മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അമ്മ മുഖമാണ് ശ്രീ കവിയൂര്‍ പൊന്നമ്മ. കഴിഞ്ഞ ദിവസമാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവിയൂര്‍ പൊന്നമ്മയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആ വലിയ വട്ടപ്പൊട്ടാണ്. വലിയ പൊട്ടിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പറയുകയാണ് കവിയൂര്‍ പൊന്നമ്മ. കവിയൂര്‍ പൊന്നമ്മയുടെ പഴയ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്റെ ഈ പൊട്ടിന് കാരണം എം എസ് സുബ്ബലക്ഷ്മിയാണ്. ആ അമ്മയുടെ കച്ചേരി കേള്‍ക്കാന്‍ പോയപ്പോള്‍, അന്ന് സ്വര്‍ണ്ണവിഗ്രഹം പോലെയാണ് ഇരിക്കുന്നത്. വൈരമോതിരവും വൈരക്കമ്മലും വൈര നെക്ലസ്സും ഇട്ട് മഞ്ഞ സാരി പുതച്ച് സ്റ്റേജില്‍ ഇരുന്ന് പാടിയതൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് എനിക്ക് തോന്നി എനിക്കും വലിയ പൊട്ട് വേണമെന്ന്. പാട്ടുകാരി ആകണമെന്നാണ് വിചാരിച്ചത് പക്ഷേ അഭിനയം ഏറ്റെടുത്തപ്പോള്‍ സംഗീതം അങ്ങനെ അങ്ങ് പോയി അതാണ് ഉണ്ടായത്.’
‘പിന്നെ സംഗീതത്തിലേക്ക് തിരിച്ചു പോകാന്‍ സമയം കിട്ടിയിട്ടില്ലല്ലോ. പിന്നെ തിരക്കായി പോയി. കുടുംബിനി ഇറങ്ങി.. അന്ന് ചാനല്‍ ഒന്നുമില്ല പത്രക്കാര്‍ ഒക്കെയല്ലേ. സിനിമ സൂപ്പര്‍ ഹിറ്റ് ആയിട്ട് ഓടിക്കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരൊക്കെ ചോദിച്ചു നീ എങ്ങനെയാടി ഈ കൊച്ചുങ്ങളുടെയൊക്കെ അമ്മയായിട്ട് അഭിനയിച്ചതെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അഭിമാനമായി. അതാണ് സത്യം.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു
STORY HIGHLIGHTS: Kaviyoor Ponnamma interview