ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് സിനിമയിലെ സഹപ്രവര്‍ത്തകരെ സംബന്ധിച്ച് ഉണ്ടാക്കുന്ന വൈകാരികമായ നഷ്ടം വലുതാണ്. സിനിമയില്‍ ആറ് പതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറ്റവും പുതിയ തലമുറ താരങ്ങളുമായിപ്പോലും ഹൃദയബന്ധം ഉണ്ടായിരുന്നു. കളമശ്ശേരി ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ബിഗ് സ്ക്രീനിലെ അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖരുടെ നിരയെത്തി. ആന്‍റണി പെരുമ്പാവൂര്‍, എന്‍ എം ബാദുഷ, കുഞ്ചന്‍, സിദ്ദിഖ്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ബി ഉണ്ണികൃഷ്ണന്‍, ബാബു ആന്‍റണി, രവീന്ദ്രന്‍, രണ്‍ജി പണിക്കര്‍, മനോജ് കെ ജയന്‍ തുടങ്ങിയവരൊക്കെ കളമശ്ശേരി ടൗണ്‍ ഹാളില്‍ എത്തി. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
പ്രിയ സഹപ്രവർത്തകയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന നടൻ ജനാർദ്ദനൻ. എല്ലാവരും തന്നെ തനിച്ചാക്കി യാത്രയാവുകയാണെന്നാണ് യുട്യൂബ് ചാനലിനോട് സംസാരിക്കവെ ജനാർദ്ദനൻ പറഞ്ഞത്. എന്റെ സ്കൂൾ കാലഘട്ടം മുതൽ എനിക്ക് ചേച്ചിയെ അറിയാം. കാരണം വളരെ നേരത്തെ തന്നെ ചേച്ചി നാടകത്തിൽ എത്തിയിരുന്നു. എന്റെ സഹോദരനൊപ്പം ചേച്ചി നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ചേച്ചിയെ അറിയാവുന്നത്.
പിന്നീട് ഞാൻ സിനിമയിൽ വന്നശേഷം അടുത്ത കുടുംബങ്ങളെപ്പോലെയായിരുന്നു. ഇടയ്ക്കിടെ കാണും. ചേച്ചിയുടെ വിയോഗത്തിൽ എനിക്ക് ഭയങ്കരമായ വിഷമമുണ്ട്. പക്ഷെ എന്ത് ചെയ്യാനാണ്… നമ്മുടെ ആയുസിനെ പറ്റി നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നു. പക്ഷെ പോകാൻ പറ്റിയില്ല. ഈ അടുത്ത കാലത്തായി വളരെ അടുത്ത ആളുകളെല്ലാം പോവുകയാണ്. സുകുമാരിയമ്മയൊക്കെ പോയി.
അതാണ് ഒരു ദുഖം. ഞങ്ങൾ എല്ലാവരും വലിയ പ്രായവ്യത്യാസമില്ലാത്തവരാണല്ലോ… അതുകൊണ്ട് ഇങ്ങനെ മരണ വാർത്ത കേൾക്കുമ്പോൾ എല്ലാവരും എന്നെ തനിച്ചാക്കി പോകുന്നപോലെയാണ് തോന്നുന്നത്. വളരെ വിഷമമുണ്ട്. പ്രാർത്ഥിക്കാൻ അല്ലേ പറ്റുകയുള്ളു…. എന്നാണ് വികാരഭരിതനായി ജനാർദ്ദനൻ പറഞ്ഞത്. വന്ദനം അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് കവിയൂർ പൊന്നമ്മയും ജനാർദ്ദനനും.
ജനാർദ്ദനനും വളരെ സെലക്ടീവായി മാത്രമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. ഏറ്റവും അവസാനം ജനാർദ്ദനനെ മലയാളികൾ കണ്ടത് വോയ്സ് ഓഫ് സത്യനാഥനെന്ന ദിലീപ് സിനിമയിലാണ്. അടുത്തിടെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ജനാർദനനെപ്പറ്റി വികാരഭരിതനായി സംസാരിക്കുന്ന നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലായിരുന്നു. സീ ടിവിയാണ് ജനാർദ്ദനനെ ആദരിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മമ്മൂട്ടി.
content highlight: janardhanan-shared-memories