Celebrities

‘ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരികെ വന്ന അമ്മയെ കണ്ടാണ് ഞാന്‍ ജീവിക്കുന്നത്’: മഞ്ജു വാര്യര്‍

എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു ശക്തിയാണ് അത്

മലയാളികളുടെ പ്രിയ നടിമാരില്‍ മുന്‍നിരയിലുള്ള നടിയാണ് മഞ്ജു വാര്യര്‍. വലിയ ഒരു ഇടവേളക്കുശേഷം ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ജീവിതം പഴയതില്‍ കൂടുതല്‍ സുന്ദരമാക്കാന്‍ സാധിച്ചത് ഒരുപക്ഷേ തന്റെ ചുറ്റുമുള്ളവരെ കണ്ട് വളര്‍ന്നത് കൊണ്ടാകാം എന്ന് പറയുകയാണ് മഞ്ജു വാര്യര്‍.

‘കമല്‍ സാര്‍ അടുത്തിടെ പറഞ്ഞു ഏതൊരു പ്രതിസന്ധി വന്നാലും ചിരിച്ചുകൊണ്ട് നേരിടും എന്ന്. ഒരുപക്ഷേ അതൊക്കെ ഞാന്‍ പഠിച്ചത് എന്റെ അമ്മയുടെ അടുത്തുനിന്നാണ്. അവരെ കണ്ടു വളര്‍ന്നത് കൊണ്ടായിരിക്കാം എനിക്ക് അങ്ങനെ ഒരു ക്വാളിറ്റി കിട്ടിയത് എന്ന് എനിക്ക് തോനുന്നു. അതായത് അച്ഛന് അസുഖമില്ലാതെ വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും അതിനുശേഷം ഇപ്പോഴും അമ്മയുടെ കൂടെ സമയം ചെലവഴിക്കാന്‍ എനിക്ക് സാധിക്കാറില്ല. പക്ഷെ എന്നാലും അതിലൊന്നും ഒരു പരാതിയോ പരിഭവമോ സങ്കടമോ അമ്മ പറയാതെ അമ്മ എന്നെക്കാട്ടില്‍ തിരക്കില്‍ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രവര്‍ത്തനങ്ങള്‍ ഉണ്ട്, ഡാന്‍സ് പഠിക്കുന്നുണ്ട്, പാട്ട് പഠിക്കുന്നുണ്ട്, തിരുവാതിര കളിയുടെ ഒരു ഗ്യാങ് ഉണ്ട് അമ്മയ്ക്ക്, കൂട്ടുകാരൊക്കെ കൂടി യാത്ര പോകാറുണ്ട്.’

‘ഇപ്പോള്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടാകുമോ എന്നൊക്കെ ചോദിക്കും ഞാന്‍. ഞാന്‍ പറയാറുണ്ട് അമ്മയ്ക്ക് അസുഖം വന്നതിനുശേഷം അമ്മ ഇങ്ങനെ ബ്ലോസം ചെയ്ത്.. ഏറ്റവും സുന്ദരമായിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു സ്ത്രീയാണ് അമ്മ. അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ എനിക്കും നാളെ അസുഖമോ എന്തെങ്കിലും സാഹചര്യങ്ങളോ വന്നാല്‍ സുന്ദരമായിട്ട് അതില്‍ നിന്നുമൊക്കെ പുറത്തുവന്ന് ജീവിതം പഴയതിലും സുന്ദരമായിട്ട് ആസ്വദിക്കാം എന്ന് എന്റെ കണ്ണിന്റെ മുന്‍പില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ തന്നെയാണ് സ്വാധീനം എന്ന് പറയുന്നത്. അമ്മ മാത്രമല്ല എല്ലാ സ്ത്രീകളും, ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എവിടെയെങ്കിലും ഒക്കെ ഒരു സ്വാധീനം ഉണ്ടാക്കാറുണ്ട്. സ്ത്രീകളുടെ കാര്യം എടുക്കുകയാണെങ്കില്‍ എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു ശക്തിയാണ് അത്.’ മഞ്ജു വാര്യര്‍ പറഞ്ഞു.

STORY HIGHLIGHTS: Manju Warrier about her mother