വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. മരിക്കുമ്പോള്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് 79 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യവസ്ഥ ഗുരുതരമായ തുടരുകയായിരുന്ന നടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പതിനാലാം വയസ്സില്‍ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തെത്തുന്നത്. ശേഷം ആറുപതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷത്തില്‍ പകരം വെക്കാനില്ലാത്ത നടിയായി മാറിയ താരമാണ് പൊന്നമ്മ. സത്യനും മധുവും നസീറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും വരെയുള്ള സൂപ്പര്‍ താരങ്ങള്‍ കവിയൂര്‍ പൊന്നമ്മയുടെ മക്കളായി അഭിനയിച്ചിട്ടുണ്ട്.
ആറ് പതിറ്റാണ്ടിനുള്ളില്‍ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു.മലയാള സിനിമയുടെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ. എന്നും സ്‌നേഹനിധിയായി അമ്മയായിരുന്നു പ്രേക്ഷകര്‍ക്കും കവിയൂര്‍ പൊന്നമ്മ. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. ഏകമകള്‍ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ തുറന്ന് പറഞ്ഞിരുന്നു. തന്റെ കരിയറില്‍ ഉണ്ടായ ഒരേയൊരു മോശം അനുഭവം അതാണെന്നാണ് താരം പറഞ്ഞത്. ആ വാക്കുകളിലൂടെ.
”മദ്രാസില്‍ ഷൂട്ടിംഗിന് പോയപ്പോഴാണ്. കവിയൂര്‍ രേവമ്മ എന്ന പ്രശസ്ത ഗായികയുടെ ഹോട്ടലിലായിരുന്നു ഞാന്‍ അന്ന് താമസിച്ചിരുന്നത്. എന്തിനാ വെറുതെ കാശ് കളയുന്നത്, നമുക്ക് ഓഫീസിലേക്ക് മാറാമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. എന്തേ എന്ന് ചോദിച്ചു. എനിക്ക് പറ്റില്ല, അത് തന്നെ എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. ഓ വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ എന്നായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം. വൈജയന്തിമാല പറയുമോ ഇല്ലയോ എന്നറിയില്ല, പക്ഷെ ഞാന്‍ പറയും എനിക്ക് പറ്റില്ല എന്ന് ഞാന്‍ മറുപടി നല്‍കി. ആ ഒരാള്‍ മാത്രമാണ് എന്നോട് അങ്ങനെ പെരുമാറിയത്. മറ്റാരില്‍ നിന്നും എനിക്കൊരു മോശം അനുഭവവും ഉണ്ടായിട്ടില്ല” എന്നാണ് അവര്‍ പറയുന്നത്.
content highlight: kaviyoor-ponnamma-revealed bad experience