Celebrities

പണം ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന ആപ്പ് പ്രൊമോട്ട് ചെയ്തത് എന്റെ തെറ്റ്; അത്രത്തോളം ചിന്തിച്ചില്ല, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു | mathew-thomas

ഞാനാണ് അതിന്റെ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കേണ്ടത്

മലയാള സിനിമയുടെ മുൻനിരയിൽ ഭാവിയിൽ കാണാൻ സാധ്യതയുള്ള മുഖങ്ങളിൽ ഒന്നാണ് നടൻ മാത്യു തോമസിന്റേത്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കി നെപ്പോളിയനായി മലയാള സിനിമയിലേക്ക് എത്തിയ മാത്യു വളരെ പെട്ടെന്നാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷൻ നടക്കുന്ന വിവരം മാത്യു അറിഞ്ഞത്. കൂട്ടുകാർക്കൊപ്പം സ്കൂളിൽ നടന്ന ഒരു ഓഡിഷനിൽ ചുമ്മാ തല കാണിച്ചു. കഴിവും ഭാ​ഗ്യവും പിന്തുണച്ചതോടെ നേരെ സിനിമയിലേക്ക്. ആറു വർഷത്തിൽ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. മിക്കവയും സൂപ്പർ ഹിറ്റായി. പ്രേമലുവാണ് മാത്യുവിന്റേതായി മലയാളത്തിൽ അവസാനം റിലീസ് ചെയ്ത സിനിമ.

പുതിയ ചിത്രം കപ്പ് റിലീസിനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് യുവതാരം. നവാഗതനായ സഞ്ജു വി.സാമുവൽ സംവിധാനം ചെയ്ത കപ്പ് സാധാരണക്കാരനായ ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങളുടെ കഥയാണ് പറയുന്നത്. ബാഡ്മിന്റൺ പ്ലെയറാകാൻ മോ​ഹിച്ച് നടക്കുന്ന നിധിൻ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കിട്ടു.

ഒപ്പം ഓൺലൈൻ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും മാത്യു പ്രതികരിച്ചു. അടുത്തിടെ പണം ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന ഒരു ​ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷൻ മാത്യു ചെയ്തിരുന്നു. ശേഷം വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും മാത്യുവിന് എതിരെ ഉയർന്നിരുന്നു. ഈ വിവാദത്തിൽ പ്രതികരിച്ച് തന്റെ ഭാ​ഗത്താണ് തെറ്റെന്നാണ് മാത്യു പറഞ്ഞത്.

വ്യക്തമായി റിസേർച്ച് നടത്താതെയാണ് താൻ പ്രമോഷൻ ചെയ്തതെന്നും യുവനടൻ പറഞ്ഞു. ഓൺലൈൻ ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തിൽ എന്റെ ഭാ​​ഗത്താണ് തെറ്റ്. കാരണം ഞാൻ അതിനെ കുറിച്ച് പ്രോപ്പർ റിസേർച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കേണ്ടത്. അത് ചെയ്യുന്ന സമയത്ത് ഞാൻ അത്രത്തോളം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മിസ്റ്റേക്കാണ്.

ഇനി അത് കറക്ട് ചെയ്യണമെന്നാണ് ഇരുപത്തിയൊന്നുകാരനായ മാത്യു പറഞ്ഞത്. പിന്നീട് അവതാരക മാത്യുവിനെ കുറിച്ച് അറിയുന്നതിന്റെ ഭാ​ഗമായി ആളുകൾ ​​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിര‍ഞ്ഞ ചോദ്യങ്ങളാണ് നടനോട് ചോദിച്ചത്.

പൊതുവെ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ‌ അറിയാൻ ആരാധകർ ആശ്രയിക്കുന്നത് ​ഗൂ​ഗിളിനെയാണ്. അടുത്തിടെ മാത്യുവുമായി ബന്ധപ്പെട്ട് രണ്ട് അപകടങ്ങൾ നടന്നിരുന്നു. അതേ കുറിച്ചും ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞിട്ടുണ്ട്.

ഒന്ന് തന്റെ കുടുംബം വാ​ഹനത്തിൽ സഞ്ചരിച്ചപ്പോഴുണ്ടായ അപകടമാണെന്നും മറ്റൊന്ന് തനിക്കും അർ‌ജുൻ അശോകൻ അടക്കമുള്ളവർക്കും സിനിമാ ഷൂട്ടിനിടെ സംഭവിച്ച അപകടമാണെന്നും മാത്യു വ്യക്തമാക്കി. ആർക്കും സാരമായി ഒന്നും സംഭവിച്ചില്ലെന്നും കുടുംബാം​ഗങ്ങൾ അടക്കം എല്ലാവരും ബെറ്ററായി വരികയാണെന്നും മാത്യു പറയുന്നു. അടുത്തതായി ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് നടന് ഭാര്യയുണ്ടോ എന്നതാണ്.

ആ ചോദ്യം തന്നെ മാത്യുവിന് അമ്പരപ്പ് സമ്മാനിച്ചു. തനിക്ക് ഇരുപത്തിയൊന്ന് വയസ് മാത്രമെയുള്ളുവെന്നും വിവാഹിതനല്ലെന്നും ഭാര്യയില്ലെന്നും നടൻ വ്യക്തമാക്കി. കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ലെന്നും മാത്യു പറയുന്നു. പിന്നീട് യുവനടൻ നസ്ലിൻ ​ഗഫൂറുമായുള്ള സൗഹൃദത്തെ കുറിച്ചാണ് മാത്യു സംസാരിച്ചത്. ഞാനും നസ്ലിനും നല്ല സുഹൃത്തുക്കളാണ്. ഒരേ ജിമ്മിലാണ് ഇപ്പോൾ ഞങ്ങൾ വർക്കൗട്ട് ചെയ്യുന്നത്.

അവനൊപ്പം അഭിനയിക്കുമ്പോൾ വർക്ക് ചെയ്യുകയാണെന്ന് തോന്നാറേയില്ല. അവനിപ്പോൾ പുതിയ സിനിമയ്ക്ക് വേണ്ടി ഫിറ്റ്നസിലും മറ്റും ശ്രദ്ധ കൊടുത്ത് കഠിനമായി വർക്കൗട്ട് ചെയ്യുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ‍തങ്ങൾ ഒത്തുകൂടാറുണ്ടെന്നും മാത്യു പറഞ്ഞു. പ്രേമലുവിന്റെ വൻ വിജയത്തിനുശേഷം തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ട് നസ്ലിന്.

content highlight: mathew-thomas-reacted-to-online-app-promotion