാഴ്ത്തി. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
അന്നത്തെ കാലത്ത് പരസ്പരം ഇഷ്ടവും ധാരണയുമൊക്കെ ഉണ്ടായിരുന്നെന്ന് കവിയൂർ പൊന്നമ്മ ഇപ്പോഴും പറയുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. പല സെറ്റുകളിലും ആർട്ടിസ്റ്റുകളെ പരസ്പരം കാണാറില്ലെന്നും കവിയൂർ പൊന്നമ്മ ചൂണ്ടിക്കാട്ടി. ഉദ്ഘാടനങ്ങളും അമ്പലങ്ങളിലെ പരിപാടികളും ഉള്ളതിനാൽ സിനിമകൾ ചെയ്യാത്തപ്പോഴും താൻ തിരക്കിലായിരുന്നെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു.
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന ഒട്ടുമിക്ക നടിമാരും ഇന്ന് വിട പറഞ്ഞു. സുകുമാരി, കെപിഎസി ലളിത, മീന, ഫിലോമിന തുടങ്ങിയവരെല്ലാം ഒരേ കാലഘട്ടത്തിൽ കരിയറിൽ തിളങ്ങി നിന്നവരാണ്. കുടുംബ പ്രേക്ഷകർക്കിടയിൽ ഇവർക്കെല്ലാം വലിയ സ്ഥാനം നേടാൻ കഴിഞ്ഞു. ഇവർക്കിണങ്ങുന്ന കഥാപാത്രങ്ങൾ അക്കാലത്ത് തുടരെ ലഭിച്ചിരുന്നു. എന്നാൽ ഇവർക്കിടയിൽ മത്സരമോ മറ്റ് അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ല. പലരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ കവിയൂർ പൊന്നമ്മ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഞങ്ങൾ കുറേ സിനിമകൾ ചെയ്തതാണ്. പക്ഷെ ഞങ്ങൾ ആരെയും വിഷമിപ്പിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ ഒരു ധാരണ ഉണ്ടായിരുന്നു. മീന എന്നെ വിളിച്ച് എടാ, ഇന്ന പടത്തിന് നിന്നെ വിളിച്ചോ എന്ന് ചോദിക്കും. വിളിച്ചു, പക്ഷെ ഞാൻ ചെയ്യുന്നില്ല. തനിക്ക് പറ്റിയ ക്യാരക്ടറല്ലേ താൻ ചെയ്താൽ മതിയെന്ന് ഞാൻ പറയും. ലളിതയാണെങ്കിലും ചേച്ചീ, ഇന്നയാൾ വിളിച്ചിരുന്നോ, അവര് ഈ സിനിമ ചെയ്യാൻ പറയുന്നല്ലോ എന്ന് ചോദിക്കും. നീ ചെയ്യ്, നന്നായിരിക്കുമെന്ന് ഞാൻ പറയും. ഇപ്പോഴൊന്നും അങ്ങനെയല്ല.
19 വയസ്സുള്ളപ്പോഴാണ് കവിയൂർ പൊന്നമ്മ കുടുംബിനി എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായി ആദ്യം അഭിനയിക്കുന്നത്. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർപൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും. മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി മാറി കവിയൂർ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിൽ 1945 സെപ്റ്റംബർ 10 ന് ജനിച്ചു. അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. ലേലം എന്ന ചിത്രത്തിൽ എം.ജി സോമൻ്റെ ഭാര്യയായി അഭിനയിച്ച അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു. അത്രമാത്രമായിരുന്നു ആ അഭിനയം.
തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയുംപാദസരം എന്ന സിനിമയിൽ ടി ജി രവിയുടെയും ഉൾപ്പെടെ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ…’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ 4 തവണ (1971, 72, 73, 94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തീർഥയാത്രയിലെ അഭിനയത്തിന് ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിൽ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവേദ്യമാകുന്നു.
പൂക്കാരാ പൂതരുമോ…., വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ… എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചിട്ടുണ്ട്. ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
content highlight: kaviyoor ponnamma – about-her-friendship