ജനഗണമന യിലെ ഉത്കല എന്ന പഴയ പേരു മാറി ഒറീസയായും പിന്നീടത് ഒഡീഷയായും അറിയപ്പെടുന്ന ഇന്ത്യയുടെ ഒരു കിഴക്കൻ സംസ്ഥാനം. വിനോദ് സഞ്ചാരികളുടെ മനസ്സിൽ എന്തോ ഒരു ആകർഷണീയത നിറയ്ക്കാൻ ഈ സ്ഥലങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തമിഴ്‌നാടും ആന്ധ്രയും കഴിഞ്ഞാണ് ഒഡീഷ.
ഒഡീഷയിലേ പൂരി ബൈക്ക് യാത്രികരുടെയും വിദേശ ബാക്ക്പാക്കേഴ്‌സിന്റെയും കേന്ദ്രമാണ് പുരി. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ളൊരു ബീച്ച് സിറ്റി. ചാർദ്ധാമുകളിൽ ഒന്നായ പുരി ജഗന്നാഥ ക്ഷേത്രം ഹൈന്ദവവിശ്വാസികളുടെ പുണ്യ തീർത്ഥടന കേന്ദ്രമാണ്. സുന്ദരമായ കൊത്തുപണികളാൽ സമ്പന്നമായ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിരവധി പ്രതിഷ്ഠകളും ആരാധനകളും നിറഞ്ഞിരിക്കുന്നു.
അന്നദാനവും പൂജകളും ഭജനകളും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്. കൊണാർക്കിലേക്ക് പോയാലും കാഴ്ചകൾ നിരവധിയാണ്. പുരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഏകദേശം 33 കി. മീ. ദൂരമുണ്ട്. തലസ്ഥാന നഗരമായ ഭുവനേശ്വറിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്റർ ദൂരം വരും. വളരെ ദൂരത്തു നിന്നു തന്നെ ആകാശത്തേക്കുയർന്നു നിൽക്കുന്ന ഈ കരിങ്കൽ ക്ഷേത്രം കാണാം. കലിംഗ ആർക്കിടെക്ച്ചറിൽ കൊത്തിയെടുത്ത അതി മനോഹരമായൊരു നിർമ്മിതിയാണ് ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം.
ഒറ്റ നോട്ടത്തിൽ തോന്നുന്ന അത്ഭുതത്തിനപ്പുറം അടുത്തെത്തി സൂക്ഷ്മമായി നോക്കുമ്പോളാണ് യഥാർത്ഥത്തിൽ ഞെട്ടിപ്പോകുന്നത്.
ഏഴു കുതിരകൾ വലിക്കുന്ന ഭീമാകാരമായൊരു രഥത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. പന്ത്രണ്ടു ജോഡികളുള്ള ഇരുപത്തിനാലു ചക്രങ്ങൾ ഇരുവശങ്ങളിലായുണ്ട്. ഏഴു കുതിരകൾ ആഴ്ചയിലെ ഏഴു ദിവസങ്ങളെയും പന്ത്രണ്ടു ജോഡികൾ എന്നത് വർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയും ഇരുപത്തിനാലു ചക്രങ്ങൾ ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറുകളെയും സൂചിപ്പിക്കുന്നു. ഈ ചക്രങ്ങളുടെ നിഴൽ നോക്കിയായിരുന്നുവത്രെ അക്കാലത്തു സമയം നിശ്ചയിച്ചിരുന്നത്. സൂര്യ ഭഗവാൻ സഞ്ചരിക്കുന്നത് ഏഴു കുതിരകളെ പൂട്ടിയ രഥത്തിലാണ് എന്നാണ് സങ്കൽപം. കോൺ, അർക്ക് എന്നീ രണ്ടു പാദങ്ങളിൽ നിന്നാണ് കൊണാർക്ക് രൂപം കൊണ്ടത്. കോൺ എന്നാൽ മൂല, ദിക്ക് എന്നും അർക്ക് എന്നാൽ സൂര്യൻ എന്നുമാണ് അർഥം. അതുകൊണ്ട് സൂര്യന്റെ ദിക്ക് എന്നൊരു വിശേഷണം കൂടിയുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ഗംഗ ഡൈനാസ്റ്റിയിലെ നരസിംഹാദേവ രാജാവാണ് ഇത് പണിതത്. ക്ഷേത്രത്തിന്റെ ചുമരുകൾ മുഴുവൻ കൊത്തുപണികളാൽ അലംകൃതമാണ്. ആരും നോക്കിനിന്നുപോവുന്ന വാസ്തുശില്പ ഭംഗി. ആരെയും വശീകരിക്കുന്ന ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാർ, പുരാണ കഥാപാത്രങ്ങൾ, ഐതീഹ്യങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, അപ്സരസുകൾ, ആനകൾ എന്നിങ്ങനെയുള്ള എന്നിവയുണ്ട്. ചെറുതും വലുതുമായ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിയെടുത്ത് അലങ്കരിച്ചിട്ടുള്ളത്. പുറത്തേക്കുള്ള വഴിയിൽ ഒരു വശത്തായി അനുപയോഗിച്ചിരുന്ന നിരവധി ഇരുമ്പു ബാറുകൾ കാണാം. ഒരടി ഉയരവും ഒരടി വീതിയും പത്തുമീറ്റർ നീളവുമുള്ള ഗംഭീരമായ ഇരുമ്പു തൂണുകൾ. പുറത്തൊരു മാർക്കറ്റുണ്ട്. കൊണാർക്ക് ക്ഷേത്രത്തിന്റെ മാതൃകകളും ശില്പങ്ങളുടെ മിനിയേച്ചർ രൂപങ്ങളും ധാരാളമായുണ്ട്.
Story Highlights ; odisha travel